തിരുവനന്തപുരം: ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്റെ നേതൃത്വത്തില്‍ ഉദ്യോഗാര്‍ത്ഥികള്‍ ഗവര്‍ണറെ കണ്ടതിന്റെ പിന്നാലെ രാജ്ഭവനില്‍ നേരിട്ടെത്തി മുഖ്യമന്ത്രി പിണറായി വിജയന്. ആരിഫ് മുഹമ്മദ് ഖാനുമായി കൂടിക്കാഴ്ച നടത്താനാണ് പിണറായി രാജ്ഭവനില്‍ എത്തിയത്. അദേഹം 20 മിനിട്ടോളം ഗവര്‍ണറുമായി കൂടിക്കാഴ്ച്ച നടത്തി. സെക്രട്ടേറിയറ്റിന് മുന്നില്‍ നടക്കുന്ന സമരങ്ങളെക്കുറിച്ച് ഗവര്‍ണര്‍ മുഖ്യമന്ത്രിയോട് വിവരങ്ങള്‍ ആരാഞ്ഞു. ഗവര്‍ണര്‍ വിളിപ്പിക്കുമെന്ന് മുന്‍കൂട്ടികണ്ടാണ് മുഖ്യമന്ത്രി ഇന്നു വൈകിട്ട് പരിപാടികള്‍ റദ്ദാക്കി രാജ്ഭവനില്‍ എത്തിയത്.
ഉദ്യോഗാര്‍ത്ഥികള്‍ സെക്രട്ടേറിയറ്റ് പടിക്കല്‍ നടത്തുന്ന സമരത്തില്‍ തനിക്ക് ആവുന്നതെല്ലാം ചെയ്യുമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് വ്യക്തമാക്കിയിരുന്നു. സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം ചെയ്യുന്ന ഉദ്യോഗാര്‍ഥികളുടെ പ്രതിനിധികള്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് അദേഹം ഈ പ്രതികരണം നടത്തിയത്. തങ്ങള്‍ ഉന്നയിച്ച ആവശ്യങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കാമെന്നും ആവുന്നത് ചെയ്യുമെന്നും ഗവര്‍ണര്‍ ഉറപ്പ് നല്‍കിയതായി കൂടിക്കാഴ്ചയ്ക്ക് ശേഷം ഉദ്യോഗാര്‍ഥികള്‍ പ്രതികരിച്ചിരുന്നു.
സെക്രട്ടേറിയറ്റ് പടിക്കല്‍ ഉപവാസമിരുന്ന ശോഭാ സുരേന്ദ്രനാണ് ഗവര്‍ണറുമായി കൂടിക്കാഴ്ചയ്ക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് വഴിയൊരുക്കിയത്. ഗവര്‍ണറുമായുള്ള ചര്‍ച്ചയില്‍ സന്തോഷമെന്ന് സമരം ചെയ്യുന്ന ഉദ്യോഗാര്‍ഥികള്‍ കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രതികരിച്ചു. ഉദ്യോഗാര്‍ഥികളുടെ പ്രശ്നങ്ങള്‍ ഗവര്‍ണറെ ബോധ്യപ്പെടുത്താന്‍ കഴിഞ്ഞു, ആവശ്യങ്ങള്‍ പരിഗണിക്കുമെന്ന് ഗവര്‍ണര്‍ ഉറപ്പ് നല്കി. തന്നാലാവുന്നത് ചെയ്യാമെന്ന് വാക്ക് നല്‍കിയതായും ഉദ്യോഗാര്‍ഥികള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: