വഡോദര: ഗുജറാത്തില്‍ നടന്ന കോര്പറേഷന് തെരഞ്ഞെടുപ്പില്‍ വന്‍ പരാജയം ഏറ്റുവാങ്ങിയ കോണ്‍ഗ്രസിനെ കടന്നാക്രമിച്ച് ഗുജറാത്ത് കോണ്‍ഗ്രസിലെ വര്‍ക്കിംഗ് പ്രസിഡന്റ് ഹാര്‍ദിക് പട്ടേല്‍. 2015ലെ പട്ടിദാര്‍ സംവരണ പ്രക്ഷോഭത്തെ നയിച്ച് നേതാവായി മാറിയ ഹാര്‍ദിക് പട്ടേല്‍ ഗുജറാത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ തികഞ്ഞ അതൃപ്തിയിലാണ്.
ഗുജറാത്തിലെ ആറ് മുനിസിപ്പല്‍ കോര്‍പറേഷനുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ആറിടത്തും ബിജെപി വിജയിച്ചിരുന്നു. ഇതാണ് ഹാര്‍ദിക് പട്ടേലിനെ ചൊടിപ്പിച്ചത്.
ഗുജറാത്ത് കോണ്‍ഗ്രസിലെ നേതാക്കളുടെ കഴിവ്കേടിനെയാണ് ഹാര്‍ദിക് പട്ടേല്‍ വിമര്‍ശിച്ചത്. തന്റെ കഴിവിന്റെ പരമാവധി കോണ്‍ഗ്രസ് ഉപയോഗപ്പെടുത്തിയില്ല എന്നതാണ് ഹാര്‍ദിക് പട്ടേലിന്റെ പരാതി. കോണ്‍ഗ്രസിന്റെ ഗുജറാത്ത് നേതൃത്വം തന്റെ ഒരു പൊതുയോഗം പോലും സംഘടിപ്പിച്ചില്ലെന്നും കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേല്‍ ജീവിച്ചിരുന്നെങ്കില്‍ ബിജെപി ഇത്രയും വലിയ വിജയം നേടില്ലായിരുന്നുവെന്നും ഹാര്‍ദിക് പറയുന്നു.
ഇനി ഫിബ്രവരി 28ന് ഗുജറാത്തില്‍ 81 മുനിസിപ്പാലിറ്റികളിലേക്കും 31 ജില്ലാ പഞ്ചായത്തുകളിലേക്കും 231 താലൂക്ക് പഞ്ചായത്തുകളിലേക്കും തെരഞ്ഞെടുപ്പ് നടക്കാന്‍ പോവുകയാണ്. മാര്‍ച്ച് രണ്ടിനാണ് ഫലപ്രഖ്യാപനം. ഫിബ്രവരി 21ന് ആറ് മുനിസിപ്പല്‍ കോര്‍പറേഷനുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ബിജെപി അഹമ്മദാബാദ്, സൂറത്ത്, വഡോദര, രാജ്കോട്ട്, ജാംനഗര്‍, ഭാവ്നഗര്‍ എന്നിവിടങ്ങളില്‍ വിജയിച്ചു. കോണ്‍ഗ്രസിന് കാര്യമായി ഒന്നും നേടാന്‍ കഴിഞ്ഞില്ല. കോണ്‍ഗ്രസിന്റെ ചെലവില്‍ ആം ആദ്മി പാര്‍ട്ടി ചില സീറ്റുകള്‍ നേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: