ഇടുക്കി: പ്രായാധിക്യവും ആരോഗ്യപ്രശ്നങ്ങളും കാരണം മത്സരരംഗത്തുനിന്ന് മാറ്റിനിര്‍ത്തുമെന്ന് കരുതിയിരുന്ന മണിയാശാന് എന്ന എം.എം. മണി വീണ്ടും സ്ഥാനാര്‍ത്ഥിയാകുമെന്ന് സ്വയം ഉറപ്പിച്ചു. ആദ്യ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് നെടുങ്കണ്ടത്ത് എം.എം. മണി തന്നെ ഉദ്ഘാടനം ചെയ്തു. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം ആരംഭിക്കാനായി ഘടകകക്ഷികളുമായി സിപിഎം ചര്‍ച്ചയാരംഭിച്ചതിന് പിന്നാലെയാണ് ഉടുമ്പന്‍ചോല നിയോജക മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് നെടുങ്കണ്ടത്ത് തുറന്നത്.
പ്രാദേശിക ഘടകകക്ഷി നേതാക്കളെയെല്ലാം ഉള്‍പ്പെടുത്തിയായിരുന്നു ഉദ്ഘാടനമെന്നത് വീണ്ടുമൊരു അംങ്കത്തിനുള്ള പുറപ്പാടായി പാര്‍ട്ടി അണികള്‍ വിലയിരുത്തുന്നു. കഴിഞ്ഞ തവണ ഉടുമ്പന്‍ചോലയില്‍ വെറും 1109 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് എം.എം. മണി കോണ്‍ഗ്രസിലെ സേനാപതി വേണുവിനെ തോല്‍പ്പിച്ചത്. ബന്ധുനിയമന വിഷയത്തില്‍ മന്ത്രിസ്ഥാനം നഷ്ടമായ ഇ.പി. ജയരാജന് പകരമായി മണി മന്ത്രിസഭയിലുമെത്തി.
മത്സരരംഗത്തുണ്ടാവില്ലെന്ന പ്രചാരണത്തിന് പിന്നില്‍ തന്നെ വെട്ടാനുള്ള ഉള്‍പ്പാര്‍ട്ടി തന്ത്രമാണെന്ന് മനസിലാക്കിയ ആശാന്റെ ഒരുമുഴം മുന്നേയുള്ള ഏറാണ് ഓഫീസ് ഉദ്ഘാടനം. മണിക്ക് പകരം മറ്റൊരാളെ നിര്‍ത്തി വിജയിപ്പിക്കാനുള്ള ബുദ്ധിമുട്ട് മുന്നില്‍ക്കണ്ട് സ്ഥാനാര്‍ത്ഥിത്വത്തെ ചൊല്ലി പാര്‍ട്ടിയില്‍ പ്രശ്നങ്ങളുണ്ടാകാനും വഴിയില്ല. അങ്ങനെ വന്നാല്‍ ആശാന് തന്നെ അടുത്ത തവണയും മത്സരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: