വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റായി ജോ ബൈഡന്‍ ചുമതലയേറ്റ് ഒരു മാസം പിന്നിടുന്ന സമയത്ത് സിറിയയില്‍ ബോംബാക്രമണം നടത്തി അമേരിക്ക. ഇറാന്‍ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന തീവ്രവാദ സംഘങ്ങള്‍ക്ക് നേരെയാണ് ബോംബാക്രമണം. പരിമിതമായ ശേഷിയിലാണ് അമേരിക്ക ആക്രമണം നടത്തിയതെന്നും ആളപായം ഉണ്ടായതായി വിവരം ലഭിച്ചിട്ടില്ലെന്നും വാര്‍ത്ത ഏജന്‍സി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു.
വ്യാഴാഴ്ചയാണ് സൈനിക നടപടികൾക്ക് ബൈഡൻ ഉത്തരവിട്ടത്. കഴിഞ്ഞ രണ്ടാഴ്ചകളായി സിറയയിലുള്ള അമേരിക്കൻ സൈനികർക്കെതിരെ ഇറാനിയൻ പിന്തുണയുള്ള ഭീകരർ റോക്കറ്റ് ആക്രമണം നടത്തിയിരുന്നു. ഇതിന് പ്രതികാരമായിട്ടാണ് അമേരിക്കൻ വ്യോമസേനയുടെ ആക്രമണം. ബോംബാക്രമണം പ്രസിഡന്റ് ജോ ബൈഡന്റെ അനുമതിയോടെ ആയിരുന്നുവെന്ന് പെന്റഗണ്‍ വക്താവ് ജോണ്‍ കിര്‍ബി സ്ഥിരീകരിച്ചു. ഹിസ്‌ബുളളയടക്കം നിരവധി ഭീകരസംഘടനകളാണ് സിറിയ-ഇറാന്‍ അതിര്‍ത്തിയോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നത്. അധികാരമേറ്റതിനുശേഷം ഇറാനുമായി സമാധാന ചര്‍ച്ചകള്‍ ആരംഭിക്കുമെന്ന് ബൈഡന്‍ സൂചന നല്‍കിയതിനു പിന്നാലെയാണ് ഇറാന്റെ പിന്തുണയുളള ഭീകരസംഘടനകള്‍ക്ക് നേരെ വ്യോമാക്രമണം അമേരിക്ക നടത്തിയത്.
ട്രംപിന്റെ അമേരിക്കയല്ല ഇപ്പോഴുളളതെന്ന് ഓര്‍മപ്പെടുത്താനാണ് ഇത്തരം നീക്കങ്ങള്‍ നടത്തുന്നതെന്ന് യു.എസ് സൈനിക ഉദ്യോഗസ്ഥന്‍ പറഞ്ഞു. ആക്രമണം നടത്തിയ ലൊക്കേഷൻ വെളിപ്പെടുത്താൻ ഡിഫൻസ് സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ വിസമ്മതിച്ചു. ഭീകരർ ആയുധങ്ങൾ കടത്തുന്ന മേഖലയിലാണ് വ്യോമാക്രമണം നടത്തിയതെന്നാണ് അനൗദ്യോഗിക വിശദീകരണം. ആക്രമണത്തിൽ നിരവധിപേർ കൊല്ലപ്പെടുകയോ പരിക്കേൽക്കുകയോ ചെയ്തിട്ടുണ്ടെന്ന് യു.എസ് അധികൃതർ വെളിപ്പെടുത്തി.
സഖ്യ കക്ഷികളുമായി ചർച്ച ചെയ്തതിന് ശേഷമാണ് വ്യോമാക്രമണം നടത്തിയതെന്ന് കിർബി പറഞ്ഞു. എന്നാല്‍ സിറിയയില്‍ അമേരിക്ക നടത്തിയ ബോംബാക്രമണം ഇറാനുമായുളള ബന്ധത്തെ എങ്ങനെ സ്വാധീനിക്കുമെന്ന് നിരീക്ഷിക്കുകയാണ് ലോകം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: