തിരുവനന്തപുരം: ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും നിലപാടിനൊപ്പമല്ല; മറിച്ച് ലോകമെമ്പാടുമുള്ള അയ്യപ്പഭക്തരുടെ വിശ്വാസത്തിനൊപ്പമാണ് തങ്ങളെന്ന് വ്യക്തമാക്കി പന്തളം കൊട്ടാരം നിര്‍വ്വാഹക സംഘം. യുവതീ പ്രവേശന വിഷയത്തില്‍ ഇപ്പോഴത്തെ ഭരണകൂടത്തിന്റെ സ്വേച്ഛാധിപത്യ നിലപാടുകള്‍ മൂലം അയ്യപ്പഭക്തരുടെ മനസ്സിനേറ്റ മുറിവുകള്‍ ഇപ്പോഴും മായാതെ നില്‍ക്കുകയാണ്. നാമം ജപിച്ചതിന്റെ പേരില്‍ ആയിരക്കണക്കിന് ഭക്തജനങ്ങള്‍ക്കും അമ്മമാര്‍ക്കുമെതിരെ ചുമത്തിയ പതിനായിരക്കണക്കിന് കേസുകള്‍ പിന്‍വലിക്കുന്നതുവരെ അവരോടൊപ്പം പന്തളം കൊട്ടാരം ഉറച്ചുനില്‍ക്കുമെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ പന്തളം കൊട്ടാരം വ്യക്തമാക്കി.
പോസ്റ്റിന്റെ പൂര്‍ണരൂപം-
2018 ഒക്ടോബര്‍ 2-ന്, പന്തളത്തു സംഘടിപ്പിച്ച ആദ്യത്തെ നാമജപ ഘോഷയാത്രയ്ക്ക് നേതൃത്വം നല്‍കിയത് പന്തളം കൊട്ടാരവും, ക്ഷേത്ര ആചാര സംരക്ഷണ സമിതിയും, അനവധി ക്ഷേത്ര ഉപദേശക സമിതികളും, വിവിധ ഹൈന്ദവ സംഘടനകളും, എന്‍. എസ്. എസ്. അടക്കമുള്ള സമുദായ സംഘടനകളും ചേര്‍ന്നാണ്. പന്തളം കൊട്ടാരത്തിന് രാഷ്ട്രീയാതീതമായി എല്ലാ അയ്യപ്പഭക്തരുമായും ആത്മബന്ധമുണ്ട്; എന്നാല്‍ അത് അവരുടെ രാഷ്ട്രീയ നിലപാടിനുള്ള പിന്തുണയല്ല. ഒരു കൊടിയുടെയും പിന്നാലെ പോകരുത് എന്നതായിരുന്നു നാമജപ ഘോഷയാത്രയ്ക്ക് അനുഗ്രഹമരുളിയ പന്തളം വലിയ തമ്പുരാന്റെ ഉപദേശം. ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും നിലപാടിനൊപ്പമല്ല; മറിച്ച് ലോകമെമ്പാടുമുള്ള അയ്യപ്പഭക്തരുടെ വിശ്വാസത്തിനൊപ്പമാണ് പന്തളം കൊട്ടാരം എന്നും നിലനിന്നിട്ടുള്ളതും നിലകൊള്ളുന്നതും.
അയ്യപ്പവിശ്വാസത്തെയും ശബരിമല ആചാരാനുഷ്ഠാനങ്ങളെയും സംരക്ഷിക്കുകയും, ശബരിമലയെ തകര്‍ക്കുവാനുള്ള ശ്രമങ്ങളെ ഭക്തര്‍ക്കൊപ്പം നിന്ന് ചെറുക്കുകയുമാണ് പന്തളം കൊട്ടാരത്തിന്റെ പ്രധാന കര്‍ത്തവ്യം. ഈ പ്രവര്‍ത്തനത്തിനിടയില്‍ ഒപ്പം ചേരുന്നവരും വിട്ടുപോകുന്നവരുമായ വ്യക്തികളുടെ കക്ഷിരാഷ്ട്രീയത്തിലും അവസരവാദത്തിലും സ്വാര്‍ത്ഥതാത്പര്യങ്ങളിലും കൊട്ടാരത്തിന് യാതൊരു ബന്ധവുമില്ല. അത്തരത്തില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികളിലേക്ക് ചേക്കേറുന്നവര്‍ക്ക് കൊട്ടാരം നിര്‍വ്വാഹക സംഘത്തിന്റെയും അദ്ധ്യക്ഷന്റെയും പിന്തുണയുണ്ട് എന്ന് വ്യാജമായി പ്രചരിപ്പിക്കുന്നതിനെ അപഹാസ്യം എന്നേ പറയാന്‍ കഴിയൂ.
ഒരു കാലത്ത് പന്തളം പ്രദേശത്തെ പുരോഗമന പ്രസ്ഥാനങ്ങളുടെ വളര്‍ച്ചയ്ക്ക് നിര്‍ണ്ണായക സംഭാവന നല്‍കിയിട്ടുള്ള പന്തളം കൊട്ടാരം, ഇന്നും ആ ചരിത്രം നിഷേധിക്കുന്നില്ല. യുവതീ പ്രവേശന വിഷയത്തില്‍ ഇപ്പോഴത്തെ ഭരണകൂടത്തിന്റെ സ്വേച്ഛാധിപത്യ നിലപാടുകള്‍ മൂലം അയ്യപ്പഭക്തരുടെ മനസ്സിനേറ്റ മുറിവുകള്‍ ഇപ്പോഴും മായാതെ നില്‍ക്കുകയാണ്. നാമം ജപിച്ചതിന്റെ പേരില്‍ ആയിരക്കണക്കിന് ഭക്തജനങ്ങള്‍ക്കും അമ്മമാര്‍ക്കുമെതിരെ ചുമത്തിയ പതിനായിരക്കണക്കിന് കേസുകള്‍ പിന്‍വലിക്കുന്നതുവരെ അവരോടൊപ്പം പന്തളം കൊട്ടാരം ഉറച്ചുനില്‍ക്കും. ഭഗവാന് അയ്യപ്പസ്വാമിയുടെ പിതൃസ്ഥാനീയരായ പന്തളം കുടുംബത്തിന് എല്ലാത്തരം രാഷ്ട്രീയ പ്രമാണങ്ങള്‍ക്കും പ്രത്യയശാസ്ത്രങ്ങള്‍ക്കും മുകളിലാണ് ക്ഷേത്രവിശ്വാസവും ആചാരാനുഷ്ഠാനങ്ങളും.
വ്യക്തികള്‍ ആരായാലും മണ്ഡലകാലം മറക്കരുത്!
സ്വാമി ശരണം ??
പന്തളം കൊട്ടാരം നിര്‍വ്വാഹക സംഘം
പ്രതികരിക്കാൻ ഇവിടെ എഴുതുക: