ഇന്ന് ലോകമാതൃഭാഷാദിനം. 1952 ഫെബ്രവരി 21 ന് ബംഗഌദേശില്‍ ഭാഷാപ്രസ്ഥാനക്കാരുടെ പ്രതിഷേധസമരത്തിനിടെയുണ്ടായ പോലീസ് വെടിെവപ്പില്‍ കൊല്ലപ്പെട്ടവരുടെ പാവനസ്മരണ നിലനിര്‍ത്താനാണ് ഈ ദിനം ലോകമാതൃഭാഷാദിനമായി ആചരിക്കാന്‍ യുനസ്‌കോ തീരുമാനിക്കുന്നത്. ലോകത്തുള്ള എല്ലാ ഭാഷകളുടെയും ബഹുസ്വരമായ സാംസ്‌കാരികസ്വത്വം പ്രചരിപ്പിക്കുകയാണ് ഈ ദിനാചരണത്തിന്റെ ലക്ഷ്യം. വ്യത്യസ്ത ഭാഷാസമൂഹങ്ങള്‍ ഇടകലര്‍ന്ന് ജീവിക്കുന്ന നമ്മുടെ രാജ്യത്ത് മാതൃഭാഷാദിനത്തിന് വലിയ പ്രാധാന്യമുണ്ട്.
മറ്റ് ലോകരാഷ്‌ട്രങ്ങളില്‍നിന്നു വ്യത്യസ്തമായി ഭാരതം ഒരു ബഹുഭാഷാസമന്വയഭൂമിയാണ്. ഭരണഘടനയുടെ എട്ടാം പട്ടികയിലുള്‍പെട്ട ഇരുപത്തിരണ്ട് പ്രധാനഭാഷകളെ കൂടാതെ നൂറുകണക്കിന് പ്രാദേശികഭാഷകള്‍ ഭാരതത്തില്‍ പ്രചാരത്തിലുണ്ട്. ഈ ഭാഷകളാണ് ഭാരതത്തിന് ശക്തിയും സൗന്ദര്യവും നല്‍കുന്നത്. ഭാഷാടിസ്ഥാനത്തിലാണ് സംസ്ഥാനങ്ങള്‍ രൂപീകരിക്കപ്പെട്ടതെങ്കിലും ഓരോ സംസ്ഥാനത്തും ഒന്നിലധികം ഭാഷകള്‍ പ്രചാരത്തിലുണ്ട്്. കേരളത്തിന്റെ മാതൃഭാഷ മലയാളമാണെങ്കിലും മറ്റ് സംസ്ഥാനങ്ങളിലെ ഭാഷകള്‍ക്കുപുറമേ മലയാളവുമായി ബന്ധമില്ലാത്ത അനേകം തനത് ഗോത്രഭാഷകളും ഇവിടെ പ്രചാരത്തിലുണ്ട്. ദ്രാവിഡഗോത്രത്തില്‍പെട്ട അസമ്പുഷ്ട ഭാഷകളില്‍ ചിലത് നമ്മുടെ ഗിരിവര്‍ഗ്ഗക്കാരുടെയിടയിലാണുള്ളത്. അവരാവട്ടെ മലയാളത്തെയല്ല, അവരുടെ തനത് ഗോത്രഭാഷകളെയാണ് മാതൃഭാഷയായി കണക്കാക്കുന്നത്. ഇങ്ങനെ നോക്കുമ്പോള്‍ മാതൃഭാഷ എന്ന സങ്കല്‍പ്പത്തിനുതന്നെ വിശാലമായ തലങ്ങളുണ്ട് എന്ന് കാണാം. നിര്‍ഭാഗ്യവശാല്‍ ഈ ഗോത്രഭാഷകള്‍ പലതും അനുദിനം അന്യം നിന്നുപോവുകയാണ്. ഇക്കാര്യം മനസ്സിലാക്കിയാണ് 2020 ജൂലൈയില്‍ പുറത്തിറങ്ങിയ ദേശീയവിദ്യാഭ്യാസ നയത്തില്‍ ഭാരതത്തിലെ വംശനാശഭീഷണി നേരിടുന്ന ഭാഷകളുടെ വികസനത്തിനായി ഒട്ടനവധി പദ്ധതികള്‍ വിഭാവനം ചെയ്യപ്പെട്ടത്.
കഴിഞ്ഞ അമ്പത് വര്‍ഷത്തിനിടയില്‍ മാത്രം 220 ഭാഷകള്‍ നമുക്ക് നഷ്ടപ്പെട്ടു. 197 ഭാരതീയഭാഷകളെ വംശനാശഭീഷണി നേരിടുന്ന ഭാഷകളായി യുനസ്‌കോ പ്രഖ്യാപിച്ചു. ലിപിയില്ലാത്ത പല ഭാഷകളും നാശത്തിന്റെ വക്കിലാണുള്ളത്. ഇത്തരം ഭാഷകള്‍ സംസാരിക്കുന്ന ഗോത്രസമൂഹത്തിലെ മുതിര്‍ന്ന അംഗങ്ങള്‍ മരണപ്പെടുമ്പോള്‍ ആ ഭാഷകളും അതോടൊപ്പം വിസ്മൃതമാവുന്നു. വിശാലമായ ഇത്തരം സംസ്‌കാരങ്ങളുടെ തനത് ആവിഷ്‌കാരങ്ങളായ ഭാഷകള്‍ ഇതുപോലെ രേഖപ്പെടുത്താതെ നശിച്ചുപോകാറുണ്ട്. ഇനിയും ഇത് തുടര്‍ന്നുപോയാല്‍ ഭാരതത്തിന്റെ സാംസ്‌കാരിക പൈതൃകം ആവാഹിച്ചുപോന്ന ഈ ഭാഷകള്‍ നാമാവശേഷമാവും. ഭാരതത്തിലെ വംശനാശ ഭീഷണി നേരിടുന്ന ഭാഷകള്‍ സംരക്ഷിക്കാന്‍ ദേശീയ വിദ്യാഭ്യാസ നയം ശ്രദ്ധചെലുത്തുന്നത് ഇതുകൊണ്ടാണ്.
ഒരു രാഷ്ട്രത്തെ കീഴ്‌പെടുത്താന്‍ ആദ്യം ചെയ്യേണ്ടത് ആ രാഷ്ട്രത്തിന്റെ സംസ്‌കാരവാഹിനികളായ ഭാഷകളെ നശിപ്പിക്കുകയാണെന്ന് സാമ്രാജ്യത്വശക്തികള്‍ മുമ്പേ തിരിച്ചറിഞ്ഞിട്ടുണ്ട്. യൂറോകേന്ദ്രിതമായ സംസ്‌കാരം മൂന്നാം ലോകരാജ്യങ്ങളിലെ സംസ്‌കാരങ്ങളില്‍ അധിനിവേശം നടത്താനായി ഉപയോഗിച്ചത് ഈ മാര്‍ഗ്ഗമാണ്്. കെനിയന്‍ എഴുത്തുകാരനായ ഗൂഗിവാ തിയോംഗോ തന്റെ ‘അപകോളനിവല്‍ക്കരിക്കപെട്ട മനസ്സ്’ എന്ന പുസ്തകത്തില്‍ ഇക്കാര്യം സ്വാനുഭവങ്ങളുടെ വെളിച്ചത്തില്‍ പറയുന്നുണ്ട്. തന്റെ സംസ്‌കൃതിയുടെ സ്വത്വമായ ഗിഗിയു ഭാഷയെ ബ്രിട്ടീഷുകാര്‍ നശിപ്പിച്ച വിധം വ്യക്തമാക്കി അതില്‍നിന്നും സ്വഭാഷയെ വീണ്ടെടുക്കാന്‍ നടത്തിയ ശ്രമങ്ങളാണ് തിയാംഗോ ആ പുസ്തകത്തില്‍ സൂചിപ്പിക്കുന്നത്. തിയോംഗോയെപ്പോലുള്ളവരുടെ ഇടപെടല്‍കൊണ്ട് കെനിയ ഉള്‍പ്പെടെയുള്ള ആഫ്രിക്കന്‍ രാജ്യങ്ങള്‍ ഭാഷാകോളനീകരണത്തില്‍ നിന്ന് ഒരു വിധം കരകയറി. ഇസ്രായേലി ജനതയാവട്ടെ ഒരു പടികൂടിക്കടന്ന് ഭാഷാധിനിവേശത്തില്‍ നിന്ന് കുതറിമാറി തങ്ങളുടെ ഭാഷയായ ഹീബ്രുവിനെ ലോകഭാഷകളുടെ നെറുകയില്‍ എത്തിച്ചു. സാഹിത്യം മാത്രമല്ല, ശാസ്ത്രവിഷയങ്ങളും അവര്‍ ഹീബ്രുവില്‍ കൈകാര്യം ചെയ്തു. അതുകൊണ്ടുതന്നെ അവര്‍ക്ക് ശാസ്ത്രവിഷയങ്ങളില്‍ മൗലികമായ കണ്ടെത്തലുകള്‍ നടത്താന്‍ എളുപ്പം കഴിഞ്ഞു. നോബല്‍ സമ്മാനിതരായ ഇസ്രായേലി ശാസ്ത്രജ്ഞന്മാരില്‍ നിന്ന് നമുക്ക് ഒരുപാട് പഠിക്കാനുണ്ട്. യൂറോകേന്ദ്രിത സാംസ്‌കാരികാധിനിവേശത്തിന്റെ വിഴുപ്പുമായി നടക്കുന്ന എല്ലാ മൂന്നാം ലോകരാജ്യങ്ങള്‍ക്കും ഇസ്രായേല്‍ ഒരു മാതൃകയായി മാറുന്നത് അതുകൊണ്ടാണ്.
1835 മുതല്‍ ഭാരതീയരും ഭാഷാധിനിവേശത്തിന്റെ ഇരകളാണ്. ഇംഗ്ലീഷ് വിദ്യാഭ്യാസം നമുക്ക് പുതിയ ലോകവീക്ഷണം നല്‍കിയെന്നത് നിഷേധിക്കാനാവാത്ത വസ്തുതയാണ്. എന്നാല്‍ അതോടൊപ്പം സ്വന്തം ഭാഷകളെക്കുറിച്ചുള്ള അവജ്ഞാമനോഭാവവും ബ്രിട്ടീഷുകാര്‍ നമ്മില്‍ അടിച്ചേല്‍പ്പിച്ചു. രാഷ്‌ട്രീയസ്വാതന്ത്ര്യം ലഭിച്ച് അരനൂറ്റാണ്ട് കഴിഞ്ഞെങ്കിലും നമ്മള്‍ ഈ മനോഭാവത്തില്‍ നിന്നും ഇപ്പോഴും സ്വതന്ത്രരായിട്ടില്ല. കേരളീയരാവട്ടെ ഇംഗ്ലീഷിനെ ഒന്നാംഭാഷയായും മാതൃഭാഷയെ രണ്ടാംഭാഷയായുമാക്കി വിദ്യാലയങ്ങളില്‍ ഒരു ലജ്ജയുമില്ലാതെ പഠിപ്പിച്ചുപോരുന്നു. നമ്മുടെ സര്‍ക്കാര്‍ വകുപ്പുകളിലേക്കുള്ള ഉദ്യോഗാര്‍ത്ഥികളെ തെരെഞ്ഞെടുക്കുന്ന പൊതുപരീക്ഷയില്‍ മലയാളത്തെ മാറ്റിനിര്‍ത്തിയിരിക്കുകയാണ്. മലയാളത്തിന് ശ്രേഷ്ഠഭാഷാപദവി ലഭിച്ചു, മലയാളത്തിനായി ഒരു സര്‍വ്വകലാശാലയും സ്ഥാപിതമായി. എന്നിട്ടും മലയാളത്തെക്കുറിച്ചുള്ള പൊതുസമൂഹത്തിന്റെ സമീപനത്തില്‍ കാര്യമായ ഒരു മാറ്റവും വന്നിട്ടില്ല. ഇതിന്റെ പ്രധാന കാരണം നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായം മലയാളത്തെ അപ്രധാനമായി കാണുന്നു എന്നതുകൊണ്ടാണ്. മലയാളത്തിന് വേണ്ടിയിരുന്നത് സര്‍വ്വകലാശാലയല്ല, പകരം പ്രാഥമികതലം മുതല്‍ മലയാളം നിര്‍ബന്ധമായി പഠിപ്പിക്കുന്ന സംവിധാനമായിരുന്നു.
മാതൃഭാഷയെക്കുറിച്ചുള്ള സംവാദം കേവലം ഭാഷാമൗലികവാദമായും മാറാന്‍ സാധ്യതയുണ്ട്. മറ്റു ഭാഷകളെ അവമതിക്കാനുള്ള ഉപകരണണമായി മാതൃഭാഷാ സങ്കല്‍പ്പം മാറാന്‍ പാടില്ല. എല്ലാ ഭാഷകളും അതത് സമൂഹങ്ങളില്‍ നിര്‍വ്വഹിക്കുന്ന ധര്‍മ്മം ഏതാണ്ട് ഒരുപോലെയാണ്.
മാതൃഭാഷയെക്കുറിച്ചുള്ള ഏത് ചര്‍ച്ചയും ആരംഭിക്കുമ്പോള്‍ ഇക്കാര്യം ഓര്‍മ്മയിലുണ്ടാവണം. ശിക്ഷാ സംസ്‌കൃതി ഉത്ഥാന്‍ ന്യാസിന്റെ കേരള ഘടകമായ വിദ്യാഭ്യാസ വികാസ കേന്ദ്രം മാതൃഭാഷാദിനത്തില്‍ വ്യത്യസ്തമായ പരിപാടികള്‍ സംഘടിപ്പിക്കുന്നത് ഈ ലക്ഷ്യം വെച്ചാണ്. കാശ്മീര്‍ മുതല്‍ കേരളം വരെയുള്ള ഭാരതത്തിലെ മുഴുവന്‍ സംസ്ഥാനങ്ങളിലെയും എല്ലാ ഭാഷകളും സംസാരിക്കുന്നവരെ ഒരേ വേദിയില്‍ കൊണ്ടുവരാന്‍ ഫെബ്രവരി 21 മുതല്‍ മാര്‍ച്ച് 8 വരെ നീളുന്ന വിവിധ പരിപാടികളിലൂടെ അവര്‍ ശ്രമിക്കുന്നു. ഒരു കഥ ഭാരതത്തിലെ ഓരോ ഭാഷകളിലും അവതരിപ്പിക്കുക, ഓരോ ഭാഷകളിലെയും ആദ്യാക്ഷരങ്ങളുടെ രൂപത്തില്‍ ദീപാര്‍ച്ചന നടത്തുക, ഓരോ ഭാഷയിലും വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ കൈയെഴുത്ത് മാസിക നിര്‍മ്മിക്കുക തുടങ്ങിയ പരിപാടികളാണ് വിദ്യാഭ്യാസ വികാസ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്നത്.
മാതൃഭാഷയെക്കുറിച്ചുള്ള ഏത് സംവാദവും വൈകാരികതയില്‍ തുടങ്ങി അതിവൈകാരികതയില്‍ അവസാനിപ്പിക്കുകയാണ് പതിവ്. വൈകാരികതയുടെ ഗുണം അത് പെട്ടെന്ന് ജനശ്രദ്ധയാകര്‍ഷിക്കുന്നുവെന്നതാണ്. എന്നാല്‍ വൈകാരികതയ്‌ക്ക് ആയുസ്സ് അല്പം മാത്രമേയുള്ളൂ. മാതൃഭാഷയെ അമ്മയായും അമ്മയുടെ മുലപ്പാലായും താരാട്ടായും ഒക്കെ കല്പിച്ച് അവതരിപ്പിക്കുമ്പോള്‍ അത് കേട്ടിരിക്കാന്‍ രസമാണ്.
എന്നാല്‍ ആ രസത്തിനപ്പുറം അത് നമ്മുടെ ചിന്തയെയോ അവബോധത്തെയോ കാര്യമായി ചലിപ്പിക്കുന്നില്ല. ഇതെല്ലാം കേട്ട് നമ്മള്‍ വീണ്ടും കൊളോണിയല്‍ അടിമത്തത്തിന്റെ ഭാഗമായ ആംഗലേയഭ്രമവുമായി പെട്ടെന്ന് ഇണങ്ങിജീവിക്കും. മാതൃഭാഷയെന്ന വികാരമൊക്കെ നല്ലതിനു തന്നെ, പക്ഷേ തന്റെ മക്കളെ ഇംഗ്ലീഷ് മീഡിയത്തില്‍ പഠിപ്പിച്ചില്ലെങ്കില്‍ അവരുടെ ഭാവി അവതാളത്തിലാവും എന്ന് ചിന്തിക്കുന്നവരാണ് ഇന്നത്തെ രക്ഷിതാക്കള്‍ മിക്കവരും. അതിനാല്‍ മാതൃഭാഷയെ വൈകാരികതയോടെ സമീപിക്കുന്നതിന് പകരം, യുക്തിയുടെയും യാഥാര്‍ത്ഥ്യത്തിന്റേയും വസ്തുതയുടെയും പ്രതിരോധവഴികളിലൂടെ സമീപിക്കുകയാണ് വേണ്ടത്. ദേശീയവിദ്യാഭ്യാസ നയത്തില്‍ ഭാരതത്തിലെ ഗോത്രഭാഷകളടക്കമുള്ള എല്ലാ പ്രാദേശികഭാഷകളും എങ്ങനെയൊക്കെ പഠനപ്രക്രിയയുടെ ഭാഗമാക്കാം എന്ന് വിശദമായി വ്യക്തമാക്കുന്നുണ്ട്. മാതൃഭാഷയെ സംബന്ധിച്ച ദേശീയവിദ്യാഭ്യാസനയത്തിന്റെ പ്രായോഗികതയില്‍ നമുക്ക് പ്രതീക്ഷയര്‍പ്പിക്കാം.
ഡോ.പി. ശിവപ്രസാദ്
പ്രതികരിക്കാൻ ഇവിടെ എഴുതുക