വാഷിങ്ടണ്‍: ഉപയോക്താക്കളുടെ അനുവാദമില്ലാതെ സ്വകാര്യ വിവരങ്ങള്‍ കൈകാര്യം ചെയ്തതിന് 65 കോടി ഡോളര്‍ നഷ്ടപരിഹാരം നല്കാന് ഫേസ്ബുക്കിനോടാവശ്യപ്പെട്ട് അമേരിക്കന്‍ ഫെഡറല്‍ കോടതി. ഫേസ്ബുക്ക് ഫോട്ടോ ഫേസ് ടാഗിങ്ങും മറ്റ് വിവരങ്ങളും ഉപയോക്താക്കളുടെ അറിവില്ലാതെ ഉപയോഗിച്ചുവെന്ന ഇല്ലിനോയ്സിലെ ഉപയോക്താക്കളുടെ പരാതിയിലാണ് കോടതി ഉത്തരവ്. 2015ലാണ് ഫേസ്ബുക്കിനെതിരെ പരാതി നല്‍കിയത്.
കോടതി ഉത്തരവിന് പിന്നാലെ പ്രതികരണവുമായി ഫേസ്ബുക്ക് രംഗത്തെത്തി. പരാതി തീര്‍പ്പ് കല്പ്പിച്ചതില് സന്തോഷമുണ്ട്. അതിനാല്‍ ഈ വിഷയത്തെ മറികടക്കാന്‍ സാധിക്കും. സ്ഥാപനത്തിന്റെയും ഓഹരി ഉടമകളുടെയും താത്പര്യമതാണെന്നും ഫേസ്ബുക്ക് വക്താവ് അറിയിച്ചു.
ചിക്കാഗോ അറ്റോര്‍ണി ജായ് എഡല്സണാണ് ഇല്ലിനോയ്സിലെ ഫേസ്ബുക്ക് ഉപയോക്താക്കള്‍ക്ക് വേണ്ടി പരാതി നല്‍കിയത്. ഇല്ലിനോയ്സിലെ സ്വകാര്യതാ നിയമത്തിനെതിരെയാണ് ഫേസ്ബുക്ക് പ്രവര്‍ത്തിച്ചതെന്ന് അദ്ദേഹം പരാതിയില്‍ വ്യക്തമാക്കി. 2020 ജനുവരിയില്‍ 550 കോടി ഡോളര്‍ നഷ്ടപരിഹാരം നല്‍കാമെന്ന് ഫേസ്ബുക്ക് അറിയിച്ചിരുന്നു. എന്നാല്‍, അത് പോരായെന്ന് ജൂലായില്‍ ഫെഡറല്‍ കോടതി ജഡ്ജി ജെയിംസ് ഡോണാറ്റോ അറിയിച്ചു.
ഫേസ്ബുക്കിനെതിരെ സ്വീകരിച്ച ഈ നടപടി സുപ്രധാന നാഴികക്കല്ലാണെന്നും ഡിജിറ്റല്‍ സ്വകാര്യതയുടെ ചൂഷണത്തിനെതിരെയുള്ള മികച്ച വിജയമാണിതെന്നും ജെയിംസ് ഡൊണാറ്റോ പ്രതികരിച്ചു. സ്വകാര്യതാ നിയമം ലംഘിച്ചതിന് ലഭിച്ചിട്ടുള്ള നഷ്ടപരിഹാരങ്ങളില്‍ ഏറ്റവും വലിയ തുകകളിലൊന്നാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇല്ലിനോയ്സിലെ 16 ലക്ഷം ഫേസ്ബുക്ക് ഉപയോക്താക്കള്‍ക്ക് അനുകൂലമായാണ് വിധി. ഇതുവഴി ഓരോരുത്തര്‍ക്കും ഏകദേശം 345 ഡോളര്‍ നഷ്ടപരിഹാരമായി ലഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: