തിരുവനന്തപുരം : ആഴക്കടല്‍ മത്സ്യ ബന്ധന കരാറുമായി ബന്ധപ്പെട്ട് നിര്‍ണായകമായ രണ്ട് രേഖകള്‍ കൂടി പുറത്ത് വിട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മത്സ്യത്തൊഴിലാളികളെ സര്‍ക്കാര്‍ വഞ്ചിക്കുകയാണ്. ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് ഇപ്പോള്‍ ഉദ്യോഗസ്ഥരെ ബലിയാടാക്കാനാണ് ഇടത് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും വാര്‍ത്താ സമ്മേളനത്തില്‍ രമേശ് ചെന്നിത്തല ആരോപിച്ചു.
ഇഎംസിസി അസന്റില്‍ വച്ച് ഒപ്പുവച്ച ധാരണാ പത്രവും നാല് ഏക്കര്‍ സ്ഥലം അനുവദിച്ച് നല്‍കിയതിന്റെ രേഖയുമാണ് ചെന്നിത്തല പുറത്തുവിട്ടത്. മൂന്ന് വര്‍ഷത്തെ ചര്‍ച്ചകള്‍ക്ക് ശേഷമാണ് കരാറില്‍ ഒപ്പുവെച്ചിരിക്കുന്നത്. മുഖ്യമന്ത്രി അടക്കമുള്ളവരുമായി കമ്പനി അധികൃതര്‍ കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. ഇക്കാര്യങ്ങളെല്ലാം സര്‍ക്കാര്‍ മൂടിവെയ്ക്കുകയാണ്.
ആരോപണങ്ങളോട് മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തിയത് പരസ്പര വിരുദ്ധ മറുപടികളാണ്. ഇത് ദുരൂഹമാണ്. താല് ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് സര്‍ക്കാരിന് മറുപടിയില്ല. ചോദ്യങ്ങളില്‍ നിന്ന് മുഖ്യമന്ത്രിയും മന്ത്രിമാരും ഒളിച്ചോടുകയാണ്.
ഫിഷറീസ് നയത്തിന് വിരുദ്ധമാണെങ്കില്‍ എന്തിന് അസന്റില്‍ വച്ച് ഒപ്പുവെച്ചത്. സര്‍ക്കാരിന് ദുരുദ്ദേശമില്ലെങ്കില്‍ ധാരണാ പത്രം എന്തിനാണ് ധാരണാപത്രം റദ്ദാക്കിയതെന്നും ചെന്നിത്തല ചോദിച്ചു. ഉദ്യോഗസ്ഥരെ ബലിയാടാക്കാനാണ് ഇപ്പോഴത്തെ നീക്കം. പ്രശാന്ത് തന്റെ പ്രൈവറ്റ് സെക്രട്ടറി ആയിരുന്നു. പ്രശാന്തിന് ഉത്തരവാദിത്വമുണ്ടെങ്കില്‍ അദ്ദേഹം അനുഭവിക്കും. ഇതുമായി ബന്ധപ്പെട്ട് പ്രശാന്തുമായോ ഇഎംസിസി പ്രതിനിധികളുമായോ സംസാരിച്ചിട്ടില്ലെന്നും ചെന്നിത്തല പറഞ്ഞു.
അമേരിക്കയില്‍ വച്ച് മന്ത്രി മേഴ്സിക്കുട്ടി ഇഎംസി സിയുമായി ചര്‍ച്ച നടത്തിയെന്ന ആരോപണത്തില്‍ താന്‍ ഉറച്ച് നില്ക്കുന്നു. ആദ്യം ആരെയും കണ്ടില്ലെന്ന് പറഞ്ഞ മന്ത്രിക്ക് താന്‍ ഫോട്ടോ പുറത്ത് വിട്ടതോടെ സമ്മതിക്കേണ്ടി വന്നു. ന്യൂയോര്‍ക്കിലും കേരളത്തിലും വച്ച് ചര്‍ച്ച നടത്തിയിട്ടുണ്ട്. പദ്ധതി നടക്കില്ലെങ്കില്‍ എന്തിന് പള്ളിപ്പുറത്ത് സ്ഥലം അനുവദിച്ചുവെന്ന് സംസ്ഥന സര്‍ക്കാര്‍ വ്യക്തമാക്കണം. കള്ളം കയ്യോടെ പിടിച്ചപ്പോള്‍ ജയരാജന് സമനില തെറ്റിയെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: