ന്യൂദല്‍ഹി: ശനിയാഴ്ച രാജ്യത്തുടനീളമുള്ള തെരുവോര കച്ചവടക്കാരില്‍നിന്ന് ലഭിച്ചത് 38,000 വായ്പാ അപേക്ഷകള്‍. വലിയ സബ്സിഡിയോടെ ഓരോരുത്തര്‍ക്കും പതിനായിരം രൂപ, 29,000 ഗുണഭോക്താക്കള്‍ക്ക് വിതരണം ചെയ്തു. പദ്ധതി തുടങ്ങിയശേഷം ഒരുദിവസംകൊണ്ട് ഇത്രയും പേര്‍ക്ക് വായ്പാതുക കൈമാറുന്നത് ഇതാദ്യം. ജില്ലകളിലും മുന്‍സിപ്പല്‍ പ്രദേശങ്ങളിലും പ്രതിവാരം പ്രത്യേക ക്യാംപുകള്‍ സംഘടിപ്പിക്കാനുള്ള ശ്രമം സര്‍ക്കാര്‍ ആരംഭിച്ചിട്ടുണ്ട്.
പിഎം സ്ട്രീറ്റ് വെണ്ടേഴ്സ് അത്മനിര്‍ഭര്‍(സ്വനിധി) പദ്ധതിക്കുകീഴില്‍ മാര്‍ച്ച് അവസാനത്തോടെ 30 ലക്ഷം ഗുണഭോക്താക്കള്‍ക്ക് ഈ വായ്പകള്‍ നല്‍കുകയെന്ന ഉദ്ദേശ്യത്തോടെയാണിത്. ‘ശനിയാഴ്ച ആദ്യമായി ഇത്തരം ക്യാംപുകള്‍ ഞങ്ങള്‍ക്കുണ്ടായിരുന്നു. തീര്‍പ്പാകാതെ കിടക്കുന്ന അപേക്ഷകള്‍ അനുവദിക്കാനും വിതരണത്തിനും രണ്ടിലധികം ക്യാംപുകള്‍ കൂടി മാര്‍ച്ചില്‍ സംഘടിപ്പിക്കും. ലക്ഷ്യം നേടാനാവുമെന്ന് ഞങ്ങള്‍ക്ക് ആത്മവിശ്വാസമുണ്ട്’- ഉദ്യോഗസ്ഥന് ടൈംസ് ഓഫ് ഇന്ത്യയോട് പ്രതികരിച്ചു.
പിഎം സ്വനിധി പദ്ധതിക്കുവേണ്ടി ഞായറാഴ്ചവരെ 38.18 ലക്ഷം അപേക്ഷകള്‍ തെരുവോര കച്ചവടക്കാര്‍ നല്‍കിയിട്ടുണ്ട്. 21.77 ലക്ഷം അപേക്ഷകര്‍ക്ക് വായ്പകള്‍ അനുവദിച്ചു. 16.16 ലക്ഷം ആളുകള്‍ക്ക് തുക ലഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: