ഓര്‍മ്മയില്ലേ സ്പ്രിങ്കഌ വിവാദം. കൊറോണ വൈറസ് വ്യാപനത്തിന്റെ മറവില്‍ മലയാളികളുടെ ആരോഗ്യവിവരങ്ങള്‍ വില്‍ക്കാനുള്ള പദ്ധതി. അമേരിക്കന്‍ കമ്പനിയുമായി കച്ചവടമുറപ്പിക്കാന്‍ കച്ചകെട്ടി ഇറങ്ങിയതാണത്. അത് വാര്‍ത്തയായപ്പോള്‍ മുഖ്യമന്ത്രിയും മന്ത്രിമാരും പൊട്ടിത്തെറിച്ചു. എന്താണീ പറയുന്നത്? ഇടത് സര്‍ക്കാര്‍ അമേരിക്കന്‍ കമ്പനിയുമായി കരാറുണ്ടാക്കുകയോ? ഇല്ലേ ഇല്ലേ. ഇത് പറയുന്നവരുടെ മനോനില പരിശോധിക്കണം. പക്ഷേ ഇടത് ഭരണത്തിലെ രണ്ടാം കക്ഷിയായ സിപിഐയ്‌ക്ക് അത് ബോധ്യമായില്ല. മുഖ്യമന്ത്രി സ്വന്തം പ്രിന്‍സിപ്പള്‍ സെക്രട്ടറി, ശിവശങ്കറിനെ സിപിഐയുടെ ആപ്പീസായ എംഎന്‍ സ്മാരകത്തിലയച്ചു. സംഗതികള്‍ വിശദീകരിക്കാന്‍. ശിവശങ്കര്‍ മാധ്യമങ്ങളുടെ മുന്നിലെത്തി ഞാനാണത് ഉണ്ടാക്കിയത് എന്ന് സമ്മതിച്ചു. ഇയാളുടെ മനോനില പരിശോധിക്കണമെന്ന അഭിപ്രായവും ഉയര്‍ന്നു. അവസാനം സ്പ്രിങ്കഌ കരാര്‍ റദ്ദാക്കേണ്ടിവന്നു. അവിടെ സംശയം ഉയര്‍ന്നത് സര്‍ക്കാരിന്റെ മനോനിലയാണ്.
കഴിഞ്ഞ ഏപ്രില്‍ 10 നാണ് സ്പ്രിങ്കഌ കറാറുണ്ടാക്കുന്നത്. പ്രളയകാലം മുതലേ ഈ കമ്പനിയുമായി ചര്‍ച്ച നടത്തിയതായി വെളിപ്പെട്ടു. കേന്ദ്ര ഐടി നിയമനത്തിന് വിരുദ്ധമായി ഒരു വിദേശ കമ്പനിയുമായി സംസ്ഥാനം കരാറുണ്ടാക്കിയെങ്കില്‍ ഉണ്ടാക്കിയവരുടെ മനോനില സമ്മതിച്ചുകൊടുത്തേ പറ്റൂ.
അമേരിക്കന്‍ ബഹുരാഷ്‌ട്ര കമ്പനിയായ ഇഎംസിസിയുമായുള്ള ആഴക്കടല്‍ മത്സ്യബന്ധന കരാര്‍ വിവാദമായതാണല്ലൊ. ഇത് പുറത്തുകൊണ്ടുവന്ന പ്രതിപക്ഷനേതാവിന്റെ മനോനില പ്രശ്‌നത്തിലാണെന്നാണ് മന്ത്രി മേഴ്‌സിക്കുട്ടി ആരോപിച്ചത്. മന്ത്രിയുടെ മനോനില പരിശോധിക്കണമെന്ന് മുല്ലപ്പള്ളി. ആരെങ്കിലും പറയുന്നത് വാര്‍ത്തയാക്കുന്ന പത്രക്കാരുടെ മനോനില പരിശോധിക്കണമെന്ന് വ്യവസായമന്ത്രി. ഏതായാലും കരാര്‍ ഒടുവില്‍ റദ്ദാക്കി. മുഖ്യമന്ത്രിയുടെ നിര്‍ദേശം അനുസരിച്ചാണിത്.400 ട്രോളറുകളും അഞ്ച് മദര്‍ഷിപ്പുകളും നിര്‍മിക്കാനും അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്കുമായിരുന്നു ധാരണാ പത്രം. ധാരണാ പത്രത്തിലേക്ക് നയിച്ച കാര്യങ്ങള്‍ അന്വേഷിക്കാന്‍ അഡീ. ചീഫ് സെക്രട്ടറി ടി.കെ. ജോസിനെ ചുമതലപ്പെടുത്തി. എന്നാല്‍ വ്യവസായ നിക്ഷേപ സംരംഭകരെ ആകര്‍ഷിക്കാന്‍ സംഘടിപ്പിച്ച അസന്‍ഡ് 2020ല്‍ സര്‍ക്കാരിനു വേണ്ടി എം.ജി. രാജമാണിക്യം കെഎസ്‌ഐഡിസിക്കു വേണ്ടി ഇഎംസിസിയുമായ ഒപ്പുവച്ച ധാരണാ പത്രവും ഇഎംസിസിക്ക് ചേര്‍ത്തല പള്ളിപ്പുറത്ത് മത്സ്യസംസ്‌കരണശാലയ്‌ക്ക് നാലേക്കര്‍ ഭൂമി അനുവദിച്ചതും റദ്ദാക്കാതിരുന്നതിന്റെ മനോനില എന്താകും.
സര്‍ക്കാരിന് ഇഎംസിസിയുമായുള്ള ബന്ധം ഓരോ ദിവസവും പുറത്തു വരുന്നതോടെയാണ് മുഖം രക്ഷിക്കാന്‍ ട്രോളര്‍ നിര്‍മാണ കരാര്‍ മാത്രം റദ്ദാക്കിയത്. പദ്ധതി വിവരങ്ങള്‍ പുറത്തു വന്നതു മുതല്‍ ഉദ്യോഗസ്ഥരെ പഴിചാരി തങ്ങള്‍ക്കൊന്നുമറിയില്ല എന്ന നിലപാടായിരുന്നു മന്ത്രി മേഴ്‌സിക്കുട്ടിയമ്മയുടെയും ഇ.പി. ജയരാജന്റെയും. മുഖ്യമന്ത്രിയും കൈ മലര്‍ത്തി. എന്നാല്‍ മൂന്നു വര്‍ഷമായി പദ്ധതിയുടെ ചര്‍ച്ചകള്‍ വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട് നടന്നിരുന്നുവെന്നും മന്ത്രിതലത്തില്‍ തന്നെ കൂടിക്കാഴ്ചയുണ്ടായിയെന്നും വ്യക്തമായി. കരാറിന് മുന്‍കൈ എടുത്ത ഐഎഎസ് ഉദ്യോഗസ്ഥനെ പുട്ടാനുള്ള ശ്രമം ശക്തിപ്പെട്ടു. ഐഎഎസ്‌കാരന്‍ പ്രശാന്തിനെ മാധ്യമ പ്രവര്‍ത്തക ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ ആക്ഷേപകരമായ സ്റ്റിക്കറുകള്‍ മറുപടി അയച്ചത്രെ. എന്താകും അദ്ദേഹത്തിന്റെ മനോനില?
രാഷ്‌ട്രീയക്കാര്‍ക്ക് മാത്രമല്ല മനോനിലപ്രശ്‌നം. സിനിമക്കാര്‍ക്കുമുണ്ട് മനോനിലയിലെ താളപ്പിഴ. ചലച്ചിത്ര അക്കാദമി അധ്യക്ഷന്‍ കമലിന്റെ മനോനിലയെക്കുറിച്ച് ഇപ്പോള്‍ സജീവ ചര്‍ച്ചയാണല്ലോ. ദേശീയ പുരസ്‌കാരങ്ങള്‍ വരെ വാരിക്കൂട്ടിയ സലീംകുമാറിനെ എറണാകുളത്തെ ഫിലിം ഉത്സവത്തില്‍ നിന്നൊഴിവാക്കി. പോട്ടെ. കോണ്‍ഗ്രസുകാരനല്ലേ. കലയിലും വേണമല്ലൊ കലഹവും കാലുവാരലും. ഇടതു സഹയാത്രികനാണ് ഷാജി എന്‍. കരുണ്‍. കമലിനെപ്പോലെയോ ഒരുപടി മുന്നിലോ നില്‍ക്കുന്ന സംവിധായകന്‍. ഷാജിക്കും. മനോവേദനയുണ്ടാക്കിയ കമലിന്റെ മനോനില എന്താകും?
സിനിമക്കാര്‍ക്ക് മാത്രമല്ല ഇടത് സാഹിത്യകാരന്മാരുടെയും ചരിത്രകാരന്മാരുടെയും മനോനിലയാണ് കഷ്ടം. എത്ര വൈകൃതം നിറഞ്ഞതാണ് ചരിത്രകാരന്മാര്‍ (?) എന്നവകാശപ്പെടുന്നവരുടെ മനോനില! 2019 ഡിസംബര്‍ 28, അന്നാണല്ലോ കണ്ണൂരില്‍ ചരിത്രകോണ്‍ഗ്രസ് ഉദ്ഘാടനം ചെയ്യപ്പെട്ടത്. ഉദ്ഘാടകന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഗവര്‍ണര്‍ പ്രസംഗം തുടങ്ങിയപ്പോഴായിരുന്നല്ലോ ചരിത്രകാരന്‍ ഇര്‍ഫാന്‍ ഹബീബ് വേദിയില്‍ ഗവര്‍ണര്‍ക്കുനേരെ വിരല്‍ചൂണ്ടി ചാടിവന്നത്. എന്തായിരിക്കും ഇര്‍ഫാന്റെ മനോനില. സിഎഎ നിയമമാണ് പ്രശ്‌നം. ചരിത്രകാരന്‍ എന്നത് മറന്ന് ഇര്‍ഫാന്‍ ഇസ്ലാമിക ഭീകരനെപ്പോലെയായി. സിഎഎ നിയമത്തെക്കുറിച്ച് ഗവര്‍ണര്‍ തന്റെ നിലപാട് ന്യായീകരിക്കാന്‍ നോക്കിയതാണ് പ്രശ്‌നം. ഗവര്‍ണര്‍ പറഞ്ഞത് ഇത്രമാത്രം – ‘ഞാന്‍ 26-ാം വയസ്സില്‍ പാര്‍ലമെന്റേറിയനായ ആളാണ്. എനിക്ക് രാഷ്‌ട്രീയ സ്വഭാവമുള്ള വിഷയങ്ങള്‍ ഉയര്‍ന്നുവരുമ്പോള്‍ പ്രതികരിക്കാതിരിക്കാനാവില്ല. ഭരണഘടനയെ സംരക്ഷിക്കുമെന്ന് സത്യപ്രതിജ്ഞ ചെയ്താണ് ഗവര്‍ണറായത്. പൗരത്വനിയമത്തെ സംബന്ധിച്ച് എന്റെ വീക്ഷണമാണ് ശരി. എതിര്‍ക്കുന്നവര്‍ക്ക് അവരുടെ വീക്ഷണവും. ഇവിടെ ഗവര്‍ണറുടെ മനോനില പ്രസക്തമാണ്.
ഏതായാലും മാനസിക വെല്ലുവിളി നേരിടുന്നവര്‍ക്കായി തിരുവനന്തപുരത്ത് 75 ലക്ഷം രൂപ ചെലവാക്കി ഒരു കേന്ദ്രം തുടങ്ങുന്നത്രേ. ഏതായാലും നന്നായി. മനോനില വഷളായവര്‍ ഏറെ തിരുവനന്തപുരത്താണെന്നാണ് ഏറ്റവും ഒടുവിലത്തെ വിവാദങ്ങള്‍ തെളിയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: