കൊച്ചി: 2016ലെ നിയമസഭ തെരഞ്ഞെടുപ്പിന് എല്‍ഡിഎഫ് അവതരിപ്പിച്ച പ്രകടനപത്രികയില്‍ പറഞ്ഞതൊക്കെ പാഴ്വാക്കായി. കേന്ദ്ര സര്‍ക്കാരിനെയും കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിനെയും കുറ്റപ്പെടുത്തിക്കൊണ്ടും വാഗ്ദാനങ്ങള്‍ വാരിവിതറിക്കൊണ്ടുമുള്ളതായിരുന്നു പത്രിക. എന്നാല്‍, പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടത് ഭരണം അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിയിരിക്കെ അതില്‍ പറഞ്ഞ കാര്യങ്ങളും നടപ്പായ കാര്യങ്ങളും തമ്മിലുള്ള അന്തരം ഏറെയാണ്. മാത്രമല്ല കേരളം ദുരന്തപൂര്‍ണമായ കടക്കെണിയിലേക്ക് പതിക്കുകയും ചെയ്തു.
തൊഴില്‍ എവിടെ?
വികസന-ക്ഷേമ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട 600 ഇനങ്ങള്‍ നിരത്തുന്ന പ്രകടനപത്രികയില്‍ എടുത്തുപറഞ്ഞത് മുപ്പത്തിയഞ്ചിന പരിപാടിയാണ്. 25 ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കുമെന്നായിരുന്നു ഒന്നാമത്തേത്. വര്‍ഷം അഞ്ചുലക്ഷം പേര്‍ക്ക്. എന്നാല്‍ അഞ്ച് വര്‍ഷം കൊണ്ട് പിണറായി സര്‍ക്കാര്‍ ആര്‍ക്കാണ് തൊഴില്‍ നല്‍കിയതെന്നറിയാന്‍ വലിയ അന്വേഷണമൊന്നും വേണ്ട. പാര്‍ട്ടി നേതാക്കളുടെ ബന്ധുക്കള്‍ക്കും സ്വന്തക്കാര്‍ക്കും പിന്‍വാതില്‍ വഴി നിയമനം നല്കി. ആദ്യം കരാര്‍ ജോലികള്‍ നല്‍കിയവര്‍ക്ക് മുഴുവന്‍ സ്ഥിരനിയമനവും നല്കി.
നൂറ്ദിന പരിപാടി പ്രകാരം 1,21,083 പേര്‍ക്ക് തൊഴില്‍ നല്കി എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ഒരടിസ്ഥാനവുമില്ലാത്ത ഈ കണക്കിന് വിശദീകരണമൊന്നും നല്‍കിയിട്ടുമില്ല. കൊവിഡിന്റെ പശ്ചാത്തലത്തില്‍ നാട്ടിലും വിദേശത്തുമുള്ള നിരവധി സ്ഥാപനങ്ങള്‍ പൂട്ടുകയോ നഷ്ടത്തിലാകുകയോ ചെയ്തതിനാല്‍ തൊഴില്‍ നഷ്ടപ്പെട്ട ലക്ഷങ്ങളെ പുനരധിവസിപ്പിക്കാനുള്ള ഒരു പരിശ്രമവും സംസ്ഥാന സര്‍ക്കാരില്‍ നിന്നുണ്ടായതുമില്ല.
പേരുമാറ്റുന്ന വികസനം
കേന്ദ്ര സര്‍ക്കാരിന്റെ വിവിധ പദ്ധതികള്‍ പേരുമാറ്റി അവ സ്വന്തമെന്നു മുദ്രകുത്തി മാറ്റുകയാണ് കേരള സര്‍ക്കാരിന്റെ പ്രധാന വികസനപരിപാടി. നൂറ് ദിന പരിപാടിയുടെ ഭാഗമായി ഉദ്ഘാടനം ചെയ്യപ്പെട്ട മിക്കവാറും പദ്ധതികളും കേന്ദ്രാവിഷ്കൃത പദ്ധതികളാണ്. ഇതുമായി ബന്ധപ്പെട്ട പരസ്യങ്ങളില്‍ കേന്ദ്ര പദ്ധതിയാണെന്ന കാര്യം മറച്ചു വയ്ക്കുകയും ചെയ്തു. ജലജീവന്‍ പദ്ധതി, പ്രധാനമന്ത്രി ഗ്രാമ സഡക് യോജന, പ്രധാനമന്ത്രി കൃഷി സിഞ്ചായി യോജന തുടങ്ങി നിരവധി കേന്ദ്ര പദ്ധതികളെയാണ് ഇടത് സര്‍ക്കാര്‍ സ്വന്തം പദ്ധതികളായവതരിപ്പിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത്. ലൈഫ് മിഷനാക്കിയത് പ്രധാനമന്ത്രി പാര്‍പ്പിട പദ്ധതിയാണ്. ആയുഷ്മാനെ കാരുണ്യയും ആര്‍ദ്രവുമാക്കി.
‘കമ്മി’കള്‍
‘കമ്മികള്‍’ എന്ന വിളിപ്പേര് സ്വന്തമാക്കിയത് മറ്റു പലകാരണങ്ങളാലാണെങ്കിലും സാമ്പത്തിക കാര്യത്തില്‍ അത് കൃത്യമായി. സംസ്ഥാനത്തിന്റെ ധനക്കമ്മി ഏറ്റവുമധികം വര്‍ദ്ധിച്ച ഭരണകാലമാണ് പിണറായി സര്‍ക്കാരിന്റേത്. വമ്പിച്ച സാമ്പത്തിക വളര്‍ച്ച നേടിയെന്ന് അവകാശപ്പെട്ട ഇടത് സര്‍ക്കാര്‍ വരുത്തിവച്ച കടക്കെണി സിഎജി പുറത്തുവിട്ടത് കഴിഞ്ഞ ജനുവരിയിലാണ്. 2018-19 ല്‍ മാത്രം വിവിധ ധനകാര്യ സ്ഥാപനങ്ങളില്‍ നിന്ന് കിഫ്ബി കടമെടുത്തത് 3,106.57 കോടി രൂപയാണ്. ഇതിന് പുറമെയാണ് വിദേശരാജ്യങ്ങളില്‍ നിന്ന് മസാല ബോണ്ടുകള്‍ വഴി എടുത്ത 2,150 കോടി. സംസ്ഥാനത്തിന്റെ സാമ്പത്തിക പാപ്പരത്തം മറികടക്കുമെന്ന് പ്രകടനപത്രികയില്‍ പറഞ്ഞ എല്‍ഡിഎഫ് അഞ്ച് വര്‍ഷം ഭരിച്ചപ്പോള്‍ ധനക്കമ്മി 17,462 കോടിയായി ഉയര്‍ന്നു. യുഡിഎഫ് ഭരണകാലത്ത് ഇത് 13,796 കോടിയായിരുന്നു. ധനകാര്യ കമ്മീഷന് ശുപാര്‍ശ ചെയ്യുന്ന ജിഎസ്ഡിപി അനുപാതത്തേക്കാള്‍ കൂടി. അനുപാതം മൂന്ന് ശതമാനത്തില്‍ നിലനിര്‍ത്തണമെന്നാണ് കമ്മീഷന്റെ നിര്‍ദ്ദേശം. എന്നാല്‍ കേരളത്തില്‍ ഇത് 3.4 ശതമാനമാണ്. പൊതുകടം മൂന്നര ലക്ഷം കോടിയാണിപ്പോള്‍.
മദ്യം ലഹരിയാക്കി
മദ്യത്തിന്റെ ലഭ്യതയും ഉപയോഗവും പടിപടിയായി കുറയ്ക്കാന്‍ സഹായകമായ നടപടി സ്വീകരിക്കുമെന്ന് പ്രകടനപത്രികയില്‍ പറഞ്ഞതും പാഴ് വാക്കായി. കൂടുതല്‍ മദ്യശാലകള്‍ അനുവദിച്ചുകൊണ്ട് മദ്യലഭ്യത കൂട്ടുന്ന നയമാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. മദ്യവര്‍ജ്ജനത്തിന് സാക്ഷരതാപ്രസ്ഥാനത്തിന്റെ മാതൃകയില്‍ അതിവിപുലമായ ഒരു ജനകീയ ബോധവല്‍ക്കരണ പ്രസ്ഥാനത്തിന് രൂപം നല്‍കുമെന്നൊക്കെ പത്രികയില്‍ തട്ടിവിട്ടവരാണ് ഉദാരമായി റീട്ടെയില്‍ മദ്യശാലകളും ബാറുകളും തുറന്നുകൊടുത്തത്.
മാത്രമോ, മദ്യത്തിനേക്കാള്‍ വീര്യം കൂടിയ ലഹരിയുടെ ഹോള്‍ സെയില്‍ നടത്തിയതിന് പാര്‍ട്ടി സെക്രട്ടറിയായിരിക്കെ കോടിയേരി ബാലകൃഷ്ണന്റെ മകന് ബിനീഷ് കോടിയേരി ജയിലിലായത് അഞ്ചുവര്‍ഷ ഭരണത്തിനിടെയാണ്. പക്ഷേ, അതിന്റെ നേട്ടം മാത്രം, സിപിഎമ്മോ എല്‍ഡിഎഫോ കേന്ദ്രത്തില്‍നിന്ന് തട്ടിയെടുത്തിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: