പാലക്കാട്: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ പാലക്കാട് കോണ്‍ഗ്രസ്സിനുള്ളില്‍ ഗ്രൂപ്പ് തര്‍ക്കം മുറുകി. സ്ഥാരാര്‍ത്ഥി നിര്‍ണ്ണയവുമായി ബന്ധപ്പെട്ട് അഭിപ്രായ വ്യത്യാസങ്ങളും ഉടലെടുത്തിട്ടുണ്ട്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിലിനെതിരെ മുന്‍ ഡിസിസി അധ്യക്ഷന്‍ എ.വി. ഗോപിനാഥ് മത്സരിക്കാന്‍ ഒരുങ്ങുന്നതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്.
എ.വി ഗോപിനാഥിനെ സിപിഎം പിന്തുണച്ചേക്കുമെന്നും സൂചനയുണ്ട്. ഇന്ന് ചേരുന്ന സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തില്‍ ഇതുസംബന്ധിച്ച് തീരുമാനമുണ്ടായേക്കും. മരിക്കുന്നത് വരെ കോണ്‍ഗ്രസ് ആകുമെന്ന് പ്രവചിക്കാനാവില്ലെന്നാണ് ഇതുമായി ബന്ധപ്പെട്ട് ഗോപിനാഥ് പറഞ്ഞത്.
മരിക്കുന്നതു വരെ കോണ്ഗ്രസാകണമെന്ന് ആഗ്രഹിച്ചിരുന്നു. ഇനിയത് നടക്കുമെന്ന് തോന്നുന്നില്ല. കോണ്‍ഗ്രസിലെ ഒരു വ്യക്തിയോടും തനിക്ക് പ്രതിജ്ഞാബദ്ധതയില്ല. അഞ്ചു കൊല്ലം തന്നെ ആരും അന്വേഷിച്ചില്ല. തന്നെ ഉപേക്ഷിച്ചവരെ തനിക്കും ഉപേക്ഷിക്കേണ്ടി വരും. കമ്മ്യൂണിസ്റ്റ് വിരോധത്തിനൊപ്പം നിന്ന ആളായിരുന്നു താന്‍. പക്ഷേ എന്ത് ചെയ്യാന്‍ കഴിയുമെന്നും എ.വി ഗോപിനാഥ് പ്രതികരിച്ചു.
അതേസമയം ഷാഫി പറമ്പിലിനെതിരെ മത്സരിക്കാന്‍ തന്നെ സിപിഎം സമീപിച്ചു എന്ന പ്രചാരണം ഗോപിനാഥ് നിഷേധിച്ചു. എന്നാല്‍ നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എന്തെങ്കിലും കാര്യത്തിന് കോണ്‍ഗ്രസ് പാര്‍ട്ടി തന്നെ ഇതുവരെ അന്വേഷിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജില്ലയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളില്‍ ഒരാളായ എ.വി. ഗോപിനാഥ് 25 വര്‍ഷം പെരിങ്ങോട്ടുകുറിശി ഗ്രാമപഞ്ചായത്ത് പ്രസിഡന്റായിരുന്നു. ആലത്തൂരിനെ പ്രതിനിധീകരിച്ച് അദ്ദേഹം നിയമസഭയില്‍ എത്തിയിട്ടുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: