ഏതൊരു കാര്യം തുടങ്ങുമ്പോഴും അത് പ്രാര്‍ഥനാ പൂര്വമാകണം. തുടക്കത്തിലും മധ്യത്തിലും ഒടുക്കത്തിലും നാം പ്രാര്‍ഥന ചെയ്യണമെന്ന് പതഞ്ജലി ഋഷി തന്റെ മഹാഭാഷ്യത്തില്‍ പറയുന്നു. ഏറ്റെടുക്കുന്ന കര്‍ത്തവ്യങ്ങള്‍ പൂര്‍ത്തിയാക്കാനും, കഷ്ടനഷ്ടങ്ങള്‍ ഉണ്ടാവാതിരിക്കാനും എല്ലാം സുഗമമായി തീരാനുമാണിത്. പ്രാര്‍ഥന നമ്മെ ഈശ്വരീയതയോട് ചേര്‍ന്നു നില്ക്കാന് സഹായിക്കുന്നു. മനസ്സിനെ ഇത് ദൃഢമാക്കുന്നു.
ഒരു കൃതി ആരംഭിക്കുന്നതിനു മുമ്പുള്ള പ്രാര്‍ഥനയെ സാമ്പ്രദായികമായി മംഗളാചരണം എന്നാണ് പറയുന്നത്. മംഗളാചരണങ്ങള്‍ മൂന്നു രീതിയിലുണ്ട്.
- വസ്തു നിര്ദേശരൂപ മംഗളാചരണം: ഈ പ്രാര്‍ഥനയിലൂടെ ഗ്രന്ഥകര്‍ത്താവ് ആ കൃതിയുടെ സാരം സൂചിപ്പിക്കുന്നു.
- നമസ്കാരരൂപ മംഗളാചരണം: ഗുരു അല്ലെങ്കില്‍ ഈശ്വരന് എന്നിവരോടുള്ള ഭക്തിസൂചകമായി അവരെ നമസ്കരിച്ചു കൊണ്ടുള്ള പ്രാര്‍ഥന.
- ആശീര്വാദരൂപ മംഗളാചരണം: ഗുരുവിന്റെയോ, ഈശ്വരന്റെയോ ആശീര്‍വാദത്തിനുള്ള പ്രാര്‍ഥന.
രണ്ടു ദോഹകളോടെയാണ് ഹനുമാന് ചാലീസ തുടങ്ങുന്നത്. അതിനെ നമുക്ക് മംഗളാചരണമായി കാണാം:
ദോഹ:
ശ്രീഗുരുചരണ സരോജ രജ
നിജമന് മുകുരു സുധാരി
ബരനഉ രഘുവര ബിമലജസു
ജോ ദായകു ഫലചാരി
ബുദ്ധിഹീന് തനു ജാനികേ
സുമിരൗ പവന കുമാര്‍
ബലബുദ്ധി ബിദ്യ ദേഹു മൊഹി
ഹരഹു കലേസ് ബികാര്
(ശ്രീ ഗുരുചരണ സരോരജസ്സുകൊണ്ട് എന്റെ മനോമുകുരം ശുദ്ധമാക്കിയിട്ട് രഘുവരനായ ഭഗവാന്റെ വിമല യശസ്സ് ഞാന്‍ വര്‍ണിക്കാം. ചതുര്വിധ പുരുഷാര്ഥങ്ങള് പ്രദാനം ചെയ്യുന്നത് നിന്തിരുവടി ആണല്ലോ. ഹേ, ഹനുമാന്, ബുദ്ധിഹീനനായ ഞാന്‍ അങ്ങയെ ധ്യാനിക്കുന്നു. എനിക്ക് ബലവും വിവേകവും ജ്ഞാനവും നല്കിയാലും. എന്റെ ക്ലേശങ്ങളും അശുഭവാസനകളും നീക്കിയാലും.)
ബ്രഹ്മചാരി സുധീര്‍ ചൈതന്യ
പ്രതികരിക്കാൻ ഇവിടെ എഴുതുക: