പാനൂര്‍: പൊയിലൂര്‍ വെങ്ങത്തോട് ക്വാറിക്കെതിരെ നാട്ടുകാര്‍ സമരം ആരംഭിച്ചു. കഴിഞ്ഞ 13 വര്‍ഷമായി പ്രവര്‍ത്തിക്കാത്ത ക്വാറിക്ക് കഴിഞ്ഞദിവസം ഹൈക്കോടതി പ്രവര്‍ത്തന അനുമതി നല്‍കിയിരുന്നു. ഇന്നലെ കാലത്ത് പോലീസ് അകമ്പടിയോടെ ക്വാറി പ്രവര്‍ത്തനം ആരംഭിച്ചപ്പോഴാണ് സമരം ആരംഭിച്ചത്.
സ്ത്രീകള്‍ ഉള്‍പ്പെടെ നിരവധി പേര് സമരത്തില്‍ പങ്കെടുത്തു. ബിജെപി സംസ്ഥാന സമിതിയംഗം പി. സത്യപ്രകാശ് സമരം ഉദ്ഘാടനം ചെയ്തു. വി.പി. സുരേന്ദ്രന്, മനോജ് പൊയിലൂര്‍, പ്രമോദ് തുടങ്ങിയവര്‍ സംസാരിച്ചു. സമരത്തില്‍ പങ്കെടുത്ത സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവരെ പോലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തു നീക്കി. കൊളവല്ലൂര്‍ പോലീസ് സിഐയുടെ നേതൃത്വത്തില്‍ വന്‍ പോലീസ് സംഘം സ്ഥലത്തെത്തിയിരുന്നു. തുടര്‍ന്ന് സമരസമിതി പ്രവര്‍ത്തകര്‍ക്ക് നേരെ പോലീസ് ലാത്തിവീശി. പോലീസ് അതിക്രമത്തില്‍ പരിക്കേറ്റ കരുവച്ചാല്‍ രവീന്ദ്രനെ കുന്നോത്തുപറമ്പ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സമരസമിതി പ്രവര്‍ത്തകരെ മര്‍ദ്ദിച്ച് അറസ്റ്റ്ചെയ്ത പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് 2 മണി മുതല്‍ വൈകുന്നേരം 6 മണി വരെ പൊയിലൂര്‍ മേഖലയില്‍ ഹര്‍ത്താല്‍ ആചരിച്ചു. ഇന്ന് തൃപ്പങ്ങോട്ടൂര്‍ പഞ്ചായത്തിലെ എല്ലാ ക്വാറികളും സമരസമിതി പ്രവര്‍ത്തകര്‍ സ്തംഭിപ്പിക്കുമെന്ന് സമരസമിതി അറിയിച്ചു.
തൃപ്പങ്ങോട്ടൂര്‍ പഞ്ചായത്തില്‍ നിരവധി ക്വാറികള്‍ പ്രവര്‍ത്തിച്ചുവരുന്നുണ്ട്. ജനങ്ങളുടെ ജീവനും കാര്‍ഷിക ഭൂമിക്കും ഭീഷണിയാണ് ഈ ക്വാറികള്‍. വാഴമല, നരിക്കോട് മല ക്വാറികളാല്‍ നിറഞ്ഞിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: