ആസന്നമായ തെരഞ്ഞെടുപ്പിനെ നേരിടുമ്പോള്‍ കേരളം ഗൗരവപൂര്‍വ്വം ചര്‍ച്ച ചെയ്യേണ്ട സാമൂഹ്യ സാമ്പത്തിക വിഷയങ്ങളാണ് സുരക്ഷിതമല്ലാത്ത കേരളവും, തകര്‍ന്നടിഞ്ഞ സാമ്പത്തിക രംഗവും. ഒരു വിഭാഗത്തെ പ്രീണിപ്പിക്കുന്ന നടപടികള്‍ സൃഷ്ടിക്കുന്ന വിവേചനവും അസ്വസ്ഥതകളും സാമൂഹികാന്തരീക്ഷത്തെ വഷളാക്കുന്നു. ഇത് കാണാതെ പോയാല്‍ പ്രതിഫലനം താങ്ങാന്‍ കഴിയാത്ത വിധം ഗുരുതരമായിരിക്കും. തിരിച്ചടയ്ക്കാന്‍ കഴിയാത്ത വിധം വാങ്ങിക്കൂട്ടുന്ന കടം കേരളത്തെ കൊണ്ടെത്തിക്കുന്ന സാമ്പത്തിക ദുരന്തം വരുത്തി വയ്ക്കുന്ന വികസന മുരടിപ്പും ഗൗരവമേറിയ പ്രശ്നമാണ്. താല്‍ക്കാലിക നേട്ടത്തില്‍ സംതൃപ്തിയടയുന്നവരുടെ ചിന്താമണ്ഡലത്തില്‍ ഇത്തരം വിഷയങ്ങള്‍ കടന്നു വരാത്തത് കേരളത്തെ ഗുരുതരമായ സാമൂഹ്യ സാമ്പത്തിക പ്രതിസന്ധിയില്‍ കൊണ്ടു ചെന്നെത്തിക്കുമെന്നതില് യാതൊരു സംശയവുമില്ല.
ഈ ദുരന്തത്തില്‍ നിന്ന് കേരളത്തെ രക്ഷിയ്ക്കേണ്ടത് നമ്മുടെ കടമയാണ്. ഇത്തരം സുപ്രധാന വിഷയങ്ങള്‍ കുടുംബത്തിനകത്തും പുറത്തും ചര്‍ച്ച ചെയ്യേണ്ടതുണ്ട്. മതപരമായ പ്രീണനം മൂലം തീവ്രവാദത്തെ അമര്‍ച്ച ചെയ്യാന്‍ മടിക്കുന്ന ഇടതു വലതു രാഷ്ട്രീയം ഭാവിയില്‍ കേരളത്തെ അശാന്തിയിലേക്ക് കൊണ്ടുചെന്നെത്തിക്കുമെന്ന യാഥാര്‍ത്ഥ്യത്തെ ചര്‍ച്ചയാക്കേണ്ടതുണ്ട്. കാശ്മീരി പണ്ഡിറ്റുകളുടെ അവസ്ഥ ഇവിടുത്തെ ഹിന്ദുവിനും ക്രിസ്ത്യാനിക്കും സംഭവിക്കാവുന്ന സാഹചര്യം ഉണ്ടാവുമെന്നതു പോലെ സമാധാനം കാംക്ഷിക്കുന്ന ബഹുഭൂരിപക്ഷം വരുന്ന മുസ്ലീം ജനതയുടെ ജീവിതത്തേയും ഇസ്ലാമിക തീവ്രവാദം ദുരന്തമാക്കിത്തീര്ക്കും. സ്വജനപക്ഷപാതവും അഴിമതിയില്‍ മുങ്ങിക്കുളിച്ച ഇരുമുന്നണികളുടേയും ദുര്‍ഭരണവും വരുത്തിവച്ചു കൊണ്ടിരിക്കുന്ന ദുരന്തം സാധാരണക്കാരന്റെ ജീവിതത്തെ ശ്വാസം മുട്ടിക്കാന്‍ പോന്നതാണ്. സാധാരണക്കാര്‍ക്ക് നീതി ലഭിക്കാനുതകുന്ന ഭരണ സംവിധാനത്തിന് വേണ്ടിയായിരിക്കണം തങ്ങളുടെ വിലയേറിയ സമ്മതിദാനാവകാശം വിനിയോഗിക്കേണ്ടത് എന്ന കാര്യം കുടുംബസദസ്സുകളില്‍ ചര്‍ച്ച ചെയ്യപ്പെടണം. വിശ്വാസികളുടെ മനസ്സില്‍ തീ കോരിയിട്ട ദുരനുഭവത്തിന്റെ ആവര്‍ത്തനത്തിന് ഇനിയൊരിക്കലും സാക്ഷിയാകാന്‍ ഇടവരരുതെന്ന് തീരുമാനിച്ചുറപ്പിക്കാന് എല്ലാവരേയും പ്രേരിപ്പിക്കേണ്ടതാണ്. അത്തരം ദുരന്ത രംഗങ്ങളില്‍ പ്രതിഷേധിച്ചവര്‍ നേരിട്ട കൊടിയ പീഡനങ്ങള്‍ കണ്ടു നിന്ന് ആസ്വദിച്ചവരെ തിരിച്ചറിയാനും അവര്‍ക്ക് ജനാധിപത്യ രീതിയില്‍ തക്കതായ മറുപടി നല്കാന് തയ്യാറാവുകയും വേണം. എന്ത് അനീതിയും സഹിക്കാന്‍ ബാധ്യതപ്പെട്ടവരാണ് എന്ന നിസ്സഹായ ബോധത്തില്‍ നിന്ന് ഉണര്‍ന്നെണീക്കാന്‍, കരുത്തരായി കര്മ്മധീരരാവാന് അവരെ തയ്യാറാക്കണം.
തകര്‍ന്നടിഞ്ഞു കൊണ്ടിരിക്കുന്ന സാമ്പത്തികരംഗം കേരളത്തെ കൊണ്ടു ചെന്നെത്തിക്കുന്ന ദുരന്തത്തെക്കുറിച്ച് ഗൗരവമായിത്തന്നെ ചര്‍ച്ച ചെയ്യണം. കിഫ്ബി എന്ന മാന്ത്രികച്ചെപ്പിനുള്ളില്‍ ഒളിച്ചിരിക്കുന്ന വിനാശകാരിയായ ദുര്‍ഭൂതത്തെക്കുറിച്ച് വിശദീകരിക്കേണ്ടതുണ്ടു. യാതൊരു വിധ പരിശോധനകള്‍ക്കും വിധേയമാക്കാതെ കടം വാങ്ങിക്കൂട്ടാനുള്ള ഈ കൃത്രിമ സംവിധാനം ഭാവിയില്‍ കേരളത്തെ കരകയറാന്‍ കഴിയാത്ത കടക്കെണിയിലാണ് എത്തിക്കുന്നത്. പെരുപ്പിച്ചു കാണിക്കുന്ന നിക്ഷേപ സങ്കല്പങ്ങളുടെ അടിസ്ഥാനത്തില്‍ ഏറ്റെടുക്കുന്ന പദ്ധതികള്‍ പൂര്‍ത്തീകരിക്കുമ്പോള്‍ അതിന് നല്‍കേണ്ടതായി വരുന്ന പണം അടുത്തെങ്ങും മടക്കി നല്കാന് കഴിയാത്ത സാമ്പത്തിക ബാദ്ധ്യതയിലേക്ക് ചെന്നെത്തുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ആവാസ് യോജന പദ്ധതി പേരു മാറ്റി ലൈഫ്മിഷനാക്കിയപ്പോള് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് അധികമായി കണ്ടെത്തേണ്ടതായി വരുന്ന സാമ്പത്തിക ബാദ്ധ്യതയ്ക്കായി ഏറ്റെടുക്കേണ്ടി വരുന്ന വായ്പകള്‍ തിരിച്ചടയ്ക്കുമ്പോള്‍ ആ സ്ഥാപനങ്ങള്‍ കടക്കെണിയില്‍ വീഴും. പുതുതായി വരുമാനമാര്‍ഗങ്ങള്‍ ഉണ്ടാകാനുള്ള സാഹചര്യം സൃഷ്ടിക്കാതെ മദ്യത്തെയും ലോട്ടറിയേയും ആശ്രയിച്ച് എത്ര കാലം മുന്നോട്ടു പോവാന്‍ കേരളത്തിന് കഴിയും.
ഭാരിച്ച പാഴ്ചെലവ് കൊണ്ട് പൊറുതിമുട്ടുകയാണ് കേരളം. രാഷ്ട്രീയ അഴിമതിയില്‍ മുങ്ങിക്കുളിച്ച് നില്‍ക്കുന്നവര്‍ക്ക് ഭരണപരമായ പിന്തുണയ്ക്കായി അനാവശ്യമായ തസ്തികകള്‍ സൃഷ്ടിച്ച് മറ്റൊരു തരത്തില്‍ പ്രീണനം നടത്തിക്കൊണ്ടിരിക്കുന്നു. അതുമൂലം രാഷ്ട്രീയ മേലാളന്മാരുടെ സ്തുതിപാഠകര്‍ അവരുടെ താളത്തിനൊത്തുതുള്ളിക്കൊണ്ട് നീതിപൂര്‍വ്വം നിര്‍വ്വഹിക്കേണ്ട ജോലിയില്‍ ഗുരുതരമായ വീഴ്ചകള്‍ വരുത്തിക്കൊണ്ടിരിക്കുന്നു. രാഷട്രീയവും മതപരവുമായി പ്രവര്‍ത്തിക്കുന്ന പോലീസുകാരില്പ്പെട്ടവര് ക്രമസമാധാന രംഗം വഷളാകുന്നതിന് കാരണക്കാരായി മാറുന്നു. പി. എസ്.സി. യില്‍ മറ്റൊരു സംസ്ഥാനത്തുമില്ലാത്ത വിധം പെരുപ്പിച്ച അംഗസംഖ്യയാണുള്ളത്. അംഗങ്ങളുടെ യോഗ്യതയുടെ മാനദണ്ഡമാകട്ടെ രഷ്ട്രീയ വിധേയത്വം മാത്രം. ഈ കമ്മീഷന് പിന്‍വാതില്‍ നിയമനത്തിലൂടെ അതിന്റെ പ്രസക്തി നഷ്ടപ്പെടുത്തുകയും ചെയ്തിരിക്കുന്നു. കെടുകാര്യസ്ഥത മൂലം സാമ്പത്തിക രംഗം താറുമാറായിരിക്കുന്നു.
കേരളം എത്തിച്ചേര്‍ന്ന ഈ ഗുരുതരസാഹചര്യത്തില്‍ അതിജീവിക്കാന്‍ വഴികണ്ടെത്തുകയാണ് സമ്മതിദായകരുടെ അടിയന്തര ഉത്തരവാദിത്തം. ഇത് ശരിയായി നിര്വ്വഹിച്ചില്ലെങ്കില് നമ്മുടെ തലമുറയും വരുംകാല കേരളവും വലിയ ദുരന്തത്തെയായിരിക്കും നേരിടേണ്ടി വരിക. തെരഞ്ഞെടുപ്പ് കാലത്തെ കൂട്ടായ്മകളില്‍ കേരളത്തിന്റെ യഥാര്‍ത്ഥ സ്ഥിതിയായിരിക്കട്ടെ ചര്‍ച്ചാ വിഷയം. കുടുംബസദസ്സുകളിലും സുഹൃദ് സദസ്സുകളിലും ഇത് തുടരണം. മാറ്റത്തിന് പുതിയ രീതികളുണ്ടാകട്ടെ.
ജെ. സോമശേഖരന്‍ പിള്ള
പ്രതികരിക്കാൻ ഇവിടെ എഴുതുക: