കൊല്ലം: കുണ്ടറ അലിന്റ് തകര്‍ത്തിട്ടും അതിന് ഉത്തരവാദികളായ സോമാനി ഗ്രൂപ്പിനെതിരെ മാറിമാറി വന്ന സര്‍ക്കാരുകള്‍ നടപടികള്‍ സ്വീകരിക്കാത്തതില്‍ വന്‍ കോഴ ഇടപാടുകളുണ്ടെന്ന് ബിജെപി ആരോപിച്ചു. പ്രമോട്ടറുടെ മറവില്‍ രണ്ടുതവണയായെത്തി അലിന്റിനെ തകര്‍ത്ത സോമാനി ഗ്രൂപ്പിന്റെയും ഇടതുവലത് രാഷ്ട്രീയ കൂട്ടുകെട്ടിന്റെയും ഒത്തുകളികളും സാമ്പത്തികഇടപാടുകളും ഭൂമി കുംഭകോണവും സംബന്ധിച്ച് സത്യസന്ധമായ വിവരങ്ങള്‍ പുറത്തുവരാന്‍ സിബിഐ അന്വേഷിക്കണമെന്ന് ദേശീയസമിതി അംഗം എം.എസ്. ശ്യാംകുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
ഇ.പി.ജയരാജന് വ്യവസായമന്ത്രി സ്ഥാനം രാജിവച്ച ഒഴിവില്‍ വ്യവസായമന്ത്രിയായി എ.സി.മൊയ്തീന് സ്ഥാനമേറ്റ ഉടന്‍ മുഖ്യമന്ത്രി അധ്യക്ഷനായി യോഗം ചേരുകയും സോമാനി ഗ്രൂപ്പിന്റെ എല്ലാ നിയമ വിരുദ്ധ നടപടികളും സാധുകരിച്ചും 5000 കോടിയുടെ ആസ്തിയുള്ള കമ്പനി സോമാനി ഗ്രൂപ്പിന് നിരുപാധികം വിട്ടുകൊടുക്കുകയും ചെയ്തു. യോഗത്തില്‍ സ്ഥലം എംഎല്‍എയും മന്ത്രിയുമായ മേഴ്സിക്കുട്ടിയമ്മയും സംബന്ധിച്ചിരുന്നു. 2017 ആഗസ്റ്റ് 17ന് മുഖ്യമന്ത്രി പിണറായി വിജയനടക്കം 5 മന്ത്രിമാര്‍ പങ്കെടുത്തായിരുന്നു ഉദ്ഘാടനമാമാങ്കം.
600 തൊഴിലാളികള്‍ക്ക് നേരിട്ടും 400 പേര്‍ക്ക് പരോക്ഷമായും ജോലി ലഭിക്കുമെന്നായിരുന്നു വാഗ്ദാനം. എന്നാല്‍ കമ്പനി തകര്‍ന്ന് ഇപ്പോള്‍ 40 തൊഴിലാളികള്‍ മാത്രമായി. അലിന്ഡിലെ തൊഴിലാളി കൂട്ടായ്മ ആനുകൂല്യങ്ങള്‍ ലഭിക്കാനായി ഫയല്‍ ചെയ്ത കേസില്‍ കമ്പനി നല്കിയ അഫിഡവിറ്റില്‍ പറഞ്ഞിരിക്കുന്നത് അലിന്‍ഡ് ഒരു എംഎസ്എംഇ യൂണിറ്റ് മാത്രമാണെന്നാണ്.
1989ല്‍ പുനരുദ്ധാരണ പാക്കേജിന്റെ ഭാഗമായി പ്രമോട്ടറായി എത്തി 1994ല്‍ കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡില്‍നിന്നും രാജിവച്ചുപോയ സോമാനി, ഭൂമിവിലയിലുണ്ടായ വര്‍ധനവു മുതലെടുക്കാന്‍ തിരിച്ചുവന്നതാണ്. നിയമവിരുദ്ധമായി കമ്പനി പിടിച്ചടക്കി ഭരണം തുടര്‍ന്നത് കേരളത്തിലെ മാറി മാറി വന്ന സര്‍ക്കാരുകളുടെ പിന്തുണയോടെയാണ്.
സമയാസമയങ്ങളില്‍ ഉന്നതാധികാരകേന്ദ്രങ്ങളില്‍ കാര്യങ്ങള്‍ ബോധ്യപ്പെടുത്തിയില്ല. കമ്പനിയിലെ ഇടതു-വലത് ട്രേഡ് യൂണിയനുകള്‍ നിശബ്ദമായതിന് പിന്നിലും ദുരൂഹതയുണ്ട്. അലിന്‍ഡിന്റെ ഭൂമി മുഴുവന്‍ കാടുകയറി പാമ്പുകളുടെയും സാമൂഹ്യ വിരുദ്ധരുടെയും താവളമായി മാറി. തകര്‍ന്നടിഞ്ഞ കെട്ടിടങ്ങളും തുരുമ്പ് പിടിച്ച യന്ത്രങ്ങളും ഒരുപുനരുദ്ധാരണവും നടക്കുമെന്ന പ്രതീക്ഷയില്ല. കമ്പനിയിലെ ഈ അവസ്ഥയില്‍ എത്തിച്ച ഉദ്യോഗസ്ഥന്മാര്, മന്ത്രിമാര്‍ അടക്കമുള്ളവരുടെ തട്ടിപ്പ് സിബിഐ അന്വേഷിച്ചാലെ പുറത്തുവരുവെന്നും ശ്യാംകുമാര്‍ അറിയിച്ചു.
പത്ര സമ്മേളനത്തില്‍ പാര്‍ട്ടി മേഖലാ വൈസ് പ്രസിഡന്റ് അഡ്വ.ജി.ഗോപകുമാര്‍, കുണ്ടറ മണ്ഡലം പ്രസിഡന്റ് ഇടവട്ടം വിനോദ് എന്നിവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: