അഹമ്മദാബാദ്: ടെസ്റ്റ് ക്രിക്കറ്റില്‍ ചരിത്ര നേട്ടത്തിനൊരുങ്ങി ഇന്ത്യന്‍ പേസര്‍ ഇശാന്ത് ശര്‍മ്മ. ഇന്ന് ഇംഗ്ലണ്ടിനെതിരെ ഇശാന്ത് ഇറങ്ങുന്നത് കരിയറിലെ നൂറാം ടെസ്റ്റിനാണ്. ഇന്ന് കളിക്കാനിറങ്ങിയാല് ഈ നേട്ടം സ്വന്തമാക്കുന്ന പതിനൊന്നാമത്തെ ഇന്ത്യന്‍ താരമെന്ന നാഴികക്കല്ലിലെത്തും ഇശാന്ത് ശര്‍മ്മ. മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന് ടെന്‍ഡുല്‍ക്കര്‍ നേതൃത്വം കൊടുക്കുന്ന എലൈറ്റ് പട്ടികയിലാണ് ഇശാന്ത് ഇടംപിടിക്കുക.
മറ്റൊരു റെക്കോഡും ഇഷാന്തിന് സ്വന്തമാകും. ഇതിഹാസതാരം കപില്‍ ദേവിനുശേഷം 100 ടെസ്റ്റ് കളിക്കുന്ന രണ്ടാമത്തെ ഇന്ത്യന്‍ പേസറാകും ഇഷാന്ത്. നിലവില്‍ രാജ്യാന്തര ക്രിക്കറ്റില്‍ തുടരുന്നവരില്‍ ഇംഗ്ലണ്ടിന്റെ ജയിംസ് ആന്‍ഡേഴ്സണും സ്റ്റുവര്‍ട്ട് ബ്രോഡും മാത്രമാണ് നൂറിലേറെ ടെസ്റ്റ് കളിച്ചിട്ടുള്ള ഫാസ്റ്റ് ബൗളര്‍മാര്‍. ഇതുകൊണ്ടുതന്നെ ഒരു ഇന്ത്യന്‍ പേസര്‍ ടെസ്റ്റില്‍ നൂറിന്റെ നിറവില്‍ എത്തുന്നതിന് ഇരട്ടി തിളക്കം. 2007 മെയ് 25ന് ബംഗ്ലാദേശിനെതിരെ ധാക്കയിലാണ് ഇഷാന്ത് ശര്‍മ ടെസ്റ്റില്‍ അരങ്ങേറിയത്. 99 ടെസ്റ്റില്‍ 302 വിക്കറ്റാണ് ഇശാന്തിന്റെ സമ്പാദ്യം. 11 തവണ അഞ്ച് വിക്കറ്റ് നേട്ടവും ഒരിക്കല്‍ പത്ത് വിക്കറ്റ് നേട്ടവും സ്വന്തമാക്കിയിട്ടുണ്ട്് ഈ ദല്ഹിക്കാരന്. 2014-ല്‍ ഇംഗ്ലണ്ടിനെതിരെ 74 റണ്‍സിന് ഏഴ് വിക്കറ്റ് വീഴ്ത്തിയതാണ് മികച്ച പ്രകടനം.
കൂടാതെ കപില്‍ ദേവിനും സഹീര്‍ ഖാനും ശേഷം ടെസ്റ്റില്‍ 300 വിക്കറ്റ് ക്ലബിലെത്തുന്ന ഇന്ത്യന്‍ പേസ് ബൗളറെന്ന നേട്ടവും ഇഷാന്തിന് സ്വന്തമാണ്. ചെന്നൈയില്‍ ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്സില്‍ ഡാനിയേല്‍ ലോറന്‍സിനെ പുറത്താക്കിയാണ് ഇശാന്ത് മുന്നൂറ് വിക്കറ്റ് തികച്ചത്. 99 ടെസ്റ്റുകളില്‍ നിന്ന് 302 വിക്കറ്റുകളാണ് ഇഷാന്തിന്റെ സമ്പാദ്യം.
സച്ചിന് ടെണ്ടുല്‍ക്കറാണ് (200) ഏറ്റവും കൂടുതല്‍ ടെസ്റ്റ് കളിച്ച താരം. 163 ടെസ്റ്റുമായി രാഹുല്‍ ദ്രാവിഡ് രണ്ടാം സ്ഥാനത്ത്. വി.വി.എസ്. ലക്ഷ്മണ് 134 ടെസ്റ്റുമായി മൂന്നാം സ്ഥാനത്ത്. അനില്‍ കുംബ്ലെ (132), കപില്‍ദേവ് (131), സുനില്‍ ഗാവസ്കര്‍ (125), ദിലീപ് വെങ്സാര്‍ക്കര്‍ (116), സൗരവ് ഗാംഗുലി (113), ഹര്ഭജന് സിങ് (103), വിരേന്ദര്‍ സെവാഗ് (103) എന്നിവരാണ് നൂറിലേറെ ടെസ്റ്റുകള്‍ കളിച്ചിട്ടുള്ള മറ്റ് ഇന്ത്യന്‍ താരങ്ങള്‍. 99 ടെസ്റ്റുമായി മുഹമ്മദ് അസ്ഹറുദ്ദീനൊപ്പമാണിപ്പോള് ഇശാന്ത് ശര്‍മ്മയുടെ സ്ഥാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: