തൃശൂര്‍: തൃശൂര്‍ പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട് ജില്ലാ ഭരണകൂടം ആദ്യമെടുത്ത തീരുമാനങ്ങള്‍ മാറ്റുന്നതില്‍ വ്യാപക പ്രതിഷേധം. മുഴുവന്‍ ചടങ്ങുകളോടെ പൂരം നടത്തുന്നതിനെക്കുറിച്ച് ജില്ലാഭരണകൂടം വിസമ്മതം പ്രകടിപ്പിച്ച സാഹചര്യത്തില്‍ പൂരച്ചടങ്ങുകള്‍ പൂര്ണമാകുമോയെന്നാണ് ഇപ്പോഴത്തെ ആശങ്ക. പൂരം നടത്തിപ്പ് സംബന്ധിച്ച കാര്യത്തില്‍ അന്തിമ തീരുമാനം ഇതുവരെയും കൈക്കൊണ്ടിട്ടില്ല.
കൊവിഡ് പ്രതിരോധത്തില്‍ വീഴ്ച വരുത്താതെ പൂരം നടത്താനുള്ള ആലോചനകള്‍ സജീവമായി നടക്കുമ്പോള്‍ പൂരം പ്രദര്‍ശനം, സാമ്പിള്‍ വെടിക്കെട്ട് എന്നിവ നടത്താന്‍ സാധിക്കില്ലെന്നാണ് ഇപ്പോള്‍ അധികൃതര്‍ പറയുന്നത്. തിങ്കളാഴ്ച ജില്ലാ കളക്ടര്‍ എസ്.ഷാനവാസിന്റെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ ഇതു സംബന്ധിച്ച് തീരുമാനമാകാത്തതിനാല്‍ പൂരപ്രേമികള്‍ ആശങ്കയിലാണ്. പൂരവുമായി ബന്ധപ്പെട്ട് ജില്ലാ ഭരണകൂടത്തിന്റെ ഇപ്പോഴത്തെ നടപടികളില്‍ പൂരപ്രേമികള്‍ക്ക് കടുത്ത പ്രതിഷേധമുണ്ട്.
തൃശൂര്‍, പാലക്കാട് ജില്ലകളില്‍ ഉത്സവങ്ങള്‍ക്ക് കൊമ്പന് തെച്ചിക്കോട്ടുക്കാവ് രാമചന്ദ്രനെ എഴുന്നെള്ളിക്കാനായി നാട്ടാന നിരീക്ഷണ സമിതി നല്‍കിയിരുന്ന അനുമതി വനം വകുപ്പ് റദ്ദാക്കിയതും പൂരപ്രേമികളെ നിരാശയിലാഴ്ത്തിയിട്ടുണ്ട്.
കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് തൃശൂര്‍ പൂരം നടത്താന്‍ ഈ മാസം ആദ്യം നടന്ന മന്ത്രിതലയോഗത്തില്‍ പ്രാഥമിക ധാരണയായതോടെ പൂരപ്രേമികള്‍ ആഹ്ലാദത്തിലായിരുന്നു. പൂരത്തിനായി പ്രതീക്ഷയോടെ കാതോര്‍ത്തിക്കുകയായിരുന്നു ദേവസ്വങ്ങളും ആനത്തൊഴിലാളികളും വന്‍കിട-ചെറുകിട കച്ചവടക്കാരും. വാദ്യ-മേള കലാകാരന്മാരും ചമയങ്ങള്‍ ഒരുക്കുന്നവരും പന്തല്‍നിര്‍മ്മാണം- വെടിക്കെട്ട് തൊഴിലാളികളും ഉള്‍പ്പെടെയുള്ള ആയിരക്കണക്കിന് പേര് അണിയറയില്‍ സജീവമാണ്. പൂരം എക്സിബിഷനും സാമ്പിള്‍ വെടികെട്ടും ഒഴിവാക്കാന്‍ പറ്റില്ലെന്ന തീരുമാനത്തിലാണ് തിരുവമ്പാടി-പാറമക്കാവ് ദേവസ്വങ്ങള്‍. ഇക്കാര്യം ജില്ലാ ഭരണകൂടത്തെ ദേവസ്വം ഭാരവാഹികള്‍ അറിയിച്ചിട്ടുണ്ട്.
എല്ലാ ചടങ്ങുകളോടെയും പൂരം ഭംഗിയായി നടത്തണമെന്നാണ് ദേവസ്വങ്ങളുടെ തീരുമാനം. ഇതിന്റെ ഭാഗമായി സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് പൂരം നടത്താന്‍ കഴിയുന്ന ചടങ്ങുകളുടെ പട്ടിക ദേവസ്വം ഭാരവാഹികള്‍ കളക്ടര്‍ക്ക് കൈമാറിയിട്ടുമുണ്ട്. പൂരം പ്രദര്‍ശനവും സാമ്പിള്‍ വെടിക്കെട്ടം ഒഴിവാക്കാന്‍ സാധിക്കില്ലെന്ന് ദേവസ്വം അധികൃതര്‍ വ്യക്തമാക്കി. ഒഴിവാക്കാന്‍ പറ്റാത്ത ചടങ്ങുകളുടെ പട്ടികയിലാണ് പൂരം പ്രദര്‍ശനവും സാമ്പിള്‍ വെടിക്കെട്ടും ഉള്‍പ്പെടുത്തിയിട്ടുള്ളത്. രാഷ്ട്രീയപാര്‍ട്ടികളുടെ യോഗങ്ങള്‍ക്കില്ലാത്ത വിലക്ക് ഉത്സവങ്ങള്ക്കേര്പ്പെടുത്തുന്നതില് ദേവസ്വം ഭാരവാഹികള്‍ക്ക് പ്രതിഷേധവുമുണ്ട്. പൂരം പൊലിമയോടെ തന്നെ നടക്കണമെന്നാണ് പൂരപ്രേമികളുടെ പ്രാര്‍ത്ഥന. വരും ദിവസങ്ങളിലെ യോഗതീരുമാനങ്ങളെ ആകാംക്ഷയോടെയാണ് പൂരപ്രേമികള്‍ ഉറ്റുനോക്കുന്നത്.
പൂരത്തിന് മുമ്പുള്ള ദിനങ്ങളിലെ കൊവിഡ് റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ മാത്രമേ എന്തെങ്കിലും ഇളവുകള്‍ നിര്‍ദേശിക്കാന്‍ സാധിക്കൂവെന്നാണ് ഇപ്പോള്‍ ജില്ലാ ഭരണകൂടത്തിന്റെ നിലപാട്. പൂരം എല്ലാ ചടങ്ങുകളോടെയും നടത്തിയാല്‍ ജനങ്ങളെ നിയന്ത്രിക്കാന്‍ എളുപ്പമാവില്ലെന്നാണ് പോലീസ് പറയുന്നത്. പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങള്‍ക്ക് പുറമേ 8 ഘടക പൂരങ്ങള്‍ കൂടി എത്തിയാലേ പൂരം പൂര്‍ണമാകൂ. അതിനാല്‍ ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നത് എളുപ്പമാകില്ലെന്ന് പോലീസ് ചൂണ്ടിക്കാട്ടുന്നു.
പൂരത്തില്‍ അണിനിരത്താവുന്ന ആനകളുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നത് അടക്കമുള്ള തീരുമാനങ്ങള്‍ ഇന്ന് ചേരുന്ന യോഗത്തില്‍ ചര്‍ച്ച ചെയ്യും. പൂരത്തിന് പങ്കെടുപ്പിക്കാവുന്ന ആളുകളുടെ എണ്ണം സംബന്ധിച്ച കാര്യങ്ങള്‍ പരിശോധിക്കുന്നതിന് 27-ന് ആരോഗ്യ-പോലീസ് വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ പൂരപ്പറമ്പ് സന്ദര്‍ശിക്കും. ഏപ്രില്‍ 23നാണ് തൃശൂര്‍ പൂരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: