ന്യൂദല്‍ഹി: കോണ്‍ഗ്രസ് ദേശീയ തലത്തില്‍ തന്നെ ഒരു പിളര്‍പ്പിലേക്ക് നീങ്ങുന്നതിന്റെ സൂചനയാണ് ഗുലാം നബി ആസാദിന്റെ നേതൃത്വത്തിലുള്ള ജി-23ല്‍പ്പെട്ട വിമതനേതാക്കള്‍ കശ്മീരില്‍ നടത്തിയ സമ്മേളനമെന്ന് കരുതപ്പെടുന്നു.
ജി-23ല്‍പ്പെട്ട നേതാക്കളുടെ സംഘം ജൂണില്‍ നടക്കാന്‍ പോകുന്ന കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പില്‍ വിമതസ്ഥാനാര്‍ത്ഥിയെ നിര്‍ത്താനും സാധ്യതയുണ്ട്. കോണ്‍ഗ്രസിനുള്ളില്‍ നിശ്ശബ്ദയുദ്ധമെന്ന സ്ഥിതി വിട്ട് കോണ്‍ഗ്രസില്‍ നിന്നുകൊണ്ട്തന്നെ പരസ്യയുദ്ധം നടത്താനാണ് ഇവരുടെ നീക്കമെന്നറിയുന്നു.
കഴിഞ്ഞ ദിവസം കാവിത്തൊപ്പിയണിഞ്ഞാണ് കശ്മീരില്‍ നടന്ന ശാന്തി സമ്മേളനമെന്ന് പേരിട്ട യോഗത്തില്‍ കപില്‍ സിബലും ആനന്ദ ശര്‍മ്മയും ഗുലാം നബി ആസാദും രാജ് ബബ്ബറും എല്ലാം പങ്കെടുത്തത്. ഞായറാഴ്ച നടന്ന യോഗത്തില്‍ ഗുലാം നബി ആസാദ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തുകയും ചെയ്തു. സത്യസന്ധമായ മുഖം പുറത്തുകാട്ടുന്ന നേതാവാണ് മോദിയെന്നായിരുന്നു ഗുലാം നബി ആസാദിന്റെ പ്രശംസ.
ഇക്കുറി ശശി തരൂരിനെ ഒഴികെ ജി-23 സംഘത്തില്‍പ്പെട്ട സീനിയര്‍ നേതാക്കളെയാരെയും തെരഞ്ഞെടുപ്പ് തന്ത്രം രൂപപ്പെടുത്താന്‍ നിയോഗിച്ചിട്ടില്ല. കോണ്‍ഗ്രസ് പ്രചാരണപ്രവര്‍ത്തനങ്ങളില്‍ നിന്നുപോലും അവരെ ഒഴിവാക്കി. മൂന്ന് ദിവസത്തെ യോഗമാണ് കശ്മീരില്‍ ജി-23 നേതാക്കള്‍ നടത്തുന്നത്. ഇനി ഇത്തരം യോഗങ്ങള്‍ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ സംഘടിപ്പിക്കാനാണ് നേതാക്കളുടെ ശ്രമം. അടുത്ത യോഗം ആനന്ദ് ശര്‍മ്മയുടെ സ്ഥലമായ ഹിമാചല്‍ പ്രദേശിലായിരിക്കും. ഗാന്ധി കുടുംബത്തിന്റെ വിശ്വസ്തനെങ്കിലും ഇദ്ദേഹത്തെ പ്രതിപക്ഷനേതാവ് പദവിയില്‍ നിന്നും സോണിയ ഒഴിവാക്കി. പകരം രാഹുല്‍ ഗാന്ധിയുടെ വിശ്വസ്തനായ മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്കാണ് ഈ പദവി നല്‍കിയിരിക്കുന്നത്. ഈ തീരുമാനം ആനന്ദ് ശര്‍മ്മയ്ക്ക് സ്വീകാര്യമല്ല.
വൈകാതെ ഉത്തര്‍പ്രദേശ്, ദല്‍ഹി, ഹരിയാന എന്നിവിടങ്ങളിലും യോഗങ്ങള്‍ നടത്തും. കരുത്തുറ്റ കോണ്‍ഗ്രസിനെ രൂപപ്പെടുത്താനാണ് തങ്ങളുടെ ശ്രമമെന്നാണ് ജി-23ല്‍പ്പെട്ട കോണ്‍ഗ്രസ് വിമതനേതാക്കള്‍ പറഞ്ഞുകൊണ്ടിരിക്കുന്നത്. കോണ്‍ഗ്രസിന്റെ നേതൃത്വത്തിലെ ശൂന്യതയെ വിമര്‍ശിച്ച് 23 സീനിയര്‍ നേതാക്കള്‍ ഒപ്പിട്ട കത്ത് സോണിയയ്ക്ക് നല്‍കിയതോടെയാണ് ഇതില്‍ ഒപ്പുവെച്ച 23 പേരെയും വിമതനേതാക്കളായി കോണ്‍ഗ്രസ് അനൗദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുന്നത്. ഇതില്‍ ശശി തരൂരും ഉള്‍പ്പെട്ടിട്ടുണ്ടെങ്കിലും അദ്ദേഹത്തിന് മാത്രം കേരളത്തിലെ തെരഞ്ഞെടുപ്പ് ഉത്തരവാദിത്വങ്ങള്‍ കോണ്‍ഗ്രസ് നല്‍കിയിട്ടുണ്ട്. എങ്കിലും ശശി തരൂരും ഈ നീക്കങ്ങളുടെ ഭാഗം തന്നെയാണെന്നാണ് ഹൈക്കമാന്റ് വിശ്വസിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: