ബംഗളൂരു/മംഗളൂരു: അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണത്തിനായി മുസ്ലിങ്ങള്‍ സംഭാവന നല്‍കരുതെന്ന് ആവശ്യപ്പെട്ട പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ(പിഎഫ്ഐ) ജനറല്‍ സെക്രട്ടറി അനിസ് അഹമ്മദിനെതിരെ കേസ് എടുത്ത് കര്‍ണാടക പൊലീസ്. ആഭ്യന്തരമന്ത്രി ബസവരാജ് ബൊമ്മെയാണ് ഇക്കാര്യം അറിയിച്ചത്. ജനങ്ങളെ ഭിന്നിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള ദേശവിരുദ്ധ പ്രസ്താവനയാണിതെന്ന് അദ്ദേഹം പ്രതികരിച്ചു. ബുധനാഴ്ച ഉല്ലലില്‍ നടന്ന റാലിയിലായിരുന്നു മുസ്ലിം വ്യവസായികളോടും കടയുടമകളോടും ഒരുരൂപ പോലും അയോധ്യയിലെ ക്ഷേത്രനിര്‍മാണത്തിനായി നല്‍കരുതെന്ന് അനിസ് അഹമ്മദ് ആവശ്യപ്പെട്ടത്.
ഇത് രാമക്ഷേത്രമല്ല, ആര്‍എസ്എസ് ക്ഷേത്രമാണ്. ദേശീയ പൗരത്വ രജിസ്റ്റര്‍ ബഹിഷ്കരിച്ചതുപോലെ അവരെയും ബഹിഷ്കരിക്കണമെന്നായിരുന്നു അനിസ് അഹമ്മദിന്റെ പ്രസ്താവന. ഇതേ റാലിയില്‍ നടത്തിയ പ്രസംഗങ്ങളിലൂടെ സമുദായങ്ങള്‍ക്കിടയില്‍ സ്പര്‍ധ വളര്‍ത്താന്‍ ശ്രമിച്ചുവെന്ന് ചൂണ്ടിക്കാട്ടി പിഎഫ്ഐ അംഗങ്ങള്‍ക്കെതിരെ മംഗളൂരു പൊലീസ് വ്യാഴാഴ്ച രണ്ട് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു.
എല്ലാകാര്യങ്ങളെക്കുറിച്ചും മനസിലാക്കാനും നടപടിയെടുക്കാനും ഉല്ലല് പൊലീസിനോട് നിര്‍ദേശിച്ചിട്ടുണ്ടെന്ന് ബൊമ്മെ കൂട്ടിച്ചേര്‍ത്തു. റാലിയില്‍ പാലിക്കേണ്ട നിബന്ധനകള്‍ ലംഘിച്ചതിനും സാമുദായിക സംഘര്‍ഷത്തിന് വഴിവച്ചേക്കാവുന്ന മുദ്രാവാക്യത്തിനുമാണ് അവര്‍ക്കെതിരെ കേസ് എടുത്തിരിക്കുന്നതെന്ന് മംഗളൂരു സിറ്റി പൊലീസ് കമ്മിഷണര്‍ എന്‍ ശശികുമാര്‍ അറിയിച്ചു.
ഒരു എഫ്ഐആറില്‍ ആറുപേരെയും രണ്ടാമത്തേതില്‍ ഏഴു പേരെയും പ്രതിചേര്‍ത്തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിലാണ് രാമക്ഷേത്രം നിര്‍മിക്കുന്നതെന്ന് ആഭ്യന്തരമന്ത്രി പറഞ്ഞു. ഏറ്റവും കൂടുതല്‍ രാജ്യസ്നേഹമുള്ള സംഘടനയായ ആര്‍എസ്എസിനെക്കുറിച്ചാണ് അഹമ്മദ് മോശമായി സംസാരിച്ചതെന്നും ബൊമ്മെ വെള്ളിയാഴ്ച ബംഗളൂരുവില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: