പുത്രനായ കപില മഹര്‍ഷിയുടെ ഉപദേശമനുസരിച്ച് ജീവിതത്തെ യജ്ഞമാക്കി മാറ്റിയ അമ്മയാണ് ദേവഹൂതിയെന്ന മനുപുത്രി. ദേവഹൂതിയുടെ മൂന്നാമത്തെ പുത്രിയാണ് ശ്രദ്ധ. അനസൂയയുടെ അനുജത്തി. ശ്രദ്ധയെ വിവാഹം കഴിച്ചത് അംഗിരസ് മഹര്‍ഷിയാണ്.
ബ്രഹ്മാവിന്റെ മാനസ പുത്രന്മാരില് ഒരാളാണ് അംഗിരസ്. അനേകം സൃഷ്ടി നടത്തി പ്രജാപതിയായി വാഴാനായിരുന്നു ബ്രഹ്മ നിര്‍ദേശം. എന്നാല്‍ അപ്പൂപ്പനായ മഹാവിഷ്ണുവിന്റെ പാദസേവ ചെയ്യുന്നതിലാണ് അംഗിരസിന്റെ താത്പര്യം. അതിനായി താപസിക മാര്‍ഗം സ്വീകരിച്ചു. ബ്രഹ്മനിര്ദേശത്തെ എതിര്‍ത്തതുമില്ല.
ഏതായാലും ഏറെ നാളത്തെ തപസ്സിനു ശേഷം നിയോഗമനുസരിച്ച് ചില കന്യകമാരെ വധുവായി സ്വീകരിച്ചു. കര്‍ദമ പുത്രിയായ ശ്രദ്ധയേയും ദക്ഷ പുത്രിമാരില്‍ ചിലരേയും വിവാഹം കഴിച്ച് ബ്രഹ്മ നിയോഗം പാലിക്കുകയായിരുന്നു. മഹാഭാരതത്തിലെ അനുശാസനപര്‍വത്തില്‍ അംഗിരസ് അനേകം പുണ്യതീര്ഥങ്ങളെക്കുറിച്ച് വിവരിക്കുന്നുണ്ട്.
ശ്രീമദ് ഭാഗവതത്തില്‍ വൃത്രാസുരന്റെ പൂര്‍വജന്മ വര്‍ണനയില്‍ അംഗിരസിനെക്കുറിച്ച് പറയുന്നുണ്ട്. വൃത്രന് ചിത്രകേതുവായിരുന്നപ്പോള് മക്കളില്ലാത്തതിന് ഏറെ വിഷമിച്ചു. ഒടുവില്‍ അംഗിരസു മഹര്‍ഷിയെ കണ്ട് സങ്കടം പറഞ്ഞു കരഞ്ഞു. ആഗ്രഹങ്ങളെല്ലാം ഉപേക്ഷിച്ച് ജ്ഞാനി മാര്‍ഗം സ്വീകരിക്കുന്നതാണ് ഉചിതമെന്ന് അംഗിരസ് ഉപദേശിച്ചു.
എന്നാല്‍ ഇതൊന്നും കേള്‍ക്കാനുള്ള മാനസിക അവസ്ഥയിലായിരുന്നില്ല ചിത്രകേതു. എന്തൊക്കെ പറഞ്ഞിട്ടും അംഗിരസിനെ വിടാനുള്ള ഭാവമായിരുന്നില്ല അദ്ദേഹത്തിന്. ഈ ജന്മത്തില് സന്താനയോഗം ഉണ്ടാകില്ല എന്നുവരെ പറഞ്ഞു നോക്കി. അതൊന്നും ചിത്രകേതുവിന്റെ ഉള്ളിലേക്ക് കയറിയില്ല.
ഒടുവില്‍ അംഗിരസ് ദിവ്യദൃഷ്ടി ഉപയോഗിച്ച് വീക്ഷിച്ചു. തന്റെ നിരീക്ഷണം ശരിയാണ് സന്താനയോഗമില്ല. പക്ഷേ ചിത്രകേതുവിന് വേണ്ടി എന്തെങ്കിലും ചെയ്യാതെ തനിക്ക് ഇവിടെ നിന്ന് ചലിക്കാനാവില്ല. അഥര്‍വ വേദത്തില്‍ പണ്ഡിതനായിരുന്ന അംഗിരസ് ഒരു മാര്‍ഗം കണ്ടെത്തി. അതു പ്രകാരം ചില പ്രയോഗങ്ങള്‍ നടത്തിയപ്പോള്‍ ചിത്രകേതുവിന്റെ ഭാര്യ കൃതദ്യുതി ഗര്‍ഭിണിയായി. രാജാ ചിത്രകേതുവും ശൂരസേന നിവാസികളും ഏറെ സന്തോഷിച്ചു. എന്നാല്‍ സന്തോഷം ഭാവിച്ച് പിന്നില്‍ നിന്ന് കുത്താനുള്ള ശ്രമവും ചിലരുടെ ഭാഗത്തു നിന്നുണ്ടായി. പക്ഷേ അത് അധികമാരുമറിഞ്ഞില്ല.
ആഘോഷങ്ങള്‍ തുടരവെ കൃതദ്യുതി യഥാസമയം ഒരു ആണ്‍കുട്ടിക്ക് ജന്മം നല്കി. ഒരു കുഞ്ഞു മിടുക്കന്. ചിത്രകേതുവിന്റെ മറ്റു ഭാര്യമാര്‍ ജനങ്ങളുടെയും രാജാവിന്റെയും അതിരില്ലാത്ത സന്തോഷത്തെ ശ്രദ്ധയോടെ നോക്കിക്കണ്ടു. അവര്‍ ചിന്തിച്ചു, രാജാവിന് ഇപ്പോള്‍ കൃതദ്യുതിയോടും കുട്ടിയോടും മാത്രമേ താല്‍പ്പര്യമുള്ളൂ. സപത്നിമാരായ ഞങ്ങളെ ആരേയും ചിത്രകേതു ശ്രദ്ധിക്കുന്നുപോലുമില്ല. രാജാവിന്റെ സ്നേഹം ഒരു റാണിയോട് മാത്രമാണെന്നത് അവര്‍ക്ക് സഹിക്കാനായില്ല.
ഒരു ദിവസം തക്കം കിട്ടിയപ്പോള്‍ അവര്‍ രാജകുമാരന് വിഷം കലര്‍ന്ന ഭക്ഷണം നല്കി. കുമാരന് മരണപ്പെടുകയും ചെയ്തു. ചിത്രകേതുവിന് സഹിക്കാനായില്ല. ഒരു ഭ്രാന്തനെപ്പോലെ അദ്ദേഹം നാലുപാടും താണ്ടി. ഏറെ കിതച്ചു.
നാരദമഹര്‍ഷിയും അംഗിരസും വിവരമറിഞ്ഞ് ഓടിയെത്തി. ചിത്രകേതുവിനെ സമാശ്വസിപ്പിക്കാന്‍ ഏറെ ശ്രമിച്ചു. എന്നാല്‍ അതൊന്നും ഫലവത്തായില്ല. അവര്‍ മറ്റു മാര്‍ഗങ്ങള്‍ അവലംബിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: