കാഞ്ഞങ്ങാട്: പച്ചക്കറികള്‍ക്ക് വില കുതിച്ചുയരുന്നത് സധാരണക്കാരന്റെ കുടുംബ ബജറ്റ് താളം തെറ്റിക്കുന്നു. കര്‍ണാടകയില്‍ നിന്ന് വരുന്ന പച്ചക്കറിക്കും വില വര്‍ധിക്കുന്നത് വ്യാപാരികളെയും ഉപഭോക്താക്കളെയും ഒരുപോലെ ദുരിതത്തിലാക്കുകയാണ്, പയര്‍, ബീന്‍സ്, പീച്ചിങ്ങ എന്നിവക്ക് ഒരാഴ്ചക്കിടെ 10 രൂപ വരെ വ്യത്യാസം രേഖപ്പെടുത്തി. കാരറ്റ്, ബീറ്റ്റൂട്ട്, പച്ചമുളക് എന്നിവയുടെ വിലകളാണ് മാറ്റമില്ലാതെ തുടരുന്നത്. അഞ്ചു മുതല്‍ എട്ടു രൂപ വരെയാണ് പയറിന് വര്‍ധിച്ചത്. മുരിങ്ങ ആണ് വിലയില്‍ താരം, കിലോ വില 160 രൂപ ആയി. 20 രൂപയില്‍ കൂടാത്ത വെണ്ടയ്ക്കയ്ക്ക് ഇന്നലത്തെ വില 60 രൂപ ആയിരുന്നു. ഇടയ്ക്ക് ഇത് 80 രൂപ വരെ ഉയര്‍ന്നിരുന്നു.
കൊവിഡ് പ്രതിസന്ധിയില്‍ നിന്ന് നാട് കരകയറാന്‍ ശ്രമിക്കുന്നതിനിടെ നിത്യോപയോഗ സാധനങ്ങള്‍ക്ക് വില വര്‍ധിക്കുന്നത് ആശങ്കയുണ്ടാക്കുന്നു. ഉല്പാദനത്തില് കാര്യമായ കുറവുണ്ടായതാണ് വില ഉയരാന്‍ ഒരു കാരണം. ഉളളിക്ക് രണ്ടു ദിവസംകൊണ്ടാണ് 10 രൂപയിലധികം വര്‍ധിച്ചത്. 40 രൂപയുണ്ടായിരുന്ന ഉളളി 51ലും 52ലുമെത്തി നില്‍ക്കുകയാണ്. ജനുവരിയില്‍ റെക്കോഡ് വിലക്കുറവില്‍ വിറ്റിരുന്ന ഉരുളക്കിഴങ്ങിനും ഒരാഴ്ചക്കിടെ വില വര്‍ധിച്ചു. നാടന്‍ പച്ചക്കറികള്‍ വില്‍പ്പനക്ക് ലഭിക്കാറുണ്ടെങ്കിലും ഇവര്‍ക്ക് വില അധികമാണ്. വില കൊടുത്തും വാങ്ങാന്‍ ആളുകള്‍ തയാറാണ്. കര്‍ഷകരില്‍ നിന്നും നേരിട്ടാണ് ഇവ വാങ്ങുന്നത്. ഏതെങ്കിലും രണ്ട് നാടന്‍ ഇനങ്ങള്‍ വെച്ചാലേ മറ്റിനങ്ങള്‍ വിറ്റു പോവുകയുള്ളൂവെന്ന് കച്ചവടക്കാര്‍ പറയുന്നു.
വില ഉയര്‍ന്നതോടെ പച്ചക്കറി കിറ്റും മെലിഞ്ഞു. 100 രൂപയുടെ കിറ്റ് പലയിടത്തും കാണാനില്ല. കിട്ടുന്നിടത്താകട്ടെ വണ്ണവും തൂക്കവും കുറഞ്ഞു. വില കുറവുള്ളപ്പോള്‍ 6 കിലോയ്ക്കു മുകളില്‍ പച്ചക്കറി ഉണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോള്‍ പരമാവധി 3.5 കിലോ വരെ മാത്രം. വില ഉയര്‍ന്നതോടെ ഇതല്ലാതെ മറ്റു മാര്‍ഗമില്ല എന്നാണ് വ്യാപാരികളുടെ പക്ഷം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: