ആയുര്‍വേദ ചികിത്സാ പദ്ധതിയില്‍ തൈലം, ഘൃതം, ചൂര്‍ണം, ഗുളിക, ലേഹ്യം, അരിഷ്ടം, ആസവം, കല്‍ക്കം എന്നിങ്ങനെ ഔഷധവിധികള്‍ എട്ടുതരമുണ്ട്. ഇതില്‍ കഷായം മൂന്നു തരം. ശൃതം,ഫാണ്ഡകഷായം, ശീത കഷായം. മരുന്നുകള്‍ തിളപ്പിച്ച് തയ്യാറാക്കുന്നതാണ് ശൃതം. ഇതിന് ക്വാഥം എന്നും പറയും. ശൃത കഷായം: ഒരു കഷായത്തിന് ആവശ്യമായ മരുന്ന് 12 കഴഞ്ച് അഥവാ 60 ഗ്രാം ആണ്. അതായത് 24കൂട്ടം മരുന്നുകളുണ്ടെങ്കില്‍ ഓരോന്നും അരക്കഴഞ്ച് (രണ്ടര ഗ്രാം) വീതം വേണം. കഷായത്തിനെടുക്കുന്ന വെള്ളത്തിനും പ്രത്യേക അളവുകളുണ്ട്.
ഇല, പൂവ് തൊലി, കനം കുറഞ്ഞ വേര്, കനം കുറഞ്ഞ തണ്ടുകള്‍ (ഉദാ: അമൃത്, വയമ്പ്) ഇവയാണ് കഷായത്തിനുള്ള മരുന്നുകളെങ്കില്‍ ഓരോന്നും 16 ഇരട്ടി വെള്ളത്തില്‍ കഷായം വെച്ച് നാലിലൊന്നായി വറ്റിച്ച് അതിന്റെ നാലിലൊന്ന് ഒരു നേരം കഴിക്കുക. മരത്തിന്റെ കാതല്‍ (ഉദാ: കരിങ്ങാലി കാതല്‍), കട്ടിയുള്ള വേരുകള്‍ (ഉദാ:കുമ്പിള്‍ വേര്, കൂവളത്തിന്‍ വേര്), കുരുക്കള്‍ (ഉദാ:തേറ്റാംപരല്‍) ഇവയാണെങ്കില്‍ 32 ഇരട്ടിവെള്ളത്തില്‍ വേവിക്കണം. അത് എട്ടില്‍ ഒന്നാക്കി (നാഴി) വറ്റിച്ച് അതിന്റെ നാലിലൊന്ന് (ഒരു തുടം) വീതം ഒരു നേരം കഴിക്കണം.
ഇല, തൊലി, വേര് ഇവമാത്രമുള്ള കഷായത്തിന് മൊത്തം വേണ്ടത് 60 ഗ്രാം (ഒരു പലം) മരുന്നാണ് ഉപയോഗിക്കുന്നതെങ്കില്‍ മൂന്ന് ലിറ്റര്‍ വെള്ളത്തില്‍ വെന്ത് 400 മില്ലിയാക്കി (നാഴി) വറ്റിച്ച് 100 ഗ്രാം (ഒരു തുടം) വീതം നാലു നേരം കഴിക്കണം.
ഫാണ്ഡ കഷായം: കഷായത്തിനുള്ള മരുന്നുകളെല്ലാം ശീലപ്പൊടിയാക്കി, അതില്‍ നിന്ന് ആവശ്യത്തിനുള്ള പൊടിയെടുത്ത് വെള്ളത്തില്‍ തിളപ്പിച്ചുണ്ടാക്കുന്നതാണ് ഈ ഔഷധവിധി. ഒരു നേരത്തെ കഷായത്തിന് എട്ടു ഗ്രാം പൊടിയെടുക്കാം. കാതല്‍, കട്ടിയുള്ള വേര് ഇവയുള്‍പ്പെട്ട പൊടിയാണെങ്കില്‍ 800 മില്ലി വെള്ളത്തില്‍ തിളപ്പിച്ച് 100 മില്ലിയാകുമ്പോള്‍ വാങ്ങി, അരിച്ചെടുത്ത് കുടിക്കുക. പൂവ്, തൊലി എന്നിവയാണ് പൊടിയിലെ കൂട്ടുകളെങ്കില്‍ എട്ടു ഗ്രാം പൊടിയെടുത്ത് 400 മില്ലി വെള്ളത്തില്‍ വെന്ത് വറ്റിച്ചെടുത്ത് 100 മില്ലിയാകുമ്പോള്‍ വാങ്ങി അരിച്ചെടുക്കണം. ഇത് ഒരു നേരം സേവിക്കാം.
ശീതകഷായം: കനം കുറഞ്ഞ വേരുകള്‍, തൊലി, പൂവ്, പുല്‍വര്‍ഗങ്ങള്‍ ഇവയാണ് മുഖ്യമായും ശീതകഷായത്തിന് ഉപയോഗിക്കുന്നത്. രാമച്ചം, പര്‍പ്പടക പുല്ല്, നൊങ്ങണം പുല്ല്, ചന്ദനം എന്നീ മരുന്നുകള്‍ ചതച്ച് മരുന്നിന്റെ എട്ട് ഇരട്ടി വെള്ളത്തില്‍ ഒരു രാത്രി ഇട്ടുവെയ്‌ക്കണം. പിറ്റേന്ന് അരിച്ചെടുത്ത് അതിന്റെ നാലില്‍ ഒന്നു വീതം ഓരോ നേരമായി സേവിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: