തിരുവനന്തപുരം: കരമന കൂടത്തില്‍ കുടുംബത്തില്‍ അവസാനം മരിച്ച ജയമാധവൻ്റേത് കൊലപാതകമെന്ന് പൊലീസ്. കാര്യസ്ഥന്‍ രവീന്ദ്രന്‍ നായര്‍ക്കെതിരെ കൊലക്കുറ്റം ചുമത്താന്‍ പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. അസ്വാഭാവിക മരണത്തിനായിരുന്നു നേരത്തേ പൊലീസ് കേസ് എടുത്തിരുന്നത്. കൊലപാതക കുറ്റത്തിന്റെ വകുപ്പായ 302 കൂടി ഉള്‍പ്പെടുത്തി അന്വേഷിക്കണമെന്നാണ് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. 2017 ഏപ്രില്‍ രണ്ടിന് പുലര്‍ച്ചെയാണ് ജയമാധവന്‍ നായര്‍ മരിച്ചത്.
രാവിലെ എത്തുമ്പോള്‍ തലയടിച്ച് വീണ് മുറിയില്‍ ബോധരഹിതനായി കിടക്കുന്ന ജയമാധവനെയാണ് കണ്ടതെന്നായിരുന്നു കാര്യസ്ഥന്റെ മൊഴി. ഓട്ടോറിക്ഷയില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ലെന്നും ഇയാളുടെ മൊഴിയിലുണ്ടായിരുന്നു. പോസ്റ്റ്‌മോര്‍ട്ടം അടക്കം നടത്താതെ മൃതദേഹം ദഹിപ്പിക്കുകയായിരുന്നു. അന്വേഷണസംഘം വീട്ടില്‍നിന്ന് ശേഖരിച്ച രക്തക്കറ പുരണ്ട തരത്തിലുള്ള പലകകളിലും വിളക്കിന്റെ മറ്റുഭാഗങ്ങളിലും നടത്തിയ ഫോറന്‍സിക് പരിശോധനയില്‍ മാധവന്‍ നായരുടെ രക്തവുമായി സാമ്യമുണ്ടെന്ന് വ്യക്തമായി.
ഇതോടെയാണ് സംഭവം കൊലപാതകമെന്ന് വ്യക്തമായത്. കാര്യസ്ഥന്‍ അടക്കമുള്ളവരുടെ മൊഴികളിലും വൈരുധ്യമുണ്ട്. തുടര്‍ന്നാണ് കൊലപാതക കുറ്റം ചുമത്തണമെന്ന് ആവശ്യപ്പെട്ട് ജില്ലാ ക്രൈം ബ്രാഞ്ച് സംഘം കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. 20 വര്‍ഷത്തിനിടയില്‍ ഈ കുടുംബത്തിലെ ഏഴു പേര്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചിട്ടുണ്ട്. സ്വത്ത് തട്ടിയെടുക്കാന്‍ വേണ്ടിയാണ് ജയമാധവന്‍ നായരെ കൊലപ്പെടുത്തിയതെന്നാണ് പൊലീസിന്റെ നിഗമനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: