വിദേശ നാണയ വിനിമയ ചട്ടം ലംഘിച്ച് കടം വാങ്ങിയതിന് കിഫ്ബിക്കെതിരെ കേസെടുത്ത എന്‍ഫോഴ്സ്മെന്റ് ഡയറക്ടററേറ്റിന്റെ നടപടി അഴിമതിക്കെതിരെ നിലകൊള്ളുന്ന, അത് അവസാനിച്ചു കാണാന്‍ ആഗ്രഹിക്കുന്ന ഏതൊരാളും സ്വാഗതം ചെയ്യും. കേന്ദ്ര സര്‍ക്കാരിന്റെ അനുമതിയില്ലാതെയാണ് ലണ്ടന്‍ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ മസാല ബോണ്ടിറക്കി കിഫ്ബി 2000 കോടിയിലേറെ രൂപ വായ്പയെടുത്തതെന്നും, ഇത് ഭരണഘടനാ ലംഘനമാണെന്നും സിഎജി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രാഥമിക അന്വേഷണം നടത്തുകയും, റിസര്‍വ് ബാങ്കുമായി ആശയവിനിമയം നടത്തുകയും ചെയ്ത ശേഷമാണ് ഇഡി കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കിഫ്ബിയുടെ സിഇഒ: കെ.എം. എബ്രഹാം, ഡപ്യൂട്ടി മാനേജിങ് ഡയറക്ടര്‍ വിക്രംജിത് സിങ്, കിഫ്ബിയുടെ പ്രധാന ബാങ്കായ ആക്സിസ് ബാങ്കിന്റെ മുംബൈ മേധാവി എന്നിവരോട് ചോദ്യം ചെയ്യലിന് കൊച്ചിയില്‍ ഹാജരാവാന്‍ ഇഡി ആവശ്യപ്പെട്ടിരിക്കുകയാണ്. വിദേശ കടമെടുപ്പുമായി ബന്ധപ്പെട്ട് ബാങ്കിന്റെ നടപടികള്‍ സംശയാസ്പദമാണെന്നും ഇഡി കരുതുന്നു. ഇതോടെ വളരെക്കാലമായി ഈ പ്രശ്നത്തില്‍ ഉരുണ്ടുകളിക്കുന്ന ധനമന്ത്രി തോമസ് ഐസക്കിനുമേല് നിയമത്തിന്റെ പിടിവീഴുമെന്ന് ഉറപ്പായിരിക്കുകയാണ്. ഇഡിയുടെ നടപടിക്കെതിരെ പ്രകോപനപരമായ പ്രസ്താവനകളുമായി ഇറങ്ങിയിട്ടുള്ള ഐസക്ക് ഭയം മറച്ചുപിടിക്കാന്‍ ശ്രമിക്കുകയാണെന്നു വ്യക്തം.
സംസ്ഥാന സര്‍ക്കാരിന്റെ കീഴിലുള്ള ഏതെങ്കിലും സ്ഥാപനത്തിന് വിദേശത്തുനിന്ന് കടമെടുക്കണമെങ്കില്‍ കേന്ദ്ര സര്‍ക്കാരിന്റെ അനുവാദം വേണം. നികുതിപ്പണം ഉപയോഗിച്ചാണ് കടത്തിന്റെ തിരിച്ചടവ് എന്നതിനാല്‍ കിഫ്ബി സര്‍ക്കാര്‍ സ്ഥാപനമാണ്. എന്നാല്‍ ബോഡി കോര്‍പ്പറേറ്റാണെന്ന് ആവര്‍ത്തിച്ച് നിയമലംഘനം ന്യായീകരിക്കാനാണ് തോമസ് ഐസക് തുടക്കം മുതല്‍ ശ്രമിക്കുന്നത്. സിഎജി നടത്തിയ പരിശോധനയില്‍ ഐസക്കിന്റെ അവകാശവാദം തെറ്റാണെന്ന് തെളിഞ്ഞിരുന്നു. റിസര്‍വ് ബാങ്കിന്റെ അനുവാദത്തോടെയാണ് വിദേശത്തുനിന്ന് കടമെടുത്തതെന്ന് ഐസക് പറഞ്ഞത് ശരിയായിരുന്നില്ല. ഇങ്ങനെയൊരു അധികാരം കിഫ്ബിക്ക് ഇല്ലെന്നും സിഎജി കണ്ടെത്തിയിരുന്നു. ഈ വിവരങ്ങള്‍ നിയമവിരുദ്ധമായി ചോര്‍ത്തി നല്കി രാഷ്ട്രീയ വിവാദം സൃഷ്ടിച്ച് രക്ഷപ്പെടാനാണ് ഐസക് ശ്രമിച്ചത്. മന്ത്രിയെന്ന നിലയ്ക്ക് നിയമസഭയുടെ അവകാശം ലംഘിച്ച ഐസക് രാഷ്ട്രീയ കാരണങ്ങളാല്‍ എത്തിക്സ് കമ്മിറ്റിയുടെ നടപടിയില്‍നിന്ന് രക്ഷപ്പെട്ടിരുന്നു. ഇതില്‍ അഹങ്കരിച്ച് നിയമലംഘനങ്ങളെ ന്യായീകരിച്ചുപോരുന്നതിനിടെയാണ് ഇഡിയുടെ നടപടി ഐസക്കിനെ വെട്ടിലാക്കിയിരിക്കുന്നത്. കിഫ്ബിയുടെ ഇടപാടുകള്‍ ദുരൂഹമാണെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന് കഴിഞ്ഞ ദിവസം വിമര്‍ശിച്ചിരുന്നു.
കിഫ്ബിയുടെ മറവില്‍ വലിയ അഴിമതിയാണ് ഐസക് നടത്തിയിട്ടുള്ളത്. അഴിമതികൊണ്ടു നിറഞ്ഞ ഒരു സര്‍ക്കാരിനെ നയിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനും ഇതിന് കൂട്ടുനിന്നു. കിഫ്ബി ഇറക്കിയ കടപത്രത്തിന്റെ ഭൂരിഭാഗവും വാങ്ങിയത് ലാവ്ലിന് കമ്പനിയുടെ ഉപകമ്പനിയായ സിഡിപിക്യൂ ആണെന്നതും ഇതിനൊരു കാരണമാവാം. പിണറായി പ്രതിയായ അഴിമതിക്കേസിലെ വിവാദ കമ്പനിയാണ് എസ്എന്‍സി ലാവ്ലിന്. കേരളം പ്രത്യേക രാജ്യമാണെന്ന മട്ടിലാണ് കിഫ്ബിയുടെ ഭരണഘടനാ ലംഘനങ്ങളെ ഐസക് ന്യായീകരിച്ചുപോന്നത്. ഇക്കാര്യത്തില്‍ ഒരു സാമ്പത്തിക കുറ്റവാളിയെപ്പോലെയാണ് ഈ മന്ത്രി പെരുമാറിക്കൊണ്ടിരുന്നത്. ഇഡി കേസെടുത്തതോടെ കണക്കുകൂട്ടലുകള്‍ തെറ്റിയിരിക്കുന്നു. ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യുന്നതോടെ പല വിവരങ്ങളും പുറത്തുവരും. അന്വേഷണം ഐസക്കിലേക്ക് എത്തുകയും ചെയ്യും. ഐസക് ഇത് മുന്നില്‍ കാണുന്നുണ്ട്. ഇതിനാലാണ് നേരത്തെ സിഎജിയുടെ നടപടി രാഷ്ട്രീയ പ്രേരിതമാണെന്നു പറഞ്ഞതുപോലെ ഇപ്പോള്‍ ഇഡിക്കെതിരെയും കുപ്രചാരണം നടത്തുന്നത്. അഴിമതിയെ വച്ചുപൊറുപ്പിക്കാത്ത നരേന്ദ്ര മോദി സര്‍ക്കാരിനു കീഴില്‍ അന്വേഷണ ഏജന്‍സികള്‍ കുറ്റം ചെയ്തവരെ കണ്ടുപിടിക്കും. ഐസക് വീരവാദം മുഴക്കിയതുകൊണ്ടൊന്നും ഇത് തടയാനാവില്ല. ഐസക്കിനുള്ള കുരുക്ക് ഇനിയങ്ങോട്ട് മുറുകും. ചങ്ങാത്ത മുതലാളിത്തത്തിന്റെ ഈ ദല്ലാളിനെ രക്ഷിക്കാന്‍ രാജ്യത്തിനകത്തും പുറത്തുമുള്ള യജമാനനന്മാര്ക്ക് കഴിയില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: