ഗ്രാമീണ ഭാരതത്തില്‍ വന്‍ മാറ്റങ്ങള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നു. പാവപ്പെട്ട കുടുംബങ്ങള്‍ തങ്ങള്‍ക്ക് അപ്രാപ്യമായ സ്വപ്നമെന്ന് കരുതിയവ സ്വായത്തമാക്കുന്നു. 2016 മെയ് ഒന്നിന് ഉത്തര്‍ പ്രദേശിലെ ബെല്ലിയ ജില്ലയില്‍ ചടങ്ങില്‍ സംസാരിക്കവെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ പുകയെരിയുന്ന അടുപ്പുകളില്‍ വിപ്ലവം സൃഷ്ടിക്കുന്ന പ്രഖ്യാപനം നടത്തിയത്. പ്രധാനമന്ത്രി ഉജ്ജ്വല്‍ യോജന പദ്ധതിയായിരുന്നു അത്. അടുപ്പില്‍ പുകയൂതി ജീവിതം കഴിച്ചുകൂട്ടിയ സ്ത്രീകള്‍ക്ക് ഏറെ സമാശ്വാസം നല്‍കുന്നപദ്ധതി. 2011 ലെ സാമൂഹ്യ സാമ്പത്തിക സര്‍വ്വെ അനുസരിച്ചുള്ള സ്ഥിതിവിവര കണക്കുകള്‍ പ്രകാരം ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള വീടുകളിലാണ് പാചകവാതകം എത്തിക്കാന്‍ തീരുമാനിച്ചത്. 2016 ആഗസ്റ്റ് 14 ന് പശ്ചിമബംഗാളില്‍ പദ്ധതിക്ക് തുടക്കമായി. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള രാജ്യത്തെ കുടുംബങ്ങള്‍ക്ക് സൗജന്യ എല്‍പിജി കണക്ഷന് നല്കാന് ഉദ്ദേശിച്ചാണ് പദ്ധതിക്ക് തുടക്കമിട്ടത്. ബെല്ലിയ നഗരം തെരഞ്ഞെടുക്കാന്‍ കാരണമായി പറഞ്ഞത് അന്ന് ആ നഗരം ഏറ്റവും കുറഞ്ഞ എല്‍പിജി കണക്ഷനുള്ള നഗരമെന്നതായിരുന്നു. എന്നാല്‍ ഉജ്ജ്വല്‍ പദ്ധതിയില്‍ ഇന്ന് ഉത്തര്‍പ്രദേശ് അടക്കം വന്‍ മുന്നേറ്റമാണ് സൃഷ്ടിച്ചിരിക്കുന്നത്.
പുകയെരിഞ്ഞ അടുപ്പുകളുടെ സ്ഥാനത്ത് പാചകവാതക അടുപ്പുകള്‍ വീടുകളിലെത്തുന്നു. സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന ഒരുകോടി പാവപ്പെട്ട കുടുംബങ്ങളെ കൂടി പ്രധാനമന്ത്രി ഉജ്വല പദ്ധതിയില്‍ ഉള്‍പ്പെടുത്താനുള്ള കേന്ദ്ര സര്‍ക്കാറിന്റെ പുതിയ തീരുമാനം ഗ്രാമീണ ഭാരതത്തില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാക്കും. രാജ്യത്തെ എല്‍പിജി ഉപഭോക്താക്കളില്‍ മൂന്നിലൊന്നു പേരും ഉജ്വല പദ്ധതിയില്‍ അംഗങ്ങളാവുന്നു എന്നതും ഇവിടെ ശ്രദ്ധേയമാണ്.
രാജ്യത്തെ സര്‍വ്വ സാധാരണക്കാരുടെ ജീവിതം മാറ്റിമറിക്കുന്ന സുപ്രധാന പദ്ധതികളിലൂടെയാണ് നരേന്ദ്രമോദി സര്‍ക്കാര്‍ ലോക ശ്രദ്ധയാകര്‍ഷിച്ചത്. അതിലേറ്റവും പ്രധാനം ഉജ്വല പദ്ധതി തന്നെ. പാവപ്പെട്ടവര്‍ക്ക് സൗജന്യ പാചകവാതകം ലഭ്യമാക്കുന്ന പദ്ധതി കേന്ദ്രസര്‍ക്കാരിന്റെ ജനക്ഷേമ നയങ്ങള്‍ ബിജെപി സര്‍ക്കാറിന്റെ സാമ്പത്തിക സമീപനത്തെകൂടി വ്യക്തമാക്കുന്നതാണ്. കേന്ദ്രസര്‍ക്കാര്‍ ആവിഷ്കരിച്ച ജനക്ഷേമ പദ്ധതികള്‍ ഊന്നല്‍ നല്‍കിയത് അവസാന വരിയിലെ അവസാനത്തെ ആളിന് ഗുണപ്രദമാകുന്ന തരത്തിലുള്ളതായിരുന്നു. വികസനത്തിന്റെ ഗുണഭോക്താക്കളാകേണ്ടത് ഗ്രാമീണ ജനതയാണെന്ന മഹാത്മജിയുടേയും ദീനദയാല്‍ജിയുടേയും സങ്കല്‍പ്പമാണ് യാഥാര്‍ത്ഥ്യമാകുന്നത്.
ഭാരതത്തില്‍ ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള 24 കോടി കുടുംബങ്ങളില്‍ 10 കോടി കുടുംബങ്ങള്‍ക്ക് എല്‍പിജി അന്യമാണ്. വിറകും കല്‍ക്കരിയും ചാണക വരളിയും ഉപയോഗിച്ചാണ് ഇവരുടെ പാചകം. ലോകത്തില്‍ ഏറ്റവുമധികം പാചകവാതക പുക ശ്വസിച്ചുള്ള മരണങ്ങള് സംഭവിക്കുന്ന സമയത്താണ് 2016 മെയ് ഒന്നിന് പ്രധാനമന്ത്രി നരേന്ദ്രമോദി ഉജ്വല പദ്ധതി പ്രഖ്യാപിച്ചത്. എട്ടു കോടി കുടുംബങ്ങള്‍ക്കാണ് ഇതുവരെ പദ്ധതിയുടെ പ്രയോജനം ലഭിച്ചത്. ഒരു കോടി ആളുകളിലേക്ക് കൂടി ഉജ്വല പദ്ധതി വ്യാപിപ്പിക്കുമ്പോള്‍ വലിയ സാമൂഹ്യ മാറ്റത്തിനാണ് മോദി സര്‍ക്കാര്‍ വഴിവെക്കുന്നത്. ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള സ്ത്രീകള്‍ക്ക് അഭിമാനത്തിന്റെ നിമിഷം കൂടിയാണിത്. രണ്ടുവര്‍ഷത്തിനകം ഇത്രയധികം പേര്‍ക്ക് കൂടി സൗജന്യമായി എല്‍പിജി കണക്ഷനുകള്‍ നല്‍കാനാണ് പെട്രോളിയം മന്ത്രാലയം ലക്ഷ്യമിടുന്നത്. പശ്ചിമബംഗാളിലെ 2.3 കോടി കുടുംബങ്ങളില്‍ പാചകവാതകം എത്തിക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്.
ഗ്രാമീണ മേഖലകളിലെ ഇനിയും എല്‍പിജി കണക്ഷന് ലഭിച്ചിട്ടില്ലാത്ത ബിപിഎല്‍ വിഭാഗത്തിലുള്ള സ്ത്രീകള്‍ക്ക് പദ്ധതിയില്‍ അപേക്ഷിക്കാം. രാജ്യത്തെ ആകെ എല്‍പിജി ഉപഭോക്താക്കള്‍ 29 കോടി ആണ്. ഇതില്‍ പ്രധാനമന്ത്രിയുടെ ആഹ്വാനപ്രകാരം എല്‍പിജി സബ്സിഡി വേണ്ടെന്ന് വെച്ച് ഉജ്വല പദ്ധതിയെ സഹായിച്ചവരുടെ എണ്ണം 75 ലക്ഷം കടന്നിരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: