തിരുവനന്തപുരം : സംസ്ഥാനത്തെ പുതിയ ചീഫ് സെക്രട്ടറിയായി വി.പി. ജോയി ചുമതലയേറ്റു. നിലവിലെ ചീഫ് സെക്രട്ടറി ഡോ. ബിശ്വാസ് മേഹ്ത്ത വിരമിച്ചതോടെയാണ് വി.പി. ജോയി ചുമതലയേല്‍ക്കുന്നത്. അധികാര കൈമാറ്റ ചടങ്ങില്‍ മറ്റ് ഐഎഎസ് ഉദ്യോഗസ്ഥരും പങ്കെടുത്തു.
സംസ്ഥാനത്തെ 47-ാമത്തെ ചീഫ് സെക്രട്ടറിയാണ് അദ്ദേഹം. 1987 ബാച്ച് ഉദ്യോഗസ്ഥനായ വി.പി. ജോയി കേന്ദ്ര ഡപ്യൂട്ടേഷന് കഴിഞ്ഞു തിരികെയെത്തി ഓഫിസര്‍ ഓണ്‍ സ്പെഷല്‍ ഡ്യൂട്ടിയില്‍ പ്രവര്‍ത്തിച്ചുവരികയായിരുന്നു. കേന്ദ്ര കാബിനറ്റ് സെക്രട്ടേറിയറ്റില്‍ സുരക്ഷ, ഏകോപനം എന്നിവയുടെ ചുമതലയുള്ള സെക്രട്ടറിയായിരുന്നു. പിഎഫ് കമ്മിഷണറായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
വിശ്വാസ് മേഹ്ത്തയുടെ കാലാവധി അവസാനിക്കാറായതോടെ വി.പി. ജോയിയുടെ സേവനം വിട്ടുനല്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനം കേന്ദ്രത്തിനു കത്തു നല്‍കിയിരുന്നു. ഇത് അംഗീകരിച്ചതോടെയാണ് അദ്ദേഹം കേരളത്തിലേക്ക് എത്തിയത്.
എറണാകുളം സ്വദേശിയായ ജോയിക്ക് 2023 ജൂണ്‍ 30 വരെ ചീഫ് സെക്രട്ടറി പദവിയില്‍ ജോയിക്കു തുടരാന്‍ സാധിക്കും. കവിയും എഴുത്തുകാരനും കൂടിയായ ജോയിയുടെ ‘നിമിഷ ജാലകം’ എന്ന കവിതാസമാഹാരത്തിന് എസ്.കെ. പൊറ്റെക്കാട്ട് അവാര്‍ഡ് ലഭിച്ചിട്ടുണ്ട്.
സംസ്ഥാനത്തിന്റെ പുരോഗതിയാണ് തന്റെ ലക്ഷ്യമെന്ന് ചുമതലയേറ്റ ശേഷം ജോയ് പറഞ്ഞു. വെല്ലുവിളികള്‍ ഏറെ ഉണ്ടാകും. എങ്കിലും അതെല്ലാം തരണം ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: