കൊല്ലം: മത്സ്യത്തൊഴിലാളികള്‍ക്ക് കേന്ദ്രത്തില്‍ പ്രാതിനിധ്യമില്ലെന്ന അവകാശവാദം കേരളത്തിലും ആവര്‍ത്തിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഫിഷറീസ് മന്ത്രാലയം സ്ഥാപിക്കുമെന്ന വാഗ്ദാനവും തങ്കശേരി കടപ്പുറത്ത് നടന്ന പരിപാടിയില്‍ അദ്ദേഹം നടത്തി. നേരത്തേ ഫിഷറീസിന് പ്രത്യേക മന്ത്രാലയമുണ്ടെന്ന് ഈ വകുപ്പിന്റെ സ്വതന്ത്ര ചുമതലയുള്ള കേന്ദ്രമന്ത്രി ഗിരിരാജ് ഓര്‍മിപ്പിച്ചിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി ഇംഗ്ലീഷിലും ഹിന്ദിയിലും ഗിരിരാജ് സിംഗ് നല്കിയ പ്രസ്താവനയ്ക്കു പുറമേ രാഹുലിനെ പരിഹസിച്ച് ഇറ്റാലിയന്‍ ഭാഷയിലും ഇത് പരിഭാഷപ്പെടുത്തി നല്‍കിയിരുന്നു.
കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയില്‍ കഴിഞ്ഞയാഴ്ച മത്സ്യത്തൊഴിലാളികളെ അഭിസംബോധന ചെയ്യുമ്പോഴായിരുന്നു കേന്ദ്രസര്‍ക്കാരിന് കീഴില്‍ ഫിഷറീസ് മന്ത്രാലയമില്ലെന്ന വാദം രാഹുല്‍ ആദ്യമായി ഉന്നയിച്ചത്. തുടര്‍ന്നാണ് 2019 മുതല്‍ ഫിഷറീസ് മന്ത്രാലയമുണ്ടെന്ന് ചൂണ്ടിക്കാട്ടി ഗിരിരാജ് സിംഗ് അടക്കമുള്ളവര്‍ രംഗത്ത് എത്തിയത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന് ഉള്‍പ്പെടെ നേതാക്കളെ ഒപ്പം നിര്‍ത്തിയായിരുന്നു ഫിഷറീസ് വകുപ്പ് സ്ഥാപിക്കുമെന്ന വാഗ്ദാനം.
മത്സ്യത്തൊഴിലാളികള്‍ കടലിന്റെ കര്‍ഷകരാണെന്ന അഭിപ്രായപ്രകടനം തങ്കശ്ശേരി കടപ്പുറത്തും രാഹുല്‍ ആവര്‍ത്തിച്ചു. കര്‍ഷകര്‍ക്കുള്ളതുപോലെ, അവരെ പ്രതിനിധാനം ചെയ്യാന്‍ ദല്‍ഹിയില്‍ മന്ത്രാലയമില്ല. ഭാവിയില്‍ അധികാരത്തിലെത്തിയാല്‍ ഫിഷറീസ് മന്ത്രാലയം സ്ഥാപിക്കുമെന്ന വാഗ്ദാനം തുടര്‍ന്ന് അദ്ദേഹം മത്സ്യത്തൊഴിലാളികള്‍ക്ക് നല്കി. ആ മന്ത്രാലയം മത്സ്യത്തൊഴിലാളികള്‍ക്ക് സംരക്ഷണവും പ്രതിരോധവും തീര്‍ക്കുമെന്നും അവരുടെ പ്രശ്നങ്ങള്‍ പരിഹരിക്കുമെന്നും രാഹുല്‍ ഉറപ്പു നല്കി. കേന്ദ്രമന്ത്രി ഗിരിരാജ് സിംഗിന്റെ കീഴില്‍ നിലവില്‍ ഫീഷറീസ് മന്ത്രാലയമുണ്ടെന്നത് അവഗണിച്ചായിരുന്നു രാഹുലിന്റെ പ്രസ്താവന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: