ന്യൂദല്‍ഹി: ഫേസ്ബുക്ക് ഉപയോഗിക്കുന്ന വാര്‍ത്തകള്‍ക്ക് ആസ്ത്രേല്യയിലെ മാധ്യമങ്ങള്‍ക്ക് പണം നല്‍കണമെന്ന സര്‍ക്കാര്‍ തീരുമാനത്തെത്തുടര്‍ന്ന് വാര്‍ത്തകള്‍ക്ക് തന്നെ വിലക്കേര്‍പ്പെടുത്തി ഫേസ്ബുക്കിന്റെ പ്രതിരോധം.
ഫേസ്ബുക്കില്‍ ഉപയോഗിക്കുന്ന വാര്‍ത്തകള്‍ക്ക് അതത് വാര്‍ത്താമാധ്യമങ്ങള്‍ക്ക് പണം നല്‍കണമെന്ന ആസ്ത്രേല്യന്‍ സര്‍ക്കാരിന്റെ അന്ത്യശാസനത്തിന് വാര്‍ത്തകള്‍ ഒന്നും ഷെയര്‍ ചെയ്യാതെ മറുതന്ത്രം മെനഞ്ഞ് സര്‍ക്കാരിനുമേല്‍ സമ്മര്‍ദ്ദം ചെലുത്തുകയാണ് ഫേസ്ബുക്ക്. ആസ്ത്രേല്യയില്‍ വാര്‍ത്തകള്‍ക്ക് പണം നല്‍കിത്തുടങ്ങിയാല്‍ മറ്റ് രാജ്യങ്ങളും ഇതുപോലെ ആവശ്യപ്പെട്ടുതുടങ്ങിയാല് അത് വന്‍ബാധ്യതയാകുമെന്ന ഭയത്തിലാണ് ഫേസ്ബുക്ക്. ഗൂഗിളും ഇതേ ഭയപ്പാടിലാണ്.
കഴിഞ്ഞ ദിവസമാണ് ആസ്ത്രേല്യയിലെ പാര്‍ലമെന്റ് ഇത് സംബന്ധിച്ച് നിയമം പാസാക്കിയത്. ഇതനുസരിച്ച് ഫേസ്ബുക്കും ഗൂഗിളും ആസ്ത്രേല്യയില്‍ നിന്നുള്ള വാര്‍ത്തകള്‍ ഉപയോഗിക്കുംപോള്‍ ആ വാര്‍ത്തകള്‍ സൃഷ്ടിച്ച പത്രങ്ങള്‍ക്കോ, ടിവി ചാനലുകള്‍ക്കോ, ഓണ്‍ലൈന്‍ പത്രങ്ങള്‍ക്കോ പണം നല്‍കണമെന്നതായിരുന്നു തീരുമാനം. ഈ പ്രതിസന്ധിയില്‍ നിന്നും എങ്ങിനെ കരകയറണമെന്ന ചിന്തയിലാണ് ഫേസ്ബുക്കും ഗൂഗിളും.
വെള്ളിയാഴ്ച ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ ആസ്ത്രേല്യന്‍ പ്രധാനമന്ത്രി സ്കോട്ട് മോറിസണ്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിളിച്ചിരുന്നു. രണ്ടുപേരും തമ്മിലുള്ള ഫോണ്‍ സംഭാഷണത്തില്‍ മീഡിയ പ്ലാറ്റ് ഫോം ബില്ലായിരുന്നു പ്രധാന ചര്‍ച്ചാ വിഷയം. വാര്‍ത്തകള്‍ ഫേസ്ബുക്കില്‍ പങ്കുവെക്കുന്ന പ്രസാധകരായ ദിനപത്രങ്ങളെയും ഓണ്‍ലൈന്‍ മാധ്യമങ്ങളെയും ടിവി ചാനലുകളെയും വിലക്കിയുള്ള ഫേസ്ബുക്കിന്റെ ഈ നീക്കത്തിനെ എങ്ങിനെ നേരിടണമെന്നത് സംബന്ധിച്ചായിരുന്നു ചര്‍ച്ച.
തിങ്കളാഴ്ച മുതല്‍ ആസ്ത്രേല്യയിലെ സെനറ്റ് ഈ ബില്‍ ചര്‍ച്ച ചെയ്ത് മിക്കവാറും ഈ ആഴ്ച അവസാനത്തോടെ നിയമം നടപ്പാക്കുമെന്നാണറിയുന്നത്. എന്തായാലും ഫേസ്ബുക്കിനും ഗൂഗിളിനും എതിരെ ആസ്ത്രേല്യന്‍ പ്രധാനമന്ത്രി മോറിസണ്‍ കൂടുതല്‍ രാജ്യങ്ങളുടെ പിന്തുണ ഉറപ്പാക്കുകയാണ്. ഇതിന്റെ ഭാഗമായി കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോ, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍, യുകെ പ്രധാനമന്ത്രി ബോറിസ് ജോണ്സണ് എന്നിവരുമായും മോറിസണ്‍ ഇക്കാര്യം വിശദമായി ചര്‍ച്ച ചെയ്യുന്നുണ്ട്. എല്ലാ രാജ്യങ്ങളും കൂടി ഒരു കൂട്ടായ തീരുമാനമെടുത്താല്‍ അത് ഫേസ്ബുക്കിനും ഗൂഗിളിനും തിരിച്ചടിയാകുമെന്നാണ് കരുതുന്നത്. ഈ പുതിയ സാഹചര്യത്തില്‍ ഓഹരി വിപണിയില്‍ ഫേസ്ബുക്കിന്റെ ഓഹരി വിലയില്‍ ഇടിവ് സംഭവിച്ചുകൊണ്ടിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: