വാഷിങ്ടണ്‍: ചൈനയിലെ യുഎസ് നയതന്ത്ര ഉദ്യോഗസ്ഥര്‍ക്കും കുടുംബാഗങ്ങള്‍ക്കും കോവിഡ് പരിശോധനയ്ക്കായി മലദ്വാരത്തില്‍ നിന്ന് സാംപിള്‍ ശേഖരിച്ചത് വിവാദത്തിലേക്ക്. വിഷയം യുഎസ് ഉദ്യോഗസ്ഥര്‍ ശ്രദ്ധയില്‍പെടുത്തിയതോടെ സംഭവം ശരിയാണെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ടിമെന്റ് വക്താവ് സ്ഥിരീകരിച്ചു. ഇതിനു പിന്നാലെ ചൈനീസ് വിദേശകാര്യമന്ത്രാലയത്തെ ശക്തമായി താക്കീത് ചെയ്തതോടെ വിഷയത്തില്‍ വിശദീരണവും ക്ഷമാപണവും ആയി ചൈന രംഗത്തെത്തി.
മലദ്വാരത്തില്‍ നിന്ന് സാംപിള്‍ ശേഖരിച്ചുള്ള കോവിഡ് പരിശോധന ആരോഗ്യപ്രവര്‍ത്തകര്‍ക്ക് അബദ്ധം സംഭവിച്ചതാണെന്നും നയതന്ത്ര ഉദ്യോഗസ്ഥരെ ഇത്തരം പരിശോധനയില്‍ നിന്ന് ഒഴിവാക്കിയെന്നും സംഭവത്തില്‍ ക്ഷമ ചോദിക്കുന്നെന്നും ചൈനീസ് വക്താക്കള്‍ അമേരിക്കയെ അറിയിച്ചു. നയതന്ത്ര ബന്ധങ്ങള്‍ക്കുള്ള വിയന്ന കണ്‍വെന്‍ഷനും മറ്റ് പ്രസക്തമായ നയതന്ത്ര നിയമ വ്യവസ്ഥകള്‍ക്കും അനുസൃതമായി അമേരിക്കന്‍ നയതന്ത്ര ഉദ്യോഗസ്ഥരുടെയും അവരുടെ കുടുംബങ്ങളുടെയും അന്തസ്സും കാത്തുസൂക്ഷിക്കാന്‍ വകുപ്പ് പ്രതിജ്ഞാബദ്ധമാണെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ടിമെന്റ് ചൈനയെ അറിയിച്ചിരുന്നു.
കൂടുതല്‍ കാലം വൈറല്‍ രോഗങ്ങള്‍ മലമൂത്രത്തില്‍ തുടരുന്നതിനാല്‍ മലദ്വാരത്തില്‍ നിന്നുള്ള സാംപിള്‍ ശേഖരം കൂടുതല്‍ ഫലപ്രദമാകുമെന്ന് ബീജിംഗിലെ ശ്വസന രോഗ ഡോക്ടര്‍ ഡോ. ലി ടോങ്സെങ് കഴിഞ്ഞ മാസം ചൈനീസ് സ്റ്റേറ്റ് ടെലിവിഷനോട് പറഞ്ഞു. ചൈനയിലെ പലയിടങ്ങളിലും ജനങ്ങളുടെ സമ്മതം പോലും ഇല്ലാതെ ഇത്തരത്തിലുള്ള കോവിഡ് പരിശോധന നടക്കുന്നെന്ന് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: