ലഖ്നൗ : ഉത്തര്‍പ്രദേശില്‍ അറസ്റ്റിലായ മലയാളികളായ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് ബംഗ്ലാദേശ് ഭീകര സംഘടനകളുമായി ബന്ധമുണ്ടെന്ന് യുപി ഭീകര വിരുദ്ധ സേന. ബംഗ്ലാദേശ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നിരോധിത ഭീകര സംഘടന ജമാ അത്ത് ഉള് മുജാഹിദ്ദീനാണ് രാജ്യത്ത് ആക്രമണം നടത്തുന്നതിനായി ഇവര്‍ക്ക് സഹായങ്ങള്‍ നല്‍കിയത്. പ്രതികളെ ചോദ്യം ചെയ്തതില്‍ നിന്നാണ് എടിഎസ് ഈ വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്.
ആക്രമണത്തിനായി ആയുങ്ങളും സ്ഫോടക വസ്തുക്കളും ജമാ അത്ത് ഉള് മുജാഹിദ്ദീന്‍ എത്തിച്ചു നല്കി. മാസങ്ങള്‍ക്കു മുമ്പ് പ്രതികള്‍ ബംഗ്ലാദേശില്‍ സന്ദര്‍ശനം നടത്തിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഭീകരരുടെ ഹിറ്റ് സ്ക്വാഡില്‍ പ്രവര്‍ത്തിക്കുന്ന അഞ്ച് ഭീകരരെ അന്വേഷണ സംഘം തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവര്‍ക്ക് വിദേശത്തു നിന്നും സാമ്പത്തിക സഹായം ഉള്‍പ്പടെയുള്ളവും ലഭിച്ചിട്ടുണ്ട്.
ഉത്തര്‍പ്രദേശില്‍ ഭീകരാക്രമണത്തിന് പദ്ധതി തയ്യാറാക്കുന്നതിനിടെ ലഖ്നൗവിന് അടുത്തുള്ള കൂക്രയില്‍ നിന്നും കഴിഞ്ഞദിവസമാണ് മലയാളികളായ രണ്ട് പേര് പിടിയിലായത്. യുപി പോലീസിന്റെ സ്പെഷ്യല്‍ ടാസ്ക് ഫോഴ്സാണ് മലയാളികളായ രണ്ട് ഭീകരരെ പിടികൂടിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇവരില്‍ നിന്നും നിരവധി ആയുധങ്ങളും സ്ഫോടക വസ്തുക്കളും പിടിച്ചെടുത്തിട്ടുണ്ട്. ബസന്ത പഞ്ചമി ദിനത്തില്‍ യുപിയില്‍ വ്യാപകമായി സ്ഫോടനങ്ങള്‍ക്കാണ് ഇവര്‍ പദ്ധതിയിട്ടത്.
അറസ്റ്റിലായ രണ്ടുപേര്‍ക്കുമെതിരെ കേരളത്തില്‍ കേസുകളുണ്ട്. എന്നാല്‍ പിടിയിലായ പ്രവര്‍ത്തകര്‍ നിരപരാധികളാണെന്നാണ് പോപ്പുലര്‍ ഫ്രണ്ടിന്റെ വാദം. ഇരുവരും സംഘടനാ വിപുലീകരണ ചുമതലയുമായി ബീഹാര്‍, പശ്ചിമ ബംഗാള്‍ സംസ്ഥാനങ്ങളിലേക്ക് നിയോഗിക്കപ്പെട്ടവരാണെന്നാണ് പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: