കൊച്ചി: സംസ്ഥാനത്ത് സ്വർണവില ഇന്നും കുറഞ്ഞു. വെള്ളിയാഴ്ച ഗ്രാമിന് 40 രൂപയും പവന് 320 രൂപയുമാണ് കുറഞ്ഞത്. സ്വർണം ഗ്രാമിന് 4300 രൂപയും പവന് 34,400 രൂപയുമാണ് ഇന്നത്തെ വില. ആഗോള വിപണിയിലും ഇടിവ് തുടരുകയാണ്. സ്പോട് ഗോൾഡ് വില 0.4 ശതമാനം താഴ്ന്ന് 1769.03 ഡോളറായി.
ഈ വർഷം ഇതുവരെ ആഗോളവിലയിൽ 3 ശതമാനത്തിലേറെ ഇടിവുണ്ടായി. യു എസ് ട്രഷറി ആദായം ഒരു വർഷത്തെ ഉയർന്ന നിലവാരത്തിലെത്തിയതാണ് ആഗോള വിപണിയിൽ സ്വർണ വിലയെ സ്വാധീനിച്ചത്. ദേശീയ വിപണിയിലും വില കുറയുന്നത് തുടരുകയാണ്. എംസിഎക്സിൽ 10 ഗ്രാം 24 കാരറ്റ് സ്വർണത്തിന്റെ വില എട്ടു മാസത്തെ താഴ്ന്ന നിലവാരത്തിലെത്തി. 46,145 രൂപയാണ് പുതിയ നിരക്ക്. കഴിഞ്ഞ ആഗസ്റ്റിലാണ് വില റെക്കോർഡ് നിലവാരമായ 56,200ൽ എത്തിയത്.
വ്യാഴാഴ്ച പവന്റെ വില 280 രൂപകുറഞ്ഞ് 34,720 രൂപയിലെത്തിയിരുന്നു. ബുധനാഴ്ച 35,000 രൂപയായിരുന്നു പവന്റെ വില. ഇതോടെ ഏറ്റവും ഉയർന്ന നിലവാരത്തിൽനിന്ന് സ്വർണവിലിയിലുണ്ടായ ഇടിവ് 7600 രൂപയാണ്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയാണിത്. അഞ്ചു ദിവസമായി വിലയിൽ മാറ്റമില്ലാതെ തുടരുകയായിരുന്ന സ്വർണ വില വ്യാഴാഴ്ചയാണ് വീണ്ടും കുറഞ്ഞത്.
ബജറ്റില്‍ ഇറക്കുമതി തീരുവ കുറച്ചതിനു ശേഷം തുടർച്ചയായി സ്വര്‍ണവിലയില്‍ കുത്തനെ ഇടിവാണ് ഉണ്ടായത്. 5 ദിവസം കൊണ്ട് 1600രൂപയാണ് പവന് കുറഞ്ഞത്. ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച കേന്ദ്ര ബജറ്റില്‍ സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ 12.5 ശതമാനത്തില്‍ നിന്ന് 10 ശതമാനമായി കുറച്ചിരുന്നു. ഇറക്കുമതി തീരുവ കുറച്ചതിലൂടെ സ്വര്‍ണക്കടത്തിന് തടയാൻ കഴിയുമെന്നാണ് വിലയിരുത്തല്‍. സ്വര്‍ണക്കടത്ത് കൂടുന്നുവെന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് തീരുവ കുറയ്ക്കാന്‍ ബജറ്റില്‍ തീരുമാനമുണ്ടായത്. സ്വര്‍ണത്തിനൊപ്പം വെള്ളിയുടെയും ഇറക്കുമതി തീരുവ കുറച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: