കൊച്ചി: കേന്ദ്രാനുമതിയില്ലാതെ വിദേശ ഫണ്ട് സ്വീകരിച്ച കിഫ്ബിക്കെതിരെ കേസെടുത്ത് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി). കേസിന്റെ ഭാഗമായി സിഇഒ കെ.എം. എബ്രഹാം, ഡപ്യൂട്ടി സിഇഒ എന്നിവരെ ചോദ്യം ചെയ്യും. അടുത്തയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നോട്ടീസ്.
കിഫ്ബിയുടെ പ്രധാനബാങ്കായ ആക്സിസ് ബാങ്കിനോടും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കിഫ്ബിയ്ക്കെതിരെയുള്ള സിഎജി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടന്ന അന്വേഷണത്തില്‍ വ്യാപകമായ ക്രമക്കേട് ബോധ്യമായ പശ്ചാത്തലത്തിലാണ് കേസ്.
മസാല ബോണ്ടുവഴി 2150 കോടി രൂപ സമാഹരിക്കുന്നതിന് സര്‍ക്കാര്‍ അനുമതി വാങ്ങിയിരുന്നോ എന്ന വിവരം ഇഡി റിസര്‍വ്വ് ബാങ്കിനോട് ആരാഞ്ഞിരുന്നു. ഇത് വിദേശ നാണയ വിനിമയ ചട്ടം ലംഘിച്ചാണോ എന്ന വിവരവും അന്വേഷണ പരിധിയില്‍ വരും. കിഫ്ബിക്കു വേണ്ടി മസാലബോണ്ടില്‍ ആരെല്ലാം നിക്ഷേപിച്ചു, ആ നിക്ഷേപകരുടെ വ്യക്തി വിവരങ്ങള്‍ തുടങ്ങിയവയും അന്വേഷിക്കും. രാജ്യത്തിന് പുറത്ത് നിന്ന് സംസ്ഥാനങ്ങള്‍ കടമെടുക്കരുതെന്ന ഭരണഘടനാ അനുച്ഛേദത്തിന്റെ ലംഘനമായാണ് മസാല ബോണ്ട് വഴി കിഫ്ബി പണം സമാഹരിച്ചതെന്നും സിഎജി കണ്ടെത്തിയിരുന്നു. പലിശ സഹിതം ഈ കടമെടുപ്പ് സംസ്ഥാനത്തിന് 3100 കോടിയുടെ ബാധ്യതയാണ് വരുത്തിയിരിക്കുന്നത്.
കഴിഞ്ഞ ദിവസം കേരളത്തിലെത്തിയ കേന്ദ്ര ധനമന്ത്രി കേരളാബജറ്റ് കിഫ്ബി ബജറ്റാണെന്ന് ആരോപണമുന്നയിച്ചിരുന്നു. കിഫ്ബി വഴി വായ്പയെടുത്ത പണമാണ് കേരള ബജറ്റിലെ പദ്ധതികള്‍ക്ക് വകയിരുത്തിയിരിക്കുന്നതെന്നും അവര്‍ ആരോപിച്ചിരുന്നു. ഇതിന് ഷെയിം ഓണ്‍ യൂ എന്ന രീതിയിലായിരുന്നു ധനമന്ത്രി തോമസ് ഐസക്കിന്റെ പരാതി. മസാല ബോണ്ട് വഴി ഉയര്‍ന്ന പലിശ നിരക്കില്‍ പണം സമാഹരിച്ചതിനെ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും നേരത്തെ ചോദ്യം ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: