ശാസ്താംകോട്ട: ബ്രാഞ്ച് കമ്മിറ്റികള്‍ മുതല്‍ ജില്ലാ സെക്രട്ടറിയേറ്റ് വരെ എതിര്‍ത്തിട്ടും കുന്നത്തൂരില്‍ കുഞ്ഞുമോന് മതിയെന്ന് സംസ്ഥാന നേതൃത്വം. കുന്നത്തൂര്‍ അസംബ്ലി മണ്ഡലത്തില്‍ കോവൂര്‍ കുഞ്ഞുമോന്റെ സ്ഥാനാര്‍ത്ഥിത്വം അനൗദ്യോഗികമായി എല്‍ഡിഎഫ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചതോടെ കുഞ്ഞുമോനെതിരെ പാര്‍ട്ടിക്കുള്ളില്‍ ഉയര്‍ന്നു വന്ന എതിര്‍പ്പുകള്‍ എല്ലാം പാഴായി.
തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുന്‍പ് തന്നെ സംവരണ മണ്ഡലമായ കുന്നത്തൂരില്‍ സീറ്റ് പിടിച്ചെടുക്കാന്‍ സിപിഎം ഏരിയാ ഘടകം ചില ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളുമായി ചേര്‍ന്ന് ചരടുവലി തുടങ്ങിയിരുന്നു. അതിനായി മണ്ഡലത്തില്‍പെട്ട പ്രധാനപ്പെട്ട രണ്ട് ഏരിയാ കമ്മിറ്റികളില്‍ പെടുന്ന ലോക്കല്‍ബ്രാഞ്ച് തലങ്ങളില്‍ വരെ കുഞ്ഞുമോന്റെ സ്ഥാനാര്‍ഥിത്വത്തിനെതിരെ പ്രചാരണം നടത്തി. അഭിപ്രായം സ്വരൂപിച്ചു. സംസ്ഥാന ഭാരവാഹികള്‍ പങ്കെടുത്ത ശില്പശാലകളില് കുഞ്ഞുമോനെതിരായ പ്രതിഷേധം പ്രാദേശിക നേതാക്കള്‍ പ്രകടമാക്കി.
കുഞ്ഞുമോന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായാല്‍ പ്രവര്‍ത്തനത്തില്‍ നിന്നും വിട്ടു നില്ക്കും എന്ന് ശില്പശാലയില് പങ്കെടുത്ത നേതാക്കള്‍ സംസ്ഥാന ഭാരവാഹികളോട് വ്യക്തമാക്കി. മാത്രമല്ല കുഞ്ഞുമോന്റെ പാര്‍ട്ടിയായ ആര്‍എസ്പി (എല്‍) മൂന്നായി പിരിഞ്ഞെന്നും പ്രധാന നേതാക്കള്‍ എല്ലാം മറുപക്ഷത്താണന്നും ചര്‍ച്ചയുണ്ടായി. പിളര്‍പ്പും തമ്മില്‍തല്ലും കാരണം ദുര്‍ബലമായ ഒരു പ്രസ്ഥാനത്തിന്റെ പ്രതിനിധിക്ക് എല്‍ഡിഎഫിന് വിജയസാധ്യതയുള്ള കുന്നത്തൂര്‍ പോലുള്ള ഒരു മണ്ഡലത്തില്‍ സീറ്റ് നല്‍കരുതെന്നും നേതൃത്വത്തെ അറിയിച്ചു.
20 വര്‍ഷമായി വികസന മുരടിപ്പ് മാത്രം സംഭാവന ചെയ്ത കുന്നത്തൂര്‍ എംഎല്‍എ കോവൂര്‍ കുഞ്ഞുമോന് എല്‍ഡിഎഫിന് തന്നെ നാണക്കേടാണെന്നും ശില്പശാലയില് അഭിപ്രായമുണ്ടായി. താഴെ ഘടകത്തിലുള്ള പാര്‍ട്ടി മെമ്പര്‍മാര്‍ മുതല്‍ ബ്രാഞ്ച്, ലോക്കല്‍കമ്മിറ്റി സെക്രട്ടറിമാര്‍, ഏരിയാ ഭാരവാഹികള്‍ വരെ പങ്കെടുത്ത പരിപാടിയിലെ അഭിപ്രായങ്ങള്‍ സംസ്ഥാന നേതൃത്വം സസൂക്ഷ്മം പരിശോധിച്ചു. സംസ്ഥാനകമ്മിറ്റിക്ക് റിപ്പോര്‍ട്ടും നല്കിയത്രേ. ഇതിനിടെ കുന്നത്തൂരുകാരനും പാര്‍ട്ടി സംസ്ഥാന ഭാരവാഹിയുമായ കെ.സോമപ്രസാദ് എംപിയെ കുന്നത്തൂരെ സ്ഥാനാര്‍ത്ഥിയാക്കാനാണ് സിപിഎമ്മിനുള്ളില്‍ ഈ വിഭാഗീയ നീക്കം ഉണ്ടായതെന്നും ആരോപണമുണ്ടായി.
എന്നാല്‍ കുന്നത്തൂരിലെ പാര്‍ട്ടിയുടെ അഭിപ്രായങ്ങളും ആവലാതികളും ഭീഷണി കത്തുകളും ചവറ്റുകൊട്ടയില്‍ തളളി കുഞ്ഞുമോനെ കുന്നത്തൂരെ സ്ഥാനാര്‍ത്ഥിയാക്കാന്‍ സംസ്ഥാന നേതൃത്വം കഴിഞ്ഞ ദിവസം തീരുമാനിക്കുകയായിരുന്നു. വികസനമല്ല വിജയസാധ്യതയാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിനിര്‍ണ്ണയത്തിന് മാനദണ്ഡമായി സിപിഎം സംസ്ഥാന നേതൃത്വം പരിഗണിക്കുന്നതെന്ന് പാര്‍ട്ടി സംസ്ഥാന നേതൃത്വം ഇതിനകം വ്യക്തമാക്കി കഴിഞ്ഞു. മുഖ്യമന്ത്രിക്ക് കുഞ്ഞുമോനോടുള്ള ദുരൂഹമായ വാത്സല്യമാണ് എതിര്‍പ്പുകള്‍ക്കെല്ലാം പുല്ല് വില നല്കി അദ്ദേഹത്തെ വീണ്ടും കുന്നത്തൂരിലെ സ്ഥാനാര്‍ത്ഥിയാക്കിയതിന് പിന്നിലെന്ന് ആര്‍എസ്പി(എല്‍) ബലദേവ് വിഭാഗം ആരോപിച്ചു. തങ്ങളുടെ പാര്‍ട്ടിക്ക് കുന്നത്തൂരില്‍ ഇക്കുറി സീറ്റ് വേണ്ടന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയെ രേഖാമൂലം അറിയിച്ചതാണന്നും ആര്‍എസ്പി(എല്‍) ഔദ്യോഗിക വിഭാഗം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: