മുംബൈ: നാഴികയ്ക്ക് നാല്പത് വട്ടം അദാനിയ്ക്കെതിരെ ആഞ്ഞടിക്കുന്ന രാഹുല്‍ഗാന്ധിയുടെ കോണ്‍ഗ്രസ് പക്ഷെ മഹാരാഷ്ട്രയില്‍ അദാനിയോട് സഖ്യത്തില്‍. അല്ലെങ്കില്‍ കോണ്‍ഗ്രസിന് കൂടി ഭരണപങ്കാളിത്തമുള്ള മഹാരാഷ്ട്രയില്‍ എങ്ങിനെയാണ് ഡിഘി തുറമുഖം അദാനിയ്ക്ക് സ്വന്തമാക്കാന്‍ കഴിയുക?
ഡിഘി തുറമുഖം വികസിപ്പിക്കാനുള്ള ലേലത്തില്‍ അദാനി പോര്‍ട്സ് ആന്റ് സ്പെഷ്യല്‍ ഇക്കണോമിക് സോണ്‍ ലിമിറ്റഡാണ് വിജയിച്ചത്. ഡിഘി പോര്‍ട്ട് ലിമിറ്റഡിനെ 705 കോടി രൂപയ്ക്കാണ് അദാനി സ്വന്തമാക്കിയത്. കടക്കെണിയില്‍ പെട്ട് പാപ്പരത്വനടപടികളിലൂടെ 2018 മുതല്‍ കടന്നുപോകുകയാണ് ഡിഘി തുറമുഖം. മഹാരാഷ്ട്ര സര്‍ക്കാരിന്റെ കീഴിലുള്ള മഹാരാഷ്ട്ര മാരിടൈം ബോര്‍ഡാണ് ഡിഘി തുറമുഖത്തിന്റെ ദൈനംദിന ഭരണം കയ്യാളിയിരുന്നത്. ഇപ്പോള്‍ മഹാരാഷ്ട്ര മാരിടൈം ബോര്‍ഡ് തന്നെ ഡിഘി തുറമുഖത്തിന്റെ അവകാശം അദാനി പോര്‍ട്സിന് കൈമാറിയിരിക്കുകയാണ്.
കോണ്‍ഗ്രസും ശിവസേനയും എന്‍സിപിയും ഭരിയ്ക്കുന്ന മഹാരാഷ്ട്രയില്‍ എങ്ങിനെയാണ് അദാനിയ്ക്ക് ഡിഘി തുറമുഖത്തിന്റെ താക്കോല്‍ കിട്ടിയത്. കോണ്‍ഗ്രസും കൂടി സമ്മതിക്കാതെ അദാനിയ്ക്ക് ആ തുറമുഖം പിടിക്കാന്‍ കഴിയില്ല. ഭൂമി തട്ടിയെടുക്കുന്നയാളെന്നും കൊള്ളലാഭക്കാരനെന്നും കിട്ടുന്ന അവസരങ്ങളിലൊക്കെ അദാനിയെ താഴ്ത്തിക്കെട്ടി സംസാരിക്കുന്ന രാഹുല്‍ ഗാന്ധി എന്തുകൊണ്ട് ഡിഘി തുറമുഖക്കരാര്‍ അദാനിയ്ക്ക് കൊടുക്കുന്നതിനെ എതിര്‍ത്തില്ല? രാഷ്ട്രീയലാഭത്തിന് വേണ്ടിയുള്ള അധരവ്യായാമം മാത്രമാണ് രാഹുല്‍ ഗാന്ധിയുടേതെന്ന് വേണം കരുതാന്‍.
ഈ തുറമുഖം നടത്തിയിരുന്ന വിജയ് കലന്ത്രി എന്ന വ്യവസായി 3,098 കോടിയുടെ കടബാധ്യതകളില്പ്പെട്ടതോടെ ഡിഘി തുറമുഖത്തിന്റെ കഷ്ടകാലം തുടങ്ങി. ബാങ്ക് ഓഫ് ഇന്ത്യ ഉള്‍പ്പെടെ വായ്പ നല്കിയ സ്ഥാപനങ്ങള്‍ക്ക് പല കംപനികളില്‍ നിന്നും തുറമുഖം ഏറ്റെടുക്കാന്‍ താല്പര്യപത്രം കിട്ടിയിരുന്നു. ജെഎന്‍പിടി, വെരിറ്റാസ് കണ്‍സോര്‍ഷ്യം എന്നിവരെ ഒഴിവാക്കി ഒടുവില്‍ അദാനി പോര്‍ട്സിനെ തെരഞ്ഞെടുക്കുകയായിരുന്നു.
ഇതോടെ അദാനി തുറമുഖത്തിന് മഹാരാഷ്ട്രയിലെയും പുണെയിലെയും ബിസിനസുകാര്‍ക്ക് ഡിഘി തുറമുഖത്തിന്റെ സേവനം നല്കാന് കഴിയും. അദാനി പോര്‍ട്സിന്റെ കയ്യില്‍ എത്തുന്ന 12ാമത്തെ തുറമുഖമാണ് ഡിഘി പോര്‍ട്സ്. ഇതോടെ അദാനി പോര്‍ട്സിന്റെ സ്വാധീനമേഖല മഹാരാഷ്ട്രയില്‍ വര്‍ധിക്കും.
ഇനി 10,000 കോടി കൂടി നിക്ഷേപിച്ച് ഡിഘി പോര്‍ട്ടിനെ വികസിപ്പിക്കാനാണ് അദാനിയുടെ പദ്ധതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: