തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാല ഇന്ന്. പൊങ്കാല സമര്‍പ്പണത്തിന് അനന്തപുരിയും ക്ഷേത്രാങ്കണവും ഒരുങ്ങി. എന്നാല്‍ കൊറാണ വൈറസ് ജാഗ്രത നിലനില്‍ക്കുന്നതിനാല്‍ ചരിത്രത്തില്‍ ആദ്യമായി പൊങ്കാല ഇത്തവണ ക്ഷേത്രത്തിലെ ചടങ്ങ് മാത്രമായി ഒതുങ്ങും. ക്ഷേത്ര ദര്‍ശനം കൊറോണ മാനദണ്ഡങ്ങള്‍ പാലിച്ച് നടക്കും.
ഭക്തര്‍ക്ക് സ്വന്തം വീടുകളില്‍ പൊങ്കാല അര്‍പ്പിക്കാം. രാവിലെ 10.50ന് ക്ഷേത്ര തിടപ്പള്ളിയിലെ പൊങ്കാല അടുപ്പില്‍ തീ പകര്‍ന്ന ശേഷം പണ്ടാര അടുപ്പില്‍ അഗ്നി തെളിക്കും. ആര്‍ഭാടങ്ങളെല്ലാം ഒഴിവാക്കി കര്‍ശന നിയന്ത്രണത്തോടെയാണ് പൊങ്കാല സമര്‍പ്പണം. കൊറോണ പശ്ചാത്തലത്തില്‍ പണ്ടാരഅടുപ്പില്‍ മാത്രമാണ് ഇക്കൊല്ലം പൊങ്കാല. പൊതുസ്ഥലത്ത് പൊങ്കാലയര്‍പ്പണം നടത്തരുതെന്ന് ജില്ലാഭരണകൂടം അറിയിച്ചിട്ടുണ്ട്. ആറ്റുകാലിലും സമീപ വാര്‍ഡുകളിലുമുള്ള വീടുകളില്‍ ബന്ധുക്കള്‍ കൂട്ടംകൂടുന്നതും കൂട്ടമായി ക്ഷേത്രത്തിലെത്തുന്നതും ഒഴിവാക്കണം.
രാവിലെ 10.20 ന് ശുദ്ധപുണ്യാഹത്തിന് ശേഷം 10.50ന് പണ്ടാര അടുപ്പില്‍ തീ പകരും. ക്ഷേത്രത്തില്‍ തോറ്റംപാട്ടുകാര്‍ കണ്ണകീ ചരിതത്തിലെ പാണ്ഡ്യ രാജാവിന്റെ വധം നടക്കുന്ന ഭാഗം പാടിക്കഴിയുന്നതോടെ പൊങ്കാലയുടെ ചടങ്ങുകള്‍ക്ക് തുടക്കമാകും. വൈകിട്ട് 3.40ന് പൊങ്കാല നിവേദ്യം. വീട്ടില്‍ പൊങ്കാലയിടുന്നവരും ഈ സമയത്താണ് തീ പകരേണ്ടതും നിവേദിക്കേണ്ടതും. അതേസമയം ക്ഷേത്രത്തില്‍ നിന്ന് പൂജാരിമാരെത്തി നിവേദിക്കുന്നത് ഉണ്ടാകില്ല.
മറ്റൊരു പ്രധാന ചടങ്ങായ കുത്തിയയോട്ടം ആചാരപ്രകാരം പണ്ടാര ഓട്ടം മാത്രമായി നടത്താനാണ് ക്ഷേത്ര ട്രസ്റ്റിന്റെ തീരുമാനം. 10 വയസിനും 12 വയസിനും മധ്യേയുള്ള ബാലികമാര്‍ക്ക് മാത്രമാണ് താലപ്പൊലിയില്‍ പങ്കെടുക്കാന്‍ അനുമതി ഉള്ളത്.
രാത്രി 11 മണിയോട് കൂടി എഴുന്നള്ളിപ്പ് തിരികെ ക്ഷേത്രത്തിലെത്തും. ഞായറാഴ്ച നടക്കുന്ന കുരുതി തര്‍പ്പണത്തോടെയാണ് പൊങ്കാല മഹോത്സവത്തിന് സമാപനമാവുക. കൊറോണ മാനദണ്ഡത്തോടെ കര്‍ശന നിയന്ത്രണത്തിലാണ് പൊങ്കാലയും ചടങ്ങുകളും നടക്കുക. പോലീസ്, അഗ്നിശമന സേന, തുടങ്ങിയവരുടെ സേവനവും ക്ഷേത്രത്തില്‍ ലഭ്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: