“ശിലാജാഡ്യം പിളർന്നെത്തും
ഇന്ത്യയെന്ന വികാരമേ
അന്ത:കരണപുഷ്പത്താൽ
നിന്നെ അർച്ചന ചെയ് വു ഞാൻ ! “
മലയാളകാവ്യലോകത്തു നിന്ന് മറ്റൊരു രാഷ്‌ട്രകവി കൂടി അരങ്ങൊഴിഞ്ഞിരിക്കുന്നു. അക്കിത്തത്തിനും സുഗതകുമാരിയ്‌ക്കുമൊപ്പം വിഷ്ണുനാരായണൻ നമ്പൂതിരിയും വിടവാങ്ങുമ്പോൾ മലയാളസാഹിത്യം ഇതുവരെ ഉണ്ടായിട്ടില്ലാത്ത വലിയ നഷ്ടത്തെ അനുഭവിക്കുകയാണ്. ഭാരതീയപൈതൃകത്തിൽ നിന്ന് ഊർജ്ജമുൾക്കൊണ്ട അദ്ദേഹത്തിന്റെ കാവ്യനാദം സമകാലിക ശബ്ദകോലാഹലങ്ങളിൽ നിന്ന് വ്യത്യസ്തമായിരുന്നു. ആധുനികരിൽ കവിത അഗാധമായ അനുഭൂതിയായി തിരിച്ചറിയപ്പെട്ടത് അദ്ദേഹത്തിന്റെ രചനകളിലാണ്. ആംഗലേയ സാഹിത്യം പഠിപ്പിക്കുമ്പോഴും ഭാരതീയലാവണ്യ ചിന്തകളിൽത്തന്നെയായിരുന്നു ഊന്നൽ.
ഭൂമിഗീതങ്ങളും ആരണ്യകങ്ങളും ഉജ്ജയിനിയിലെ രാപ്പകലുകളും പങ്കിടുന്നത് ഇന്ത്യയെന്ന വികാരം തന്നെയാണ്. അമ്യതഭാരതി ആശീർവാദസഭകളിൽ അദ്ദേഹം നൽകിയ ദിശാദർശനങ്ങൾ വിലപ്പെട്ടതാണ്. ശ്രീവല്ലഭപാദങ്ങളിൽ സമർപ്പിതമായ ആ ധന്യജന്മം മഹനീയ മാതൃകയായി വരുംതലമുറകളെ പ്രചോദിപ്പിക്കും. രാഷ്‌ട്ര ബോധത്തെ ഹൃദയനാഡിയാക്കിയ ആ ഋഷികവിയ്‌ക്ക് ബാലഗോകുലകുടുംബം ഏറെ വേദനയോടെ ശ്രദ്ധാഞ്ജലി അർപ്പിക്കുന്നു.
ആർ. പ്രസന്നകുമാർ
സംസ്ഥാന പൊതുകാര്യദര്‍ശി
ബാലഗോകുലം
പ്രതികരിക്കാൻ ഇവിടെ എഴുതുക: