തൃച്ചംബരത്ത് പെരുമാള്‍ക്കുചെറുപ്പമെന്ന-
ങ്ങുച്ചൈവിളിച്ചു പറയുന്നിതു ലോകരെല്ലാം
വിശ്വം ചമയ്ക്കുമുടനേയതു കാത്തഴിക്കും
വിശൈ്വക നാഥനുളിപ്പുരയെന്നപോലെ
ഈ ശ്ലോകം തൃച്ചംബരം ലോകം മുഴുവന്‍ അറിയുന്ന ഒരു പുണ്യസ്ഥലമാണെന്ന് സാക്ഷ്യപ്പെടുത്തുന്നു. കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്പിലുള്ള തൃച്ചംബരം ക്ഷേത്രത്തിലെ മഹോത്സവവും ആചാരാനുഷ്ഠാനങ്ങളാല്‍ വിഖ്യാതമാണ്.
14 നാള് നീളുന്ന ഉത്സവത്തിന് ഒട്ടേറെ സവിശേഷതകളുണ്ട്. ശ്ലോകത്തില്‍ പറഞ്ഞതുപോലെ തൃച്ചംബരത്തപ്പന് ചെറുപ്പമാണ്. അതായത് ഉണ്ണിക്കൃഷ്ണനാണ്. കംസവധ ശേഷമുള്ള ഭഗവാന്റെ ഭാവമാണ് ഇവിടുത്തെ കണ്ണനെന്നാണ് വിശ്വാസം. പ്രിയ ജ്യേഷ്ഠനായ ബലരാമന് കണ്ണന്റെ കളിക്കൂട്ടുകാരന് കൂടിയാണ്. ബലരാമകൃഷ്ണന്മാരുടെ ലീലകളാല്‍ സമ്മോഹനമാണ് കുംഭത്തില്‍ കൊടിയേറുന്ന തൃച്ചംബരം ക്ഷേത്രോത്സവം.
തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ നിന്ന് അര കിലോമീറ്റര്‍ അകലെ ദേശീയ പാതയിലുള്ള പൂക്കോത്ത് നടയിലാണ് പ്രധാന ഉത്സവം നടക്കുന്നത്. ജ്യേഷ്ഠനായ ബലരാമന് സ്വന്തം ക്ഷേത്രമായ മഴൂരില്‍ നിന്നും എഴുന്നള്ളി 14 ദിവസം അനുജന്റെ ക്ഷേത്രത്തില്‍ താമസിക്കണം.
തൃച്ചംബരത്ത് നിന്നും ഏകദേശം 8 കിലോമീറ്റര്‍ അകലെയാണ് മഴൂര്‍ ക്ഷേത്രം. കൊടിയേറ്റ ദിവസം മദ്ധ്യാഹ്നത്തിന് മുന്‍പ് ചോയ്യാമ്പി എന്ന സ്ഥാനപ്പേരുള്ള തമിഴ് ബ്രാഹ്മണന് കൊടിമരം കഴുകി ശുദ്ധിയാക്കും. പരശുരാമന് കണ്ഡിന ഗ്രാമത്തില്‍ (ദ്വാരക) നിന്നും വരുത്തിയ പരദേശി ബ്രാഹ്മണനാണ് ചോയ്യാമ്പി. ആ പരമ്പരയില്‍പ്പെട്ടവരാണ് ഇപ്പോഴും ചോയ്യാമ്പി സ്ഥാനം അലങ്കരിക്കുന്നത്. അവര്‍ ഇപ്പോള്‍ ഈ ദേശത്ത് സ്ഥിരതാമസക്കാരാണ്.
‘ഗോവിന്ദ’ വിളികളാന് മുഖരിതമായ അന്തരീക്ഷത്തില്‍ തന്ത്രി, പാക്കം മുതലായ കര്‍മ്മികള്‍ ചേര്‍ന്ന് ധ്വജാരോഹണം നടത്തുന്നു. പിന്നീട് തിടമ്പെഴുന്നള്ളിക്കുന്ന പാക്കം തളിപ്പറമ്പ് ശ്രീ രാജരാജേശ്വര ക്ഷേത്രത്തിലെത്തി തളിപ്പറമ്പത്തപ്പന് നെയ്യമൃത് വെച്ച് തൊഴുത് തൃച്ചംബരം കൊടിയേറിയതായി അറിയിക്കുന്നു. തിരികെ തൃച്ചംബരത്തെത്തുന്ന പാക്കം, ശ്രീകൃഷ്ണ മുദ്രയായ വെള്ളികെട്ടിയ ചൂരല്‍ വടി ചോയ്യാമ്പിക്ക് ക്ഷേത്ര നടയില്‍ വച്ച് കൈമാറുന്നു. ഇത് ഏറ്റു വാങ്ങുന്ന ചോയ്യാമ്പിയും ഒരു മാരാര്‍, ഒരു പൊതുവാള്, ഒരു ഭണ്ഡാരി (ഭണ്ഡാരി ലോപിച്ച് നാട്ടുകാര്‍ ഇപ്പോള്‍ പണ്ടാരി എന്നാണ് പറയുന്നത്. ക്ഷേത്രത്തിനകത്തെ ഭണ്ഡാരം സൂക്ഷിപ്പ് ചുമതലയാണ് പണ്ടാരിക്ക്), ഒരു മാറാടി (പന്തത്തിനുള്ള എണ്ണ എടുക്കുന്നയാള്‍), ഒരു വാര്യര്‍ എന്നിവര്‍ അടങ്ങുന്ന ആറംഗ സംഘം വൈകീട്ട് മഴൂര്‍ ശ്രീ ധര്‍മ്മികുളങ്ങര ക്ഷേത്രത്തിലേക്ക് പുറപ്പെടുന്നു.
ഭണ്ഡാരി, മാറാടി തുടങ്ങിയവര്‍ തളിപ്പറമ്പ് ദേശത്തെ ഓരോ സമുദായങ്ങളില്‍പ്പെട്ടവരാണ്. ചോയ്യാമ്പിയുടെ നേതൃത്വത്തില്‍ മഴൂരിലേക്ക് പോകുന്ന സംഘത്തില്‍ തൃച്ചംബരം ദേശവാസികളും ഉണ്ടാകാറുണ്ട്. മന്ന, കാഞ്ഞിരങ്ങാട് വഴി മഴൂരിലേക്ക് പോകുമ്പോള്‍ മഴൂര്‍ ക്ഷേത്രത്തിലേക്കുള്ള വഴിയിലെ മഴൂര്‍ കുന്നില്‍ എത്തിയാല്‍ സംഘം ‘ഗോവിന്ദ, ഗോവിന്ദ, ഗോവിന്ദ…’ എന്ന ആരവം മുഴക്കുന്നു. മഴൂരിലേക്ക് ആളുകള്‍ എഴുന്നള്ളുന്നു എന്നതിന്റെ സൂചകമായാണിത്.
ആറംഗ സംഘത്തിലെ ചോയ്യാമ്പി ഒഴികെയുള്ളവര്‍ കാല് കഴുകി വൃത്തിയാക്കിയ ശേഷം മാത്രമേ ബലരാമ ക്ഷേത്രത്തില്‍ പ്രവേശിക്കുകയുള്ളു. ചോയ്യാമ്പിക്ക് നേരിട്ട് ക്ഷേത്രത്തിലേക്ക് പ്രവേശിക്കാം. അദ്ദേഹം ശ്രീകോവിന് മുന്നിലെത്തി മണിയടിച്ച് മുദ്രവടി ശ്രീകോവില്‍ പടിയില്‍ സമര്‍പ്പിക്കുന്നു. തുടര്‍ന്ന് ചോയ്യാമ്പി ‘തൃച്ചംബരം ക്ഷേത്രത്തില്‍ കൊടിയും മുളയും നിവര്‍ന്നു, ഭഗവാന് ബലഭദ്ര സ്വാമി എഴുന്നള്ളണം, എഴുന്നള്ളണം, എഴുന്നള്ളണം’ എന്ന് വിളിച്ചോതുന്നു. ക്ഷേത്രം മേല്‍ശാന്തി ചോയ്യാമ്പിയുടെ കാല് കഴുകി പ്രസാദം നല്കി ഉപചാരപൂര്‍വ്വം സ്വീകരിക്കുന്നു. സംഘത്തിന് ക്ഷേത്രത്തില്‍ സദ്യയും ഒരുക്കുന്നു.
അന്നേ ദിവസം രാത്രി ബലരാമ വിഗ്രഹം ക്ഷേത്രത്തിന് പുറത്തേക്ക് എഴുന്നള്ളിച്ച് അടയാള വടി ചോയ്യാമ്പിക്ക് തിരികെ നല്കുന്നു. തിടമ്പ,് ക്ഷേത്രത്തിന് വലം വച്ച് ചോയ്യാമ്പിക്കും സംഘത്തിനുമൊപ്പം തൃച്ചംബരത്തേക്ക് പുറപ്പെടുകുയും ചെയ്യുന്നു.
തൃച്ചംബരം ക്ഷേത്രത്തിന്റെ കിഴക്കെ നടയില്‍ എത്തുന്ന ബലരാമന് ക്ഷേത്ര മുറ്റത്തേക്കുള്ള പടികളില്‍ വളഞ്ഞ് പുളഞ്ഞ് നൃത്തം ചെയ്താണ് തിരുമുറ്റത്ത് എത്തുന്നത്. സമാപന നാളിലെ ‘കൂടിപ്പിരിയല്‍’ ചടങ്ങ് വരെ ബലരാമനും ശ്രീകൃഷ്ണനും ഒന്നിച്ചാണ് പൂജകള്‍ നടക്കുക. ബലരാമന് മഴൂര്‍ ക്ഷേത്രത്തില്‍ തിരിച്ചെഴുന്നള്ളുന്നതുവരെ അവിടെ ബലരാമനായി പൂജാദി കര്‍മ്മങ്ങള്‍ ഇല്ല.
ബലരാമന് തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രത്തിലേക്ക് പുറപ്പെടുന്നത് പടഹാദി വാദ്യങ്ങളോടും 8 പന്തങ്ങളുടെ അകമ്പടിയോടുമാണ്. എന്നാല്‍ തിരികെ എഴുന്നള്ളുമ്പോള്‍ നാമമാത്രമായ വാദ്യവും 4 പന്തങ്ങളും മാത്രമാണ് ഉണ്ടാവുക. ഇത്തവണ കുംഭം 22 നാണ് തൃച്ചംബരത്ത് കൊടിയേറ്റ്.
എം.ആര്. മണി ബാബു
പ്രതികരിക്കാൻ ഇവിടെ എഴുതുക: