പുരാണ കഥാപാത്രങ്ങളുടെ ഭംഗിയുള്ള പാവകള്‍ തോല്‍പ്പാവക്കൂത്തിലൂടെ നൂറ്റാണ്ടുകളായി വെളുത്ത സ്ക്രീനുകളില്‍ നിഴലുകളായി നൃത്തം ചെയ്യുന്നു. പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് സിനിമ കണ്ടുപിടിക്കുന്നതിനും മുന്‍പ്, കേരളത്തിലെ ജനപ്രിയ കലാരൂപങ്ങളിലൊന്നായിരുന്നു തോല്‍പ്പാവക്കൂത്ത്. പിന്നീട് കാലവും കാഴ്ചക്കാരും ഈ കലാരൂപം ഉപേക്ഷിച്ചപ്പോള്‍, പാവകളി പവിത്രമായ കൂത്തുമാടത്തില്‍ നടക്കുന്ന ഒരു ആചാരമായി മാത്രമേ കണക്കാക്കിയിരുന്നുള്ളൂ. പാവകള്‍ക്കും കലാകാരന്മാര്ക്കും മതിയായ പ്രതിഫലവും അഭിനന്ദനങ്ങളും ലഭിക്കാത്ത ഒരു കാലഘട്ടമുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് തോല്‍പ്പാവക്കൂത്തിന്റെ പൈതൃകവും മഹത്വവും ഉയര്‍ത്തിപ്പിടിക്കാനും സംരക്ഷിക്കാനും രാവും പകലും അധ്വാനിച്ച കൃഷ്ണന്‍കുട്ടി പുലവരുടെയും മകന് രാമചന്ദ്ര പുലവരുടെയും ശ്രമങ്ങള്‍ പ്രസക്തമാകുന്നത്.
പിതാവില്‍ നിന്ന് ലഭിച്ച അറിവും നൈപുണ്യവും ഉപയോഗിച്ച് രാമചന്ദ്ര പുലവര്‍ തോല്‍പ്പാവക്കൂത്തിന്റെ മൂല്യങ്ങളും പാരമ്പര്യവും പിന്തുടര്ന്നു. പാവകളെ പുതിയ മാനങ്ങളിലേക്ക് ഉയര്‍ത്തി അതിനെ ജനപ്രിയമാക്കുകയും, അതിന്റെ സംസ്കാരം അടുത്ത തലമുറയ്ക്ക് കൈമാറുകയും ചെയ്തു. തോല്‍പ്പാവക്കൂത്തിനെക്കുറിച്ച് കേരള ഭാഷ ഇന്‍സ്റ്റിറ്റിയൂട്ട് പ്രസിദ്ധീകരിച്ച രാമചന്ദ്ര പുലവരുടെ പുസ്തകങ്ങള്‍ മലയാള സാഹിത്യത്തിന്റെ സ്വത്താണ്.
ഭാരതപ്പുഴയുടെ തീരത്ത് സ്ഥിതിചെയ്യുന്ന ഭദ്രകാളി ക്ഷേത്രങ്ങളിലെ എണ്‍പത്തിയഞ്ചോളം കൂത്തുമാടങ്ങളിലാണ് തോല്‍പ്പാവക്കൂത്ത് നടത്തിയിരുന്നത്. വിവിധ പാവസംഘങ്ങള് ക്രമേണ പാരമ്പര്യത്തില്‍നിന്ന് പുറത്തുപോയപ്പോള്‍ രാമചന്ദ്ര പുലവര്‍ ഈ നാടകങ്ങള്‍ അവതരിപ്പിക്കാന്‍ മുന്നോട്ട് വന്നു. അല്ലാത്തപക്ഷം അവ അന്യമായിപ്പോവുമായിരുന്നു. ഇന്ന് നാല്‍പ്പതിലധികം കൂത്തുമാടങ്ങളില്‍ തോല്പാവക്കൂത്ത് നടത്തുന്നതിലൂടെ ഒരു സംസ്കാരം സംരക്ഷിക്കാനാണ് രാമചന്ദ്ര പുലവര്‍ ശ്രമിക്കുന്നത്.
പരമ്പരാഗത തോല്‍പ്പാവകളുടെ വ്യാപ്തി പര്യവേക്ഷണം ചെയ്ത്, പപ്പറ്റിയര്‍ കലാരൂപത്തെ നവീകരിക്കാന്‍ മാസ്റ്റര്‍ മുന്‍കൈയെടുത്തു. അങ്ങനെ ചെയ്യുന്നതിലൂടെ സമൂഹത്തില്‍ നിന്ന് വെല്ലുവിളികള്‍ നേരിടേണ്ടിവന്നു. എന്നിരുന്നാലും പിതാവിന്റെ വിപ്ലവകരമായ പാത പിന്തുടര്ന്നു. രാമായണ കഥയെ അടിസ്ഥാനമാക്കിയുള്ള തോല്‍പ്പാവക്കൂത്തിനെ ക്ഷേത്രപരിസരത്തിന് പുറത്തു കൊണ്ടുവന്ന് പൊതുജനങ്ങള്‍ക്ക് സമ്മാനിച്ചു. രാമചന്ദ്ര പുലവര്‍ കേരളത്തിനകത്തും പുറത്തും, നിരവധി വിദേശ രാജ്യങ്ങളിലും തോല്‍പ്പാവക്കൂത്ത് അവതരിപ്പിക്കുകയും, അഭിനന്ദനങ്ങള്‍ നേടുകയും ചെയ്തു. തോല്‍പ്പാവക്കൂത്ത് കാലത്തിനനുസരിച്ച് നിലനില്ക്കുകയും പരിണമിക്കുകയും ചെയ്യുമെന്ന പ്രതീക്ഷയില്‍ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പപ്പറ്റ് വര്‍ക്ക് ഷോപ്പുകള്‍, സെമിനാര്‍, ഡെമോണ്സ്ട്രേഷന്, ശില്‍പ്പശാലകള്‍ എന്നിവ സംഘടിപ്പിക്കുന്നു. ഈ ശ്രമങ്ങളിലൂടെ പുതിയ തലമുറയില്‍ തോല്‍പ്പാവക്കൂത്തിന്റെ സംസ്കാരം വളര്‍ത്തിയെടുക്കുന്നു.
രാമചന്ദ്ര പുലവരുടെ മാര്‍ഗനിര്‍ദേശപ്രകാരം ജാതി, മത, ലിംഗഭേദമന്യേ നിരവധി വ്യക്തികള്‍ പാവകളെ പരിശീലിപ്പിക്കുന്നത് സന്തോഷകരമാണ്. തന്റെ വീട്ടില്‍ ഒരു കൊച്ചു പാവകളി തിയേറ്റര്‍ സ്ഥാപിച്ചുവെന്നതും പ്രശംസനീയമാണ്. ഈ കലാരൂപത്തെക്കുറിച്ച് ആഴത്തില്‍ മനസ്സിലാക്കാന്‍ ഭാരതത്തില്‍ നിന്നും വിദേശത്തുനിന്നും ധാരാളം ആളുകള്‍ ഇവിടെയെത്തുന്നു. അത്തരം സംരംഭങ്ങള്‍ക്കൊപ്പം, തോല്‍പ്പാവക്കൂത്തിന്റെ തനതായ സംസ്കാരം പുതിയ തലമുറയിലേക്ക് കൈമാറാനുള്ള ശ്രമങ്ങളും രാമചന്ദ്ര പുലവര്‍ നടത്തുന്നു.
കാര്‍ഷിക സമൂഹത്തില്‍പ്പെട്ട തൊഴിലാളികള്‍ക്കു വേണ്ടിയായിരുന്നു പണ്ടുകാലത്ത് തോല്‍പ്പാവക്കൂത്ത് നടന്നിരുന്നത്. ഒരു കലാകാരന് അവരുടെ പ്രേക്ഷകരില്‍ ഒരാളായി മാത്രമേ വിജയിക്കാന്‍ കഴിയൂ. നെല്‍വയലില്‍ അദ്ധ്വാനിക്കുകയും, ഒരു സംസ്കാരത്തിന്റെ ഭാഗമായി വിളകള്‍ വളര്‍ത്തുകയും ചെയ്യുന്ന ഒരു സാധാരണ മനുഷ്യന് എന്ന നിലയില്‍ രാമചന്ദ്ര പുലവരുടെ ജീവിതവും ഇതേ സന്ദേശം നല്കുന്നു.
ഒരു കലാകാരന് അയാളുടെ കലയ്ക്കായി സ്വയം ത്യാഗം ചെയ്യുമ്പോള്‍ കല ശാശ്വതമാകും. രാമചന്ദ്ര പുലവര്‍ക്ക് പദ്മശ്രീ പുരസ്കാരം ലഭിക്കുമ്പോള്‍, ഈ നാടോടി കലയുടെ ജ്വാലകളെ സജീവമായി നിലനിര്‍ത്തുന്നതിനുള്ള ശ്രമങ്ങള്‍ ലോകം അംഗീകരിക്കുന്നു. രണ്ടായിരം വര്‍ഷത്തിലേറെ പഴക്കവും പാരമ്പര്യവും കണക്കാക്കുന്ന ഈ ക്ഷേത്രകലയുടെ മഹത്വത്തെ പദ്മശ്രീയിലൂടെ രാജ്യം അംഗീകരിക്കുകയാണ്.

രാമചന്ദ്രപുലവരുടെ പദ്മശ്രീയിലൂടെ തോല്‍പ്പാവക്കൂത്തും തോല്‍പ്പാവകളും ക്ഷേത്ര മണ്ണിലെ പവിത്രമായ കൂത്തുമാടങ്ങളും ആദരിക്കപ്പെടുകയാണ്. അര്‍ഹമായ അംഗീകാരവും പരിഗണനയും ആദരവും ലഭിക്കാതെ അവഗണിക്കപ്പെട്ട് കിടന്നിരുന്ന ഒരു പ്രാചീന ക്ഷേത്രകലാരൂപത്തെയാണ് രാജ്യമിപ്പോള്‍ പദ്മശ്രീ നല്കി ആദരിച്ചിരിക്കുന്നത്. കൂത്തുമാടങ്ങളില്‍ ഇനി തിരി തെളിയുമ്പോള്‍ ഈ കലാരൂപത്തിന് തിളക്കം കൂടും. തോല്‍പ്പാവ കൂത്തിനായി ജീവിതം നിവേദിച്ച് നല്കിയ രാമചന്ദ്രപുലവരിലേക്കും ആ പ്രകാശം പ്രസരിക്കുന്നു.
- എന്താണ് തോല്‍പ്പാവക്കൂത്ത് എന്ന് ചുരുക്കി വിവരിക്കാമോ?
വള്ളുവനാടന്‍ ക്ഷേത്രോത്സവങ്ങളുടെ ആത്മാവാണ് തോല്‍പ്പാവക്കൂത്ത്. കമ്പരാമായണത്തിന്റെ ശ്ലോകങ്ങളില്‍ കാണപ്പെടുന്ന ശ്രീരാമന്റെ യുദ്ധകാണ്ഡം മുതല്‍ പട്ടാഭിഷേകം വരെയുളളതും, ശ്രീരാമ ജനനം മുതല്‍ സ്വര്‍ഗാരോഹണം വരെയുള്ളതുമായ കഥകള്‍ വാദ്യ പ്രമാണത്തോടെ തിരിനാളത്തിന്റെ വെളിച്ചത്തില്‍ കൂത്തു കലാകാരന്മാരുടെ കൈകളിലെ പാവകളുടെ നിഴല്‍ ചിത്രങ്ങളായി കാണികള്‍ക്ക് മുന്നിലെത്തുന്നു. തോല്‍പ്പാവക്കൂത്തിന് പിന്നിലെ ഐതിഹ്യം ഇങ്ങനെ. ഭദ്രകാളി ദാരികനെ വധിക്കാന്‍ പോകുന്ന സമയത്താണ് രാമ-രാവണ യുദ്ധം നടക്കുന്നത്. അതുകൊണ്ട് ഭദ്രകാളിക്ക് രാമരാവണ യുദ്ധം കാണാന്‍ സാധിച്ചില്ല. ഇത് ഭദ്രകാളി പരമശിവനോട് സൂചിപ്പിച്ചു. അങ്ങനെയാണ് ദേവീക്ഷേത്രങ്ങളില്‍ ശ്രീരാമകഥ തോല്‍പ്പാവക്കൂത്തായി അവതരിപ്പിച്ചു തുടങ്ങിയത്.
- ക്ഷേത്രാധിഷ്ഠിതമാണ് ഈ കലാരൂപം. ഇതിനുള്ള വേദിയും വാദ്യോപകരണങ്ങളുമൊക്കെ സവിശേഷമാണല്ലോ.
കൂത്തുമാടം എന്നത് ക്ഷേത്രങ്ങളിലെ പ്രധാന കേന്ദ്രമാണ്. കമ്പരാമായണത്തിലെ തമിഴ് ഭാഷയായിരുന്നു ആദ്യം ഉപയോഗിച്ചിരുന്നത്. പിന്നീടത് സംസ്കൃതവും മലയാളവും കലര്‍ന്ന രീതിയില്‍ പാട്ടും വിവരണവുമായി അവതരിപ്പിച്ചു തുടങ്ങി. രാമ-രാവണ യുദ്ധം മുതല്‍ പട്ടാഭിഷേകം വരെ ഏഴ് ദിവസവും, പിന്നീട് പഞ്ചവടി മുതല്‍ 14 ദിവസവുമാണ് ക്ഷേത്രങ്ങളിലെ പാവകളി. രാത്രി എട്ട് മണിക്കുശേഷം ക്ഷേത്രത്തിലെ കളിവിളക്കില്നിന്നും കൊളുത്തുന്ന തിരിനാളം കൂത്തുമാടത്തിലെ മുന്‍ വശത്തെ ദീപത്തില്‍ പകരുന്നതോടെയാണ് കൂത്താരംഭം. 42 അടി നീളവും 12 അടി വീതിയും ആറ് അടി ഉയരവുമാണ് കൂത്തുമാടത്തിനുള്ളത്. കൂത്തു മാടത്തിനു താഴെ ആയപ്പുടവ കെട്ടി താഴെ മൂന്ന് അടി ഉയരത്തില്‍ കറുപ്പ് തുണികൊണ്ട് മറയ്ക്കും. ആയപ്പുടവക്കു പിന്നില്‍ നാളികേരമുടച്ച് അതില്‍ എണ്ണ പകര്‍ന്ന് 21 വിളക്ക് തെളിയിക്കും. ഈ തിരിയുടെ വെളിച്ചത്തില്‍ ആയപ്പുടവയില്‍ നിഴലിലൂടെ കൈകൊണ്ട് പാവകളെ ചലിപ്പിക്കും. ചെണ്ട, ചേങ്ങില, ഇലത്താളം, കുറുംകുഴല്‍, മദ്ദളം എന്നിവയും തോല്‍പ്പാവക്കൂത്തിന് വാദ്യങ്ങളാണ്.
- പാവകള്‍ നിര്‍മിക്കുന്നതെങ്ങനെയാണ്?
മാന്തോലില് പ്രത്യേക രീതിയില്‍ കൊത്തിയതാണ് പാവകള്‍. ചന്ദ്രക്കലക്കൊത്ത്, സൂര്യദേവക്കൊത്ത്, നെന്മണിക്കൊത്ത്, വാദ്യക്കൊത്ത്, സിംഹക്കൊത്ത്, പക്ഷിക്കൊത്ത് എന്നിങ്ങനെയാണ് പാവകള്‍. പ്രത്യേകമായി തയ്യാറാക്കിയ മുളക്കമ്പുകളില്‍ പാവകളെ കെട്ടി ചലിപ്പിക്കുന്ന രീതിയാണ് പാവകളി.
- പരമ്പരാഗത കലാരൂപമായിരുന്ന തോല്‍പ്പാവക്കൂത്ത് ഇന്ന് ലോകപ്രശസ്തമാണ്. പല അന്തര്‍ദ്ദേശീയ വേദികളിലും മത്സരങ്ങളിലും താങ്കള്‍ പങ്കെടുത്തു കഴിഞ്ഞു. തോല്‍പ്പാവക്കൂത്തിന് പ്രചാരം ലഭിച്ചതിന്റെ പശ്ചാത്തലം വിവരിക്കാമോ?
1978 ല്‍ കേന്ദ്ര സംഗീത നാടക അക്കാദമി ചെയര്‍മാനായിരുന്ന കമലാദേവി ചതോപാധ്യായ എന്റെ അച്ഛന്റെ കൃഷ്ണന് കുട്ടി പുലവരുടെ വീട്ടില്‍ വന്ന് കൊല്ലങ്കോട് പോയി തോല്‍പ്പാവക്കൂത്ത് കണ്ടിരുന്നു. അങ്ങനെ ദല്‍ഹിയില്‍ തോല്‍പ്പാവകൂത്ത് അവതരിപ്പിക്കാന്‍ അവസരം ലഭിച്ചു. 1979 ല്‍ റഷ്യയില്‍ നടന്ന അന്തര്‍ദേശീയ പാവകളി മത്സരത്തില്‍ പങ്കെടുക്കാനായി. ജര്‍മ്മനി, ഇറ്റലി, സിങ്കപ്പൂര്‍, തുടങ്ങി 42 രാജ്യങ്ങളില്‍ പാവകളി അവതരിപ്പിക്കാന്‍ കഴിഞ്ഞത് ഭാഗ്യമായാണ് ഞാന്‍ കരുതുന്നത്. 2002-ല്‍ മഹാത്മാഗാന്ധിയുടെ ജീവചരിത്രം ഗാന്ധി കൂത്തായി തിരുവനന്തപുരത്ത് അവതരിപ്പിച്ചത് വ്യത്യസ്തമായി. തുടര്‍ന്ന് മിശിഹ ചരിത്രം യേശുദേവന്റെ ജനനം മുതല്‍ കുരിശില്‍ ക്രൂശിതനാവുന്നതുവരെയുള്ള കഥ 15 എപ്പിസോഡുകളിലായി അവതരിപ്പിച്ചു. കൃഷ്ണചരിതം, അയ്യപ്പ ചരിതം, ദുര്യോധന വധം, കുമാരനാശാന്റെ ചണ്ഡാലഭിക്ഷുകി തുടങ്ങി നിരവധി വിഷയങ്ങള്‍ തോല്പ്പാവക്കളിയായി രംഗത്ത് കൊണ്ടുവന്നിട്ടുണ്ട്.
- സ്ത്രീശാക്തീകരണവുമായി ബന്ധപ്പെട്ടും തോല്‍പ്പാവക്കൂത്തിനെക്കുറിച്ച് പറഞ്ഞു കേള്‍ക്കുന്നുണ്ട്.
സ്ത്രീ ശാക്തീകരണത്തിന്റെ ഭാഗമായി തയ്യാറാക്കിയ തോല്‍പ്പാവകൂത്ത് അവതരിപ്പിച്ചത് എന്റെ മകള്‍ രജിതയായിരുന്നു. കൊവിഡ് ബോധവല്‍ക്കരണവും ഇതിലൂടെ നടത്തി. ഭാര്യ രാജലക്ഷ്മി പുറംവേദികളില്‍ പാടാനെത്തും. മകന് രാജീവ് പുലവര്‍ പിന്മുറക്കാരനായും കൂടെയുണ്ട്. മറ്റൊരു മകന് രാഹുലും സഹായിയാണ്.
- തോല്‍പ്പാവക്കൂത്തിനെ ജനകീയമാക്കിയതില്‍ സിനിമാ സംവിധായകന് ജി. അരവിന്ദന് ഒരു പങ്കുള്ളതായി കേട്ടിട്ടുണ്ട്. എന്താണ് ബന്ധം?
പാലക്കാട് ജില്ലയിലെ വാണിയംകുളം കൂനത്തറയിലാണ് പാവകളിയുടെ ആസ്ഥാനം. 1992-ല്‍ സംവിധായകന് അരവിന്ദന്, കൃഷ്ണന് കുട്ടി പുലവരെ സന്ദര്‍ശിക്കാനിടയായത് ഒരു വഴിത്തിരിവായി. ലങ്കയെ കാത്തുസംരക്ഷിക്കുന്ന ലങ്കാലക്ഷ്മിയെ ചിത്രീകരിക്കുന്ന പാവയെ അന്താരാഷ്ട്ര ചലചിത്ര മേളയുടെ ലോഗോ ആയി തിരഞ്ഞെടുത്തത് തോല്‍പ്പാവകൂത്തിന് അന്താരാഷ്ട്ര ശ്രദ്ധ നേടിക്കൊടുത്തു. ഇന്നും ഇതുതന്നെയാണ് മേളയുടെ ലോഗോ. എന്റെ അച്ഛന് കൃഷ്ണന് കുട്ടി പുലവര്‍ തപസ്യ കലാസാഹിത്യവേദിയുമായി അടുത്ത് സഹകരിച്ച ആളായിരുന്നു. അച്ഛന് ലഭിക്കാതെപോയ ആദരവാണ് എനിക്ക് ലഭിച്ചത്. ഈ അനുഷ്ഠാന കലാരൂപത്തിന് ലഭിച്ച അംഗീകാരമായാണ് പദ്മശ്രീയെ കാണുന്നത്.
ബാബു ജയന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: