കൊട്ടാരക്കര: ശിവഭക്തിയില്‍ വിലയം പ്രാപിച്ച നന്ദനാരുടെ കഥയുമായി നീലമന സഹോദരിമാര്‍ വീണ്ടും നൃത്ത സമര്‍പ്പണവുമായി എത്തുന്നു. മാര്‍ച്ച് രണ്ടുമുതല്‍ ആരംഭിച്ച് പത്ത് ഭാഗങ്ങളായാണ് നൃത്തം അവതരിപ്പിക്കുന്നത്. നീലമന സിസ്റ്റേഴ്സ് എന്ന ഫെയ്സ്ബുക്ക് പേജിലൂടെ വൈകുന്നേരങ്ങളിലായിരിക്കും നൃത്താവതരണം.
ഏഴാം നൂറ്റാണ്ടില്‍ തമിഴ്നാട്ടിലെ ആദനല്ലൂര് ഗ്രാമത്തില്‍ ജനിച്ച നന്ദനാരുടെ കഥയാണ് നൃത്ത സമര്‍പ്പണമായി ഇത്തവണ അവതരിപ്പിക്കുന്നതെന്ന് നീലമന സഹോദരിമാര്‍ പറയുന്നു. പത്തൊന്‍പതാം നൂറ്റാണ്ടില്‍ നന്ദനാരുടെ ശിവഭക്തിയുടെ കഥ ഗോപാലകൃഷ്ണ ഭാരതീയര്‍ നൂറോളം കീര്‍ത്തനങ്ങളിലൂടെ ഹരികഥാ രൂപത്തില്‍ എഴുതി ചിട്ടപ്പെടുത്തിയിട്ടുണ്ട്. ഇതിനെ ആസ്പദമാക്കിയാണ് 13 മിനിട്ട് ദൈര്‍ഘ്യത്തില്‍ നന്ദനാര്‍ ചരിതം ചിത്രീകരിച്ചിരിക്കുന്നത്.
മാര്‍ച്ച് 2 മുതല്‍ മാര്‍ച്ച് 11 മഹാശിവരാത്രിയുടെ അന്നുവരെയാണ് നൃത്തസമര്‍പ്പണം നടക്കുക. മുന്ജന്മ സുകൃതമെന്നോണം നന്ദനാരുടെ ജീവിതപാത കടന്നുപോയ വഴികളിലൂടെയാണ് ഇത് ചിത്രീകരിക്കാന്‍ കഴിഞ്ഞതെന്നും ഇവര്‍ വ്യക്തമാക്കുന്നു.
കൊട്ടാരക്കര നീലമനയിലെ ഡോ. എന്‍.എന്‍. മുരളിയുടെ മക്കളാണ് ഡോ. പത്മിനികൃഷ്ണനും, ഡോ. ദ്രൗപതി പ്രവീണും. സഹോദരിമാര്‍ ഡോക്ടര്‍മാര്‍ ആണെങ്കിലും നൃത്തത്തിലാണ് കൂടുതല്‍ പ്രശസ്തി നേടിയിട്ടുള്ളത്. ഒരാള്‍ ഭരതനാട്യത്തിലും, മറ്റയാള്‍ കുച്ചിപുടിയിലും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: