തിരുവനന്തപുരം: ആഴക്കടല്‍ മത്സ്യബന്ധന വിവാദത്തില്‍ മന്ത്രിമാരായ ഇ.പി. ജയരാജനും ജെ. മേഴ്സിക്കുട്ടിയമ്മയ്‌ക്കുമൊപ്പം മുഖ്യമന്ത്രി പിണറായി വിജയനും കുടുങ്ങുമെന്നായതോടെ അമേരിക്കന്‍ കമ്പനിയായ ഇ.എം.സി.സിയും കേരള ഷിപ്പിങ് ആന്‍ഡ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പ്പറേഷനും (കെ.എസ്.ഐ.എന്‍.സി) തമ്മിലുള്ള ധാരണാപത്രം റദ്ദാക്കി. കോര്‍പ്പേറഷന്‍ എംഡി എന്‍. പ്രശാന്ത് ഒപ്പിട്ട ധാരണാപത്രമാണ് റദ്ദാക്കിയത്. ധാരണാപത്രം സര്‍ക്കാര്‍ നയങ്ങള്‍ക്ക് വിരുദ്ധമാണെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍, കെഎസ്‌ഐഡിസിയുമായുള്ള കരാര്‍ റദ്ദാക്കിയിട്ടില്ല. ഇ.എം.സി.സി. ഇന്റര്‍നാഷണലിന്റെ സി.ഇ.ഒ. ഡുവന്‍ ഇ. ഗെരന്‍സുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തിയെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ വെളിപ്പെടുത്തലിനു പിന്നാലെയാണ് മുഖ്യമന്ത്രിയുടെ ഓഫിസ് ധൃതിപിടിച്ച് കരാര്‍ റദ്ദാക്കി തലയൂരിയത്. വിഷയത്തില്‍ കൂടുതല്‍ തെളിവുകള്‍ പുറത്തുവിട്ടതോടെ സര്‍ക്കാര്‍ പ്രതിരോധത്തിലായി. വ്യവസായ സംരംഭകരെ ആകര്‍ഷിക്കാനായി കഴിഞ്ഞ വര്‍ഷം കൊച്ചിയില്‍ നടത്തിയ അസെന്‍ഡില്‍വച്ചു ധാരണാപത്രം ഒപ്പിട്ടതു സര്‍ക്കാരാണെന്നതിനും ചെന്നിത്തല തെളിവു നിരത്തിയതോടെയാണ് പുനഃപരിശോധനയ്‌ക്കു നിര്‍ദേശമുണ്ടായത്.
കെ.എസ്.ഐ.എന്‍.സി. ഉദ്യോഗസ്ഥര്‍ക്കെതിരേ അന്വേഷണം നടത്താനും മുഖ്യമന്ത്രി നീക്കം നടത്തുന്നുണ്ട്. ഇത് എം.ഡി: എന്‍. പ്രശാന്തിനെ ബലിയാടാക്കി സര്‍ക്കാരിനു തടിയൂരാനാണെന്ന് ആരോപണമുയര്‍ന്നിട്ടുണ്ട്. എന്നാല്‍, ധാരണാപത്രവും ഇ.എം.സി.സിക്കു ചേര്‍ത്തല പള്ളിപ്പുറത്തു നാലേക്കര്‍ ഭൂമി അനുവദിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവും പുറത്തുവന്നോതോടെ സര്‍ക്കാരാണ് വിഷയത്തിലെ യഥാര്‍ത്ഥ പ്രതികളെന്ന് വ്യക്തമായി
ഒരാഴ്ചയിലധികം ആഴക്കടലില്‍ തങ്ങി മീന്‍പിടിക്കാന്‍ കഴിയുന്ന ചെറുകപ്പലുകള്‍ (ട്രോളറുകള്‍) നിര്‍മിക്കാനും അവയില്‍ തദ്ദേശീയരായ മത്സ്യത്തൊഴിലാളികളെ നിയോഗിച്ചു പിടിക്കുന്ന മത്സ്യം സംസ്‌കരിച്ച് കയറ്റുമതി ചെയ്യാനുമായിരുന്നു ഇ.എം.സി.സിയുടെ പദ്ധതി. സംസ്ഥാന സര്‍ക്കാരിന്റെ മത്സ്യനയം പ്രകാരം ആഴക്കടല്‍ ട്രോളറുകള്‍ അനുവദനീയമല്ല. എന്നിട്ടും ട്രോളറുകള്‍ നിര്‍മിക്കാനുള്ള സംരംഭത്തില്‍ കെ.എസ്.ഐ.എന്‍.സി. പങ്കുചേര്‍ന്നത് എങ്ങനെയെന്നതില്‍ വ്യക്തതയില്ല.
ആരോപണങ്ങള്‍ സര്‍ക്കാരിന്റെ പ്രതിച്ഛായയെ ബാധിക്കുകയും മത്സ്യത്തൊഴിലാളികള്‍ക്കിടയില്‍ കടുത്ത അമര്‍ഷം ഉയരുകയും ചെയ്തതോടെ എന്‍. പ്രശാന്തിനെതിരേ വകുപ്പുതല നടപടിക്കു സാധ്യതയുണ്ട്. പ്രശാന്തിന്റെ ഇടപെടലുകളെക്കുറിച്ച് അന്വേഷിക്കണമെന്നു മന്ത്രി മേഴ്സിക്കുട്ടിയമ്മ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. ചെന്നിത്തല ആഭ്യന്തരമന്ത്രിയായിരിക്കെ സെക്രട്ടറിയായിരുന്ന ആളാണു പ്രശാന്ത്. അതിനാലാണ് തെരഞ്ഞെടുപ്പ് അടുത്ത വേളയിലെ ആരോപണങ്ങളുടെ പേരില്‍ സര്‍ക്കാര്‍ പ്രശാന്തിനെ സംശയിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: