ആദിപരാശക്തിയുടെ വിശ്വരൂപദര്ശനത്താല് വില്വമംഗലം സ്വാമിയാര്‍ക്ക് ആത്മസാക്ഷാത്ക്കാരം സിദ്ധിച്ച പുണ്യനാളാണ് കുംഭത്തിലെ മകവും പൗര്‍ണമിയും ഒത്തുവരുന്ന ശ്രേഷ്ഠദിനം.
ഇതുപോലൊരു നാളിലായിരുന്നു ചോറ്റാനിക്കരയുടെ മാഹാത്മ്യമറിഞ്ഞ് ദേവീദര്‍ശനത്തിനായി വില്വമംഗലം സ്വാമിയാരെത്തിയത്. വരദാഭയമുദ്രകളോടെ ദര്‍ശനം നല്കിയ പരാശക്തീ ചൈതന്യത്തെ സ്വാമിയാര് ചോറ്റാനിക്കരയിലെ കീഴ്ക്കാവില്‍ കുടിയിരുത്തി. കീഴ്ക്കാവിന്റെ ഉദ്ഭവത്തിന് നിദാനമായ ഇതേ ഐതിഹ്യമാണ് നെടുമാംഗല്യത്തിനും സത്സന്താനലബ്ധിക്കും ദേവിയുടെ അനുഗ്രഹം തേടി മങ്കമാര്‍ ചോറ്റാനിക്കരയിലെത്തുന്ന മകം തൊഴല്‍’ ചടങ്ങിനുമുള്ളത്.
ചോറ്റാനിക്കരയില്‍ മേല്‍ക്കാവ്, കീഴ്ക്കാവ് എന്നിങ്ങനെ രണ്ട് ക്ഷേത്രങ്ങളാണുള്ളത്. സംഹാരരുദ്രയായ ഭദ്രകാളിയാണ് കീഴ്ക്കാവിലമ്മ. കുംഭമാസത്തിലെ രോഹിണി നാളില്‍ കൊടികയറി ഉത്രം നാളില്‍ ആറാട്ടു നടക്കുന്ന ഉത്സവത്തിന്റെ ഏഴാം നാളിലാണ് പ്രസിദ്ധമായ മകംതൊഴല്‍. മകംതൊഴലിന് നടതുറക്കുമ്പോള്‍ അവര്‍ണനീയമായൊരു തേജസ്സാണ് കണ്മുമ്പില് തെളിയുക. തങ്കഗോളകയും തിരുവാഭരണങ്ങളും ചാര്‍ത്തി ചേതോഹരമായ ഉടയാടകളണിഞ്ഞ് ദര്‍ശനമരുളുന്ന ദേവിയുടെ തിരുനട അമ്മേ നാരായണ, ദേവീനാരായണ, ലക്ഷ്മീനാരായണ ഭദ്രേനാരായണ എന്നീ മന്ത്രധ്വനികളാല് മുഖരിതമാകും.
സരസ്വതി-ലക്ഷ്മി-ദുര്‍ഗ എന്നിങ്ങനെ ത്രിഗുണാത്മികയായി ആരാധിക്കപ്പെടുന്ന ദേവി ലക്ഷ്മീനാരായണരൂപത്തിലാണ് ചോറ്റാനിക്കര മേല്‍ക്കാവില്‍ കുടികൊള്ളുന്നത്. അമ്മേ നാരായണ, ദേവീ നാരായണ എന്ന് ഉരുവിടുന്നതിന് കാരണമതാണ്. മനോവിഭ്രാന്തികളോടെ ദേവീസന്നിധിയിലെത്തുന്ന ഏതൊരു ഭക്തനും ശമനം പകരുന്ന അനുഭൂതിയാണ് ക്ഷേത്ര സന്നിധി പ്രദാനം ചെയ്യുന്നത്. കീഴ്ക്കാവിലെ ഗുരുതിയും ഭജനമിരിപ്പും ബാധ ഒഴിപ്പിക്കലും ചോറ്റാനിക്കര ക്ഷേത്രത്തിന്റെ പ്രത്യേകതയാണ്.
ചോറ്റാനിക്കരയിലെത്തി മകംതൊഴുതാല് സര്‍വാഭീഷ്ടങ്ങളും സാധ്യമാകുമെന്നാണ് വിശ്വാസം. കുംഭത്തിലെ മകത്തിന് ദര്‍ശനം നടത്തുന്ന കന്യകമാര്‍ക്ക് നല്ല വരനേയും ശ്രേഷ്ഠവിവാഹ ജീവിതവും സുമംഗലികള്‍ക്ക് നെടുമാംഗല്യവും സത്സന്തതിയും മറ്റുള്ളവര്‍ക്ക് സര്‍വൈശ്വര്യവും ലഭിക്കുമെന്നാണ് വിശ്വാസം.
മങ്കമാര്‍ക്ക് മകം തൊഴലെന്നതു പോലെ പ്രാധാന്യമുണ്ട് പുരുഷന്മാരുടെ പൂരം തൊഴലിന്. കീഴ്ക്കാവില്‍ നിന്ന് ദേവി അന്ന് പൂരപ്പറമ്പിലേക്ക് എഴുന്നള്ളും. സ്ത്രീകള്‍ അണമുറിയാതെത്തുന്ന മകം തൊഴല്‍ ഇത്തവണ മഹാമാരിയുടെ പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങളോടെയാവും നടത്തുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: