തിരുവനന്തപുരം: കോവിഡ് ബാധിതരുടെ എണ്ണം അനിയന്ത്രിതമായി തുടരുന്ന സാഹചര്യത്തില്‍ കേരളത്തില്‍ നിന്നുള്ളവര്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി അഞ്ചു സംസ്ഥാനങ്ങള്‍. ദല്‍ഹി, കര്‍ണാടക, ഉത്തരാഖണ്ഡ്, മണിപ്പൂര്‍,മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളാണ് നിയന്ത്രണം കൊണ്ടുവന്നിരിക്കുന്നത്.
കോവിഡ് പരിശോധനാഫലം നെഗറ്റീവുള്ളവര്‍മാത്രം വന്നാല്‍മതി എന്നാണ് ഈ സംസ്ഥാനങ്ങള്‍ അറിയിച്ചിരിക്കുന്നത്.
ആര് ടി പി സി ആര് പരിശോധനാഫലം നെഗറ്റീവായവര്‍ക്ക് മാത്രമായിരിക്കും മംഗളൂരുവിലേക്ക് പ്രവേശനം എന്നാണ് ദക്ഷിണ കന്നഡ അധികൃതര്‍ അറിയിച്ചിരിക്കുന്നത്. തലപ്പാടിയില്‍ നാളെ മുതലായിരിക്കും ഇത് കര്‍ശനമാക്കുക. പ്രതിദിനം യാത്ര ചെയ്യുന്നവര്‍ 15 ദിവസത്തിലൊരിക്കല്‍ പരിശോധന നടത്തിയ റിപ്പോര്‍ട്ടും, എവിടേക്കാണ് പോകുന്നതെന്ന വിവരങ്ങളും കൈയില്‍ കരുതണം. ഒരുതവണ മാത്രം യാത്ര ചെയ്യുന്നവര്‍ 72 മണിക്കൂറിനകം നടത്തിയ പരിശോധനയുടെ റിപ്പോര്‍ട്ട് കൈവശം വയ്ക്കണം. ആംബുലന്‍സില്‍ വരുന്നവര്‍ ആശുപത്രിയിലെത്തിയ ഉടന്‍ രോഗിയെയും കൂടെ വന്നവരെയും കൊവിഡ് പരിശോധനയ്ക്ക് വിധേയമാക്കണം.ഡല്‍ഹിയിലേയ്ക്ക് വിമാനം, ട്രെയിന്‍, ബസ് എന്നീ മാര്‍ഗങ്ങളില്‍ എത്തുന്നവര്‍ക്ക് 72 മണിക്കൂറിനുള്ളിലുള്ള ആര്‍ടി-പിസിആര്‍ പരിശോധനാ ഫലം നെഗറ്റീവ് ആണെന്നുള്ള റിപ്പോര്‍ട്ട് ഉണ്ടെങ്കിലേ പ്രവേശനം അനുവദിക്കൂ. റോഡ് മാര്‍ഗം മറ്റു വാഹനങ്ങളില്‍ എത്തുന്നവരെ ഇതില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. വെള്ളിയാഴ്ച മുതല്‍ മാര്‍ച്ച് 15 വരെയാണ് ഈ നിയന്ത്രണം. ഇതു സംബന്ധിച്ച ഉത്തരവ് ഇന്ന് ഇറങ്ങും.
രോഗബാധിതരുടെ എണ്ണം കൂടുന്ന സാഹചര്യത്തില്‍ ഒഡിഷ, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍, ജമ്മുകാശ്മീര്‍ എന്നിവിടങ്ങളിലും ചില നിയന്ത്രണങ്ങളുണ്ട്.കഴിഞ്ഞ ദിവസം രാജ്യത്ത് 13,000ത്തിലധികം കേസുകളായിരുന്നു റിപ്പോര്‍ട്ട് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: