അമ്മേ എന്ന ശബ്ദം കേട്ട ആ മാതാവിന് പെട്ടെന്ന് എല്ലാം മനസ്സിലായി. ശിവ! എന്നു പറഞ്ഞുകൊണ്ട് അദ്ദേഹത്തിന്റെ ശിരസ്സില്‍ കൈവച്ചു. ശരീരത്തിലുണ്ടായിരുന്ന മുറിവിന്റെ പാട് അവര്‍ മനസ്സിലാക്കി. അഫ്സല്ഖാനുമായുണ്ടായ സംഘര്‍ഷത്തില്‍ പറ്റിയ മുറിവിന്റെ പാടായിരുന്നു അത്. നിസ്സംശയം ഇത് എന്റെ ശിവയാണെന്ന് മനസ്സിലാക്കിയ അവര്‍ മാറോട് ചേര്‍ത്ത് കെട്ടിപ്പിടിച്ചു. വാക്കുകൊണ്ട് പ്രകാശിപ്പിക്കാന്‍ സാധിക്കാത്ത ഭാവം കണ്ണുനീരായി ഒഴുകി. രാജഗഡില്‍ ആ വര്‍ത്തമാനം എല്ലായിടവുമെത്തി. ക്ഷണനേരംകൊണ്ട് കസ്തൂരിഗന്ധംപോലെ, ശിവാജി വന്നു എന്ന ശബ്ദം എല്ലായിടവും കേള്‍ക്കായി.
അപ്പോഴത്തെ അവിടുത്തെ ആനന്ദം വര്‍ണനാതീതമാണ്. കോട്ടയ്ക്ക് മുകളില്‍ പീരങ്കിമുഴങ്ങി. പണവം, ശംഖ് മുതലായ വാദ്യങ്ങള്‍ മുഴങ്ങി. ആ മംഗളഘോഷം സമഗ്രമായ സ്വരാജ്യത്ത് ശിവാജിയുടെ ശുഭാഗമനത്തിന്റെ സൂചകമായിരുന്നു. ശിവാജിയുടെ രോമാഞ്ചകാരിയായ സാഹസപ്രവര്‍ത്തനം സ്വരാജ്യത്തെ ജനങ്ങളുടെ സ്വാഭിമാനം ഉയര്‍ത്തി.
ഇങ്ങനെ ആനന്ദമഹോത്സവത്തിനിടയ്ക്ക് എല്ലാവരുടെയും ചോദ്യമിതായിരുന്നു സംഭാജി എവിടെ? സ്വരാജ്യത്തിന്റെ ബാലനായ യുവരാജ എവിടെ? ജീജാബായിയും അത്യന്തം ഉത്സുകതയോടെ ചോദിച്ചു എന്റെ പൗത്രനെവിടെ? ശിവാജി മഹത്വ്യഥാപൂര്വകം പറഞ്ഞു-ദീര്‍ഘദൂരയാത്രയുടെ ക്ലേശം സഹിക്കാനാവാതെ മാര്‍ഗമദ്ധ്യത്തില്‍ അന്തരിച്ചു എന്ന്. സംഭാജിയുടെ മരണാനന്തരക്രിയയും ശാസ്ത്രാനുസാരം ശിവാജി ചെയ്തു. ഒന്‍പത് വയസ്സായ ബാലന്റെ കൈപിടിച്ച് ആഗ്രയില്‍ പോയ അച്ഛന് തിരിച്ച് ഒഴിഞ്ഞ കൈയുമായാണ് വന്നിരിക്കുന്നത്. ജീജാബായിക്ക് പൗത്രന്റെ മരണദുഃഖം സഹിക്കാനായില്ല.
ഈ ദുഃഖവാര്‍ത്തയും എല്ലായിടവും പ്രചരിച്ചു. സ്വരാജ്യത്തിന്റെ അതിര് കടന്ന് ഉത്തരഭാരതത്തിലേക്കും വ്യാപിച്ചു. ആഗ്രാ നഗരത്തിലും ആ വാര്‍ത്ത എത്തി. ഔറംഗസേബിന്റെ ചെവിയിലും. സംഭാജിയുടെ മരണവൃത്താന്തമറിഞ്ഞ ഔറംഗസേബ് സംഭാജിയുടെ വ്യര്‍ത്ഥമായ അന്വേഷണം നിര്ത്താനാജ്ഞാപിച്ചു. അതുകൊണ്ട് രഹസ്യാന്വേഷണ വിഭാഗത്തിന്റെ പ്രവൃത്തി നിര്‍ത്തിവച്ചു. ശിവാജി തൊടുത്തുവിട്ട സമ്മോഹനാസ്ത്രം ലക്ഷ്യത്തില്‍ ചെന്നു തറച്ചു. സംഭാജിയുടെ തിരിച്ചുവരവ് സുഗമമായി. കുറച്ചുകാലത്തിനുശേഷം കൃഷ്ണാജിത്രിമലിന് സംഭാജിയെ കൊണ്ടുവരാനുള്ള സൂചന അയച്ചു. അദ്ദേഹം രാജകുമാരനുമായി സകുശലം രാജഗഡില്‍ എത്തി.
അവസാനം ഔറംഗസേബിന് മനസ്സിലായി ആഗ്രയില്‍നിന്നും അനുമതിയോടും അതുകൂടാതെയും പുറപ്പെട്ട എല്ലാ അതിഥികളും സംഭാജി സഹിതം സകുശലം രാജഗഡില്‍ എത്തി എന്ന്.
മോഹന കണ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: