കൊച്ചി: ചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തിനായി ബെംഗളൂരു വ്യാപാരി ഗാനശ്രാവണ്‍ പ്രഖ്യാപിച്ച 726 കോടി രൂപയുടെ സമര്‍പ്പണപദ്ധതി നിയമക്കുരുക്കില്‍. ഗാനശ്രാവണനെതിരെ ദേവസ്വം മന്ത്രിക്ക് പരാതി നല്‍കുകയും സമര്‍പ്പണ പദ്ധതി സംബന്ധിച്ച ദേവസ്വം ഓംബുഡ്‌സ്മാന്റെ നടപടി ക്രമങ്ങളിലും കാലതാമസം നേരിടുന്നതാണ് ഇതിന് കാരണം.
തിരുവനന്തപുരം കൈമനം സ്വദേശി അഡ്വ. പി.എസ്. ശാന്തിയാണ് പരാതി നല്‍കിയിരിക്കുന്നത്. ഗാനശ്രാവണ് യാതൊരു ബിസിനസ് പശ്ചാത്തലവുമില്ലെന്നാണ് പ്രധാന ആക്ഷേപം. തട്ടിപ്പിനാണ് ശ്രമിക്കുന്നതെന്നും ഇതുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നുണ്ട്. അന്വേഷണം ഇന്റലിജെന്‍സിനെ ഏല്‍പ്പിക്കണമെന്നാവശ്യപ്പെട്ടാണ് പരാതി നല്‍കിയിരിക്കുന്നത്.
സ്വാമിജി ഗ്രൂപ്പ് ഒഫ് കമ്പനീസ് ഉടമ ഗാനശ്രാവണ്‍ ഒരു വര്‍ഷത്തിലേറെയായി പദ്ധതിക്കായി കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്റെ അനുമതി കാക്കുകയാണ്. ജനുവരിയില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ചോറ്റാനിക്കരയില്‍ വിളിച്ചുചേര്‍ത്ത യോഗത്തിനുശേഷമാണ് നടപടിക്രമങ്ങള്‍ വേഗതയാര്‍ജിച്ചതും ദേവസ്വംബോര്‍ഡ് നിര്‍ദേശങ്ങള്‍ ഓംബുഡ്‌സ്മാന് മുന്നില്‍ സമര്‍പ്പിച്ചതും.
എന്നാല്‍ മുന്നാങ്കി ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയാണ് സമര്‍പ്പണപദ്ധതിക്ക് ഫണ്ട് ലഭ്യമാക്കുക. കമ്പനി 2020ല്‍ രജിസ്റ്റര്‍ ചെയ്തതിനാല്‍ ബാലന്‍സ്ഷീറ്റ് ഉള്‍പ്പടെയുള്ള രേഖകള്‍ ലഭ്യമല്ല അതിനാല്‍ ശ്രാവണ്‍ സമര്‍പ്പിച്ച വിവരങ്ങളില്‍ അവ്യക്തതയുണ്ടെന്ന് ഓംബുഡ്‌സ്മാന്‍ അറിയിച്ചിട്ടുണ്ട്.
ധാരണാപത്രം ദേവസ്വം ഓംബുഡ്‌സ്മാന്‍ മുഖാന്തരം ഹൈക്കോടതി ദേവസ്വംബെഞ്ചിന് സമര്‍പ്പിച്ച് അംഗീകാരം വാങ്ങണം. ധാരണപത്രത്തിന് അന്തിമരൂപം നല്‍കുന്ന നടപടിയാണ് ഇനിയുള്ളത്. നിയമ നടപടികള്‍ പൂര്‍ത്തിയാക്കി ഇത് കൂടി നല്‍കിയെങ്കില്‍ മാത്രമേ പദ്ധതി സമര്‍പ്പണം സാധ്യമാകുകയുള്ളൂ. സ്വാമിജി ഗ്രൂപ്പ് ഓഫ് കമ്പനീസ് ഉടമ ഗാനശ്രാവണ്‍ ഒരു വര്‍ഷത്തിലേറെയായി പദ്ധതി നടപ്പാക്കാന്‍ കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്റെ അനുമതി കാക്കുകയാണ്.
വിദേശപണം എത്തിക്കാന്‍ ദേവസ്വം ബോര്‍ഡുമായുള്ള ധാരണാപത്രം അനിവാര്യമാണെന്ന് കാട്ടി ഗാനശ്രാവണ്‍ ദേവസ്വം ഓംബുഡ്‌സ് മാന് ഫെബ്രുവരി 19ന് കത്തുനല്‍കി. ബ്രിട്ടനിലെ അക്കൗണ്ടില്‍നിന്നാണ് തുക വരേണ്ടത്. റിസര്‍വ് ബാങ്ക് അനുമതി ആവശ്യമായതിനാല്‍ സങ്കീര്‍ണമായ നടപടിക്രമങ്ങള്‍ പാലിക്കേണ്ടതുണ്ട്.
സാമ്പത്തിക കാര്യങ്ങള്‍ക്ക് രഹസ്യസ്വഭാവമുള്ളതിനാല്‍ ബ്രിട്ടനില്‍നിന്നുള്ള സ്രോതസുകളുടെ വിശദാംശങ്ങള്‍ മുദ്രവച്ച കവറില്‍ നല്‍കാന്‍ തയ്യാറാണ്. ഇതിനായി 60 ദിവസം അനുവദിക്കണമെന്നും ശ്രാവണ്‍ നല്‍കിയ കത്തില്‍ ആവശ്യപ്പെടുന്നുണ്ട്. ‘ചോറ്റാനിക്കര അമ്മയാണ് എല്ലാം. അമ്മയുടെ ഉപാസകനാണ്. അനുമതി കിട്ടിയാല്‍ പദ്ധതി വൈകില്ല. പരാതി നല്‍കിയ ശാന്തിയെ പരിചയമുണ്ട്. അവരുടെ ലക്ഷ്യം എന്തെന്നറിയില്ല. ആരൊക്കെയോ ഇതിനെതിരെ നീങ്ങുന്നുണ്ടെന്നും ഗാനശ്രാവണ്‍ വിഷയത്തില്‍ പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: