തിരുവനന്തപുരം: സമ്മാനമില്ലെന്ന് കരുതി ഉപേക്ഷിക്കാൻ ശ്രമിച്ച ലോട്ടറി ടിക്കറ്റിന് ഒന്നാം സമ്മാനം. വിഴിഞ്ഞം സ്വദേശി സിറാജുദീനാണ് കാരുണ്യ ലോട്ടറിയുടെ ഒന്നാം സമ്മാനമായ 80 ലക്ഷം രൂപ ലഭിച്ചത്.
വിഴിഞ്ഞം പുല്ലൂര്‍ക്കോണം പ്ലാമൂട്ടുവിള വീട്ടില്‍ സിറാജുദ്ദീനിന് ലോട്ടറി ടിക്കറ്റ് എടുക്കല്‍ ഒരു ഹരമാണ്. കഴിഞ്ഞ ദിവസത്തെ ഫലം വന്നപ്പോഴും 5000 രൂപ വരെയുള്ള സമ്മാനത്തില്‍ മാത്രമേ സിറാജുദ്ദീന് തിരഞ്ഞുള്ളൂ. സമ്മാനം ഇല്ലെന്നു കണ്ട് ടിക്കറ്റ് ഉപേക്ഷിക്കാന്‍ ഒരുങ്ങവേ ആണ് ടിക്കറ്റ് വിറ്റ വനിത ഓടി എത്തി സമ്മാനവിവരം അറിയിക്കുന്നത്.
കഴിഞ്ഞ 20 വര്‍ഷമായി മുടക്കമില്ലാതെ ലോട്ടറി എടുക്കുന്ന ആളാണ് സിറാജുദീൻ. ഒന്നാംസമ്മാനമായ 80 ലക്ഷം അടിച്ചെന്നുമാത്രമല്ല, ഒപ്പം എടുത്ത ബാക്കി 9 ടിക്കറ്റിനും 8000 രൂപ വീതവും ഇദ്ദേഹത്തിന് തന്നെ ലഭിക്കുകയായിരുന്നു. ബാലരാമപുരത്തെ ഹോട്ടലിലെ തൊഴിലാളിയാണ് സിറാജുദ്ദീന്. സ്വന്തമായി വീട് ഇല്ലാത്തതിനാല്‍ ഭാര്യ സീനത്ത്, മക്കളായ ഷഹീറ, ഷഹീര്‍, ഷബീദ എന്നിവര്‍ക്കൊപ്പം ബന്ധുവീട്ടിലാണ് താമസം. വീടും സ്ഥലവും വാങ്ങണം എന്നതാണ് ആദ്യ ആഗ്രഹം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: