ഇസ്ലാമബാദ്: സെനറ്റില്‍ നടന്ന തെരഞ്ഞെടുപ്പില്‍ പാക്കിസ്ഥാന് തെഹ്രീകി-ഇ-ഇന്‍സാഫ്(പിടിഐ) തിരിച്ചടി നേരിട്ടതിന് പിന്നാലെ പ്രധാനമന്ത്രി ഇമ്രാന് ഖാന് വ്യാഴാഴ്ച വൈകിട്ട് രാജ്യത്തെ അഭിസംബോധന ചെയ്യും. ‘മാന്യമായി’ ഇമ്രാന് പടിയിറങ്ങണമെന്ന് പ്രതിപക്ഷം മുറവിളി കൂട്ടുന്നതിനിടെയാണ് രാജ്യത്തെ അഭിസംബോധന ചെയ്യാന്‍ ഒരുങ്ങുന്നത്. ഇന്ന് വൈകിട്ട് ഏഴരയ്ക്ക്(ഇന്ത്യന്‍ സമയം എട്ടിന്) ഇമ്രാന് ഖാന് രാജ്യത്തോട് സംസാരിക്കുമെന്ന് പിടിഐ ട്വീറ്റ് ചെയ്തു.
പ്രതിപക്ഷം രാജി ആവശ്യപ്പെടുന്നതിനിടെ അഭിസംബോധനയുടെ അജണ്ട എന്തെന്നത് വ്യക്തമല്ല. രാജ്യത്തെ അഭിസംബോധന ചെയ്യുന്നതിന് മുന്നോടിയായി പിക്കിസ്ഥാന് സൈനിക മേധാവി ജനറല്‍ ഖമര്‍ ജാവേദ് ബജ്വ, ഐഎസ്ഐ ഡയറക്ടര്‍ ജനറല്‍ ലഫ്. ജനറല്‍ ഫൈസ് ഹമീദ് എന്നിവരുമായി ഇമ്രാന് കൂടിക്കാഴ്ച നടത്തി. ഇമ്രാന് ഖാന് മാന്യമായി രാജിവച്ചൊഴിയണമെന്ന് ഇന്നലെ സംയുക്ത പ്രതിപക്ഷം ആവശ്യമുന്നയിച്ചിരുന്നു.
സര്‍ക്കാരിന്റെ സ്ഥാനാര്‍ഥി ഡോ. അബ്ദുള്‍ ഹഫീസ് ഷെയ്ഖ് സെനറ്റ് തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നായിരുന്നു ഇത്. മുന്‍ പ്രധാനമന്ത്രിയും പാക്കിസ്ഥാന് ഡെമോക്രാറ്റിക് മൂവ്മെന്റ്(പിഡിഎം) സ്ഥാനാര്‍ഥിയുമായ സയിദ് യൂസഫ് റാസ ഗിലാനിയോടായിരുന്നു തോല്‍വി ഏറ്റുവാങ്ങിയത്. 11 പ്രതിപക്ഷ പാര്‍ട്ടികളുടെ സഖ്യമാണ് പിഡിഎം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: