തിരുവനന്തപുരം: ആക്കുളം ടൂറിസ്റ്റ് വില്ലേജിന്റെ സമഗ്ര വികസനം ലക്ഷ്യമിട്ടുള്ള പദ്ധതികള്‍ ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന് നാടിന് സമര്‍പ്പിച്ചു. 9.34 കോടി രൂപ ചെലവിട്ടുള്ള ടൂറിസം വില്ലേജിന്റെ രണ്ടാം ഘട്ട വികസന പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനവും ആക്കുളം കായല്‍ പുനരുജ്ജീവന പദ്ധതിയുടെ ശിലാസ്ഥാപനവുമാണ് ആക്കുളം ടൂറിസ്റ്റ് വില്ലേജില്‍ നടന്ന ചടങ്ങില്‍ മന്ത്രി നിര്‍വ്വഹിച്ചത്. കിഫ്ബിയുടെ അംഗീകാരത്തില്‍ 185.23 കോടി രൂപ വിനിയോഗിച്ച് ജനകീയ പങ്കാളിത്തത്തോടെ ശാസ്ത്രീയമായി കായലിനെ സംരക്ഷിക്കുന്നതാണ് പുനരുജ്ജീവന പദ്ധതി.
ആക്കുളം ടൂറിസ്റ്റ് വില്ലേജ് വികസന പ്രവര്‍ത്തനങ്ങളുടെ എല്ലാ ഘട്ടങ്ങളും പൂര്‍ത്തിയാകുമ്പോള്‍ തിരുവനന്തപുരത്തെ ഏറ്റവും പ്രധാന ടൂറിസം കേന്ദ്രമായി ഇത് മാറുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന് പറഞ്ഞു. ആക്കുളത്തെ സംബന്ധിച്ച് ദീര്‍ഘകാലത്തെ സ്വപ്നമാണ് യാഥാര്‍ഥ്യമാകുന്നത്. ചില്‍ഡ്രന്‍സ് പാര്‍ക്കും അനുബന്ധ സൗകര്യങ്ങളും ആകര്‍ഷകമായി വികസിപ്പിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. കായല്‍ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ കുറ്റമറ്റ രീതിയില്‍ പൂര്‍ത്തിയാക്കുകയാണ് അടുത്ത ലക്ഷ്യമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
വിനോദസഞ്ചാര കേന്ദ്രങ്ങളിലെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തി സഞ്ചാരികളെ ആകര്‍ഷിക്കുന്നതിനാണ് ടൂറിസം വകുപ്പ് പ്രാമുഖ്യം നല്‍കുന്നതെന്ന് ടൂറിസം പ്രിന്‍സിപ്പല്‍ സെക്രട്ടറി റാണി ജോര്‍ജ് ഐ.എ.എസ്. പറഞ്ഞു. സംസ്ഥാനത്തെമ്പാടുമുള്ള നിരവധി ടൂറിസം കേന്ദ്രങ്ങളിലെ വികസന, നവീകരണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.
ബൃഹത്തായ ടൂറിസം വികസന സാധ്യതകളുള്ള പ്രദേശമാണ് ആക്കുളമെന്നും ഇവിടെ വിവിധ ഘട്ടങ്ങളിലായി സമഗ്രമായ വികസനം സാധ്യമാക്കാനാണ് ലക്ഷ്യമിടുന്നതെന്നും ടൂറിസം ഡയറക്ടര്‍ പി. ബാലകിരണ്‍ ഐ.എ.എസ്. പറഞ്ഞു. മേയര്‍ ആര്യ രാജേന്ദ്രന് അധ്യക്ഷത വഹിച്ചു. കെ.ടി.ഡി.സി. എം.ഡി. കൃഷ്ണ തേജ മൈലവരപ്പ് ഐ.എ.എസ്., ടൂറിസം വകുപ്പ് ജോയിന്റ് ഡയറക്ടര്‍ കെ.രാജ് കുമാര്‍, നഗരാസൂത്രണ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ആതിര എല്‍.എസ്., കൗണ്‍സിലര്‍ സുരേഷ്കുമാര്‍ എസ്., ബി.ശശികുമാര്‍ എന്നിവര്‍ സംബന്ധിച്ചു.
ടൂറിസ്റ്റ് വില്ലേജിന്റെ രണ്ടാം ഘട്ട വികസന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സൈക്കിള്‍ ട്രാക്ക്, ചില്‍ഡ്രന്‍സ് പാര്‍ക്ക് വികസനം, കൃത്രിമ വെള്ളച്ചാട്ടം, മ്യൂസിക്കല്‍ ഫൗണ്ടൈന്‍, കഫെറ്റീരിയ, ഓഫീസ് റൂം, നീന്തല്‍ക്കുളം നവീകരണം എന്നിവയാണ് തയ്യാറായിട്ടുള്ളത്. 4.5 കോടി രൂപ ചെലവിട്ടാണ് ചില്‍ഡ്രന്‍സ് പാര്‍ക്ക് നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. 4.84 കോടി രൂപ ചെലവിട്ടാണ് മറ്റു വികസന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയത്. 9.34 രൂപ പദ്ധതികള്‍ക്ക് പുറമേ രണ്ട് കോടി രൂപ ചെലവില്‍ ഫ്ളൈറ്റ് സിമുലേറ്റര്‍ മ്യൂസിയം പ്രോജക്ടിന്റെ ജോലികള്‍ പുരോഗമിക്കുകയാണ്.
കാഴ്ചക്കാര്‍ക്ക് മനോഹരമായ അനുഭവം നല്കുന്ന മ്യൂസിക്കല്‍ ഫൗണ്ടൈന്‍ ടൂറിസ്റ്റ് വില്ലേജിലെ പ്രധാന ആകര്‍ഷണമാണ്. സാങ്കേതികവിദ്യയും സൗന്ദര്യാത്മക രൂപകല്‍പ്പനയും കണക്കിലെടുക്കുമ്പോള്‍ ഇന്ത്യയിലെ ഏറ്റവും മികച്ച ജലധാരകളില്‍ ഒന്നാണിത്. ഊരാളുങ്കല്‍ ലേബര്‍ കോണ്ട്രാക്റ്റ് കോപ്പറേറ്റീവ് സൊസൈറ്റി (യുഎല്‍സിസിഎസ്) ലിമിറ്റഡ് നടപ്പിലാക്കിയ ഈ സംഗീത ജലധാര കേരളത്തിന്റെ സമ്പന്നവും വൈവിധ്യപൂര്‍ണ്ണവുമായ സംസ്കാരത്തെക്കുറിച്ചുള്ള അനുഭവം പകര്‍ന്നു നല്കുന്നു. ഡിഎംഎക്സ് ടെക്നോളജി അടിസ്ഥാനമാക്കിയാണ് ജലധാരയുടെ പ്രവര്‍ത്തനം. വെള്ളം, ഭൂമി, വായു എന്നീ ഘടകങ്ങളുടെ ശരിയായ അളവും കൂടിച്ചേരലുമാണ് ജലധാരയെ മനോഹരമായ കാഴ്ചാനുഭവമാക്കി മാറ്റുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: