കൊച്ചി: കേരളത്തിലെ കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്ന സിബിഐ നേരിടുന്നത് പല തരത്തിലുള്ള പ്രതിസന്ധികള്‍. സിബിഐ അന്വേഷിക്കേണ്ട കേസുകളുടെ എണ്ണം, കൈമാറുമ്പോഴുള്ള കേസുകളുടെ അവസ്ഥ, സംസ്ഥാന സര്‍ക്കാരുകളുടെ നിസഹകരണം എന്നിവയടക്കം ഒട്ടേറെ പ്രശ്നങ്ങളാണ്.
കഴിഞ്ഞ ദിവസം ഹൈക്കോടതി അന്വേഷിക്കാന്‍ ഉത്തരവിട്ട ജെസ്ന തിരോധാന കേസിന്റെ കാര്യത്തിലും ഇതെല്ലാം ബാധകമാണ്, വാളയാര്‍ കേസില്‍ അന്വേഷണം ഏറ്റെടുക്കാന്‍ സാധിക്കുമോയെന്ന് പത്തു ദിവസത്തിനകം അറിയിക്കാന്‍ കോടതി കഴിഞ്ഞ ദിവസം നിര്‍ദ്ദേശിച്ചിരുന്നു.
സിബിഐ പ്രത്യേക അന്വേഷണ ഏജന്‍സിയാണ്. സങ്കീര്‍ണമായ കേസുകള്‍ അന്വേഷിക്കാന്‍ ദല്‍ഹി കേന്ദ്രമായി നിയോഗിക്കപ്പെട്ടിരുന്ന ഏജന്‍സിക്ക് ഇപ്പോള്‍ ഒരോ സംസ്ഥാനത്തും കേസുകള്‍ ഏറെയാണ്. കേരളത്തില്‍ മാത്രം അമ്പതോളം കേസുകളാണ് സിബിഐ അന്വേഷിക്കുന്നത്. ഹൈക്കോടതിയിലും പുറത്തുമായി സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നൂറിലേറെ അപേക്ഷകളോ ഹര്‍ജികളോ നിവേദനങ്ങളോ ഉണ്ട്.
സിബിഐക്ക് അതിനു തക്ക തോതില്‍ ഉദ്യോഗസ്ഥരോ ജീവനക്കാരോ ഇല്ല. സംസ്ഥാന സര്‍വീസില്‍നിന്ന് താല്‍ക്കാലിക ജീവനക്കാരായി നിയോഗിക്കപ്പെടുന്നവരുമുണ്ട്. അതിനാല്‍ രാഷ്ട്രീയ ഭിന്നതയും ഉടലെടുക്കാറുണ്ട്. സംസ്ഥാന പോലീസിന്റെ അന്വേഷണത്തിലെ പോരായ്മയെ തുടര്‍ന്നാണ് കേസുകള്‍ സിബിഐയെ ഏല്‍പ്പിക്കുന്നത്. അതിനാല്‍, ഈഗോ പ്രശ്നങ്ങളും തൊഴിലാളി സംഘടനാ രാഷ്ട്രീയം പോലും കേസന്വേഷണത്തെ ബാധിക്കാം.
സിബിഐ കേന്ദ്ര ഏജന്‍സി ആയതിനാല്‍ സംസ്ഥാനങ്ങളിലെ കേസുകള്‍ അവര്‍ അന്വേഷിക്കുന്നതിനോട് വിയോജിപ്പുകളുണ്ട്. അടുത്തിടെ അത് വര്‍ധിച്ചു. കേരളം ഉള്‍പ്പെടെ പല സംസ്ഥാനങ്ങളും ഇതിന് പ്രത്യേക ഉത്തരവിറക്കി സിബിഐയെ വിലക്കി. വിലക്കു മറികടന്ന് ഹൈക്കോടതി നിര്‍ദ്ദേശപ്രകാരം അന്വേഷണത്തിനിറങ്ങുമ്പോള്‍ സംസ്ഥാന സര്‍ക്കാരിന്റെ നിസഹകരണം അന്വേഷണത്തെ ബാധിക്കും. ലൈഫ് മിഷന് കേസിലെ സര്‍ക്കാര്‍ നിലപാടുകള്‍ ഉദാഹരണമാണ്. ഇത് അന്വേഷണ ഏജന്‍സിയുടെ വിശ്വാസ്യതയ്ക്കും വെല്ലുവിളിയാകും.
സിസ്റ്റര്‍ അഭയക്കേസിലെ അന്വേഷണവും പ്രതികള്‍ക്ക് ശിക്ഷ കിട്ടിയതും സിബിഐയുടെ വിശ്വാസ്യത പല മടങ്ങ് കൂട്ടിയിരുന്നു. എങ്കിലും അടിസ്ഥാന പ്രശ്നങ്ങളുണ്ട്. ജെസ്നക്കേസിലും ഇത് ബാധകമാണ്. 2018 ല്‍ പെണ്‍കുട്ടിയെ കാണാതായ കേസ് 2021 ലാണ് സിബിഐക്ക് കൈമാറിയത്. സംസ്ഥാന സര്‍ക്കാര്‍ സിബിഐ അന്വേഷിക്കുന്നതിന് എതിരായിരുന്നു. പോലീസ് അന്വേഷിച്ച് തെളിവുകള്‍ ശേഖരിക്കുകയോ ഇല്ലാതാക്കുകയോ ചെയ്ത കേസാണ്. രാഷ്ട്രീയമായും ‘സെന്‍സിറ്റീവ്’. വളരെ വൈകി സിബിഐക്ക് കേസുകള്‍ കൈമാറുന്നത് വലിയ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നതായി മുതിര്‍ന്ന സിബിഐ ഉദ്യോഗസ്ഥര്‍ തന്നെ സമ്മതിക്കുന്നു.
ഈ ചൊവ്വാഴ്ച വീണ്ടും സുപ്രീം കോടതിയില്‍ പരിഗണനയ്ക്ക് വരുന്ന, പിണറായി വിജയന് പ്രതിയായിരുന്ന എസ്എന്‍സി-ലാവ്ലിന് അഴിമതിക്കേസ്. സിഎജി കണ്ടെത്തിയ അഴിമതിയാണ്. അത് ആരോപണമായി പുറത്തുവന്നത് 2001 ലും. 2003ലാണ് വിജിലന്‍സ് അന്വേഷിച്ചത്. സിബിഐയുടെ കൈയിലെത്തിയത് 2007 ലെ ഹൈക്കോടതി വിധിയിലൂടെ. അതിനകം പല തരത്തില്‍ തെളിവുകള്‍ നശിപ്പിക്കപ്പെട്ടു. കേസില്‍ സിബിഐ കണ്ടെത്തി സമര്‍പ്പിച്ച പല തെളിവുകളും സൂക്ഷ്മ പരിശോധന നടത്താതെ വിധി പറഞ്ഞതിനെതിരേയാണ് സിബിഐ സുപ്രീംകോടതിയില്‍ ‘പോരടിക്കു’ന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: