കാലിഫോര്‍ണിയ: ഗോള്‍ഫ് ഇതിഹാസതാരം ടെഗര്‍ വുഡ്‌സിന് കാറപകടത്തില്‍ ഗുരുതര പരിക്ക്. ലോസാഞ്ചലസിൽ വുഡ്സിന്റെ കാർ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് പതിക്കുകയായിരുന്നു. കാലിൽ നിരവധി ഒടിവുകൾ സംഭവിച്ചതിനാൽ വുഡ്സിനെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി.
ഗുരുതര പരിക്കുണ്ടെങ്കിലും ജീവന് ഭീഷണിയില്ലെന്ന് ഡോക്ടർമാർ അറിയിച്ചു. ഫെബ്രുവരി 23 ചൊവ്വാഴ്ച രാവിലെ ഏഴു മണിക്ക് ശേഷമാണ് അപകടമുണ്ടായത്. റോളിംഗ് ഹില്‍സ് എസ്റ്റേറ്റ്‌സിന്റെയും റാഞ്ചോസ് പാലോസ് വെര്‍ഡെസിന്റെയും അതിര്‍ത്തിയിലാണ് അപകടം. ലോസാഞ്ചലസിൽ കൗണ്ടി ഫെരിഫ്‌സ് വകുപ്പാണ് അപകട വിവരം പുറത്തുവിട്ടത്.
അപകടത്തില്‍ വുഡ്‌സിന്റെ കാലിന് ഒന്നിലധികം പരിക്കുകളുള്ളതായി അദ്ദേഹത്തിന്റെ ഏജന്റ് മാര്‍ക്ക് സ്റ്റെയ്ൻബര്‍ഗ് പ്രസ്താവനയില്‍ വ്യക്തമാക്കി. താരത്തെ ശസ്ത്രക്രിയക്ക് വിധേയനാക്കിയിട്ടുണ്ട്. നിയന്ത്രണം വിട്ട കാര്‍ റോഡില്‍ നിന്ന് തെന്നി താഴേക്ക് മറിയുകയായിരുന്നു. കാറിന് കാര്യമായ കേടുപാടുകളുണ്ട്. അപകടം നടന്നതിന് പിന്നാലെ ലോസാഞ്ചൽസ് കൗണ്ടി അഗ്നിശമന സേനാംഗങ്ങളും മറ്റും ടൈഗര്‍ വുഡ്‌സിനെ കാറില്‍ നിന്ന് പുറത്തെടുത്ത് അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇത് മൂന്നാം തവണയാണ് വുഡ്‌സിന്റെ കാര്‍ അപകടത്തില്‍പ്പെടുന്നത്.
43-ാം വയസില്‍ കായികലോകത്തെ അത്ഭുതപ്പെടുത്തി 15-ാം മേജര്‍ കിരീടവും അഞ്ചാം മാസ്റ്റേഴ്‌സ് നേട്ടവും സ്വന്തമാക്കി വമ്പന്‍ തിരിച്ചുവരവാണ് ടൈഗര്‍ വുഡ്സ് നടത്തിയത്. 45 കാരനായ വുഡ്സ് കഴിഞ്ഞ കാൽ നൂറ്റാണ്ടിലെ ലോകത്തെ തന്നെ ഏറ്റവും പ്രശസ്തനായ കായികതാരമായാണ് കണക്കാക്കുന്നത്. ഗോള്‍ഫ് ഇതിഹാസമെന്ന നിലയില്‍ ലോകത്താകെമാനും വളരെ വലിയ ആരാധകരുള്ള താരമാണ് ടൈഗര്‍ വുഡ്‌സ്. അമേരിക്കക്കാരനായ അദ്ദേഹം 15ഓളം മേജര്‍ ടൂര്‍ണമെന്റുകളില്‍ വിജയം സ്വന്തമാക്കിയിട്ടുണ്ട്. 2019ലെ മാസ്റ്റേഴ്‌സ് ടൂര്‍ണമെന്റിലും വുഡ്‌സായിരുന്നു ജേതാവ്. കരിയറില്‍ 150ഓളം കിരീടങ്ങള്‍ അദ്ദേഹത്തിന്റെ പേരിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: